Quantcast

പിന്‍വലിച്ച ഐടി നിയമപ്രകാരം എടുത്തത് ആയിരത്തിലധികം കേസുകള്‍; രൂക്ഷ വിമര്‍ശനവുമായി കോടതി

ഇല്ലാത്ത നിയമം ഉപയോഗിച്ച് പൗരന്‍മര്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും കോടതി.

MediaOne Logo

Web Desk

  • Published:

    14 July 2021 10:03 PM IST

പിന്‍വലിച്ച ഐടി നിയമപ്രകാരം എടുത്തത് ആയിരത്തിലധികം കേസുകള്‍; രൂക്ഷ വിമര്‍ശനവുമായി കോടതി
X

നിലവിലില്ലാത്ത ഐ.ടി നിയമത്തിന്റെ പേരില്‍ തുടര്‍ന്നും കേസെടുക്കുന്നത് നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പിന്‍വലിച്ച ഐ.ടി നിയമം 66 A പ്രകാരം ആളുകളെ വീണ്ടും കേസില്‍പെടുത്തുന്നത് ചോദ്യം ചെയ്ത സുപ്രീംകോടതി നടപടിയെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിവാദമായ ഐ.ടി നിയമം 66 A സുപ്രീംകോടതി പിന്‍വലിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരില്‍ ഉപയോക്താക്കളെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന നിയമം, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി എടുത്തുകളഞ്ഞത്. 2015 മാര്‍ച്ചിലായിരുന്നു സുപ്രധാന വിധിയിലൂടെ കോടതി നിയമം പിന്‍വലിച്ചത്.

പിന്‍വലിച്ച നിയമങ്ങളുടെ പേരില്‍ ചുമത്തിയ കേസുകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലില്ലാത്ത നിയമത്തിന്റെ പേരില്‍ ആയിരത്തിലധികം കേസുകളാണ് എടുത്തിരിക്കുന്നതെന്ന് ഒരു കേസിന്റെ വാദത്തിനിടെ മനസിലാക്കിയ സുപ്രീംകോടതി, സംഭവം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. ഇല്ലാത്ത നിയമം ഉപയോഗിച്ച് പൗരന്‍മര്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ജസ്റ്റിസ് ആര്‍ നരിമാന്‍, കെ.എം ജോസഫ്, ബി.ആര്‍ ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

നിയമം എടുത്തു കളഞ്ഞ ശേഷവും മഹാരാഷ്ട്രയില്‍ 381 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഝാര്‍ഖണ്ടില്‍ 291, ഉത്തര്‍പ്രദേശില്‍ 245, രാജസ്ഥാന്‍ 192 കേസുകളും ഇല്ലാത്ത നിയമപ്രകാരം നടപടിയെടുത്തതായി പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി എന്ന സംഘടന കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു.

TAGS :

Next Story