Quantcast

'ക്രിസ്ത്യൻ ദേവാലയങ്ങൾക്കെതിരായ അക്രമം ഞെട്ടിക്കുന്നു'; മണിപ്പൂർ സംഘർഷത്തെ അപലപിച്ച് കത്തോലിക്കാ സഭ

'സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സർക്കാരിന്റെ ഭാഗത്തുനിന്ന് കർശനമായ നടപടികളും ആവശ്യമായ ജാഗ്രതയും ആവശ്യമാണ്.'

MediaOne Logo

Web Desk

  • Updated:

    2023-05-06 10:22:33.0

Published:

6 May 2023 9:26 AM GMT

Catholic Church condemns Manipur conflict, Catholic Bishops Conference of India president Mar Andrews Manipur violence
X

ഇംഫാൽ: മണിപ്പൂർ സംഘർഷത്തെ അപലപിച്ച് കത്തോലിക്കാ സഭ. സംസ്ഥാനത്ത് നിരവധി ആരാധനാലയങ്ങൾക്ക് തീയിട്ടിരിക്കുകയാണെന്ന് കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സി.ബി.സി.ഐ) അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു. സ്ഥിതിഗതികൾ ഇപ്പോഴും ആശങ്കാജനകമാണെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

മണിപ്പൂരിൽ നിരവധി ആരാധനാലയങ്ങൾ തീയിട്ടിരിക്കുകയാണ്. പള്ളികൾക്കെതിരെയുള്ള ആക്രമണം ഞെട്ടിക്കുന്നതാണ്. നിരവധി പേർക്കു പലായനം ചെയ്യേണ്ടിവന്നിരിക്കുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സർക്കാരിന്റെ ഭാഗത്തുനിന്ന് കർശനമായ നടപടികളും ആവശ്യമായ ജാഗ്രതയും ആവശ്യമാണെന്നും വാർത്താകുറിപ്പിൽ മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. എത്രയും വേഗത്തിൽ കേന്ദ്ര സർക്കാരും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യമുണ്ട്.

മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻവേട്ടയാണെന്ന് ബംഗളൂരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 41 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള, സമാധാനപൂർണമായ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ക്രിസ്ത്യൻവേട്ട ശക്തിയാർജിക്കുന്നത് ആശജങ്കാജനകമാണ്. 1974ൽ നിർമിച്ച പള്ളികളും വീടുകളും അഗ്നിക്കിരയാക്കപ്പെട്ടതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മെയ്തി സമുദായത്ത എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിരെ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലുള്ള ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂനിയൻ മണിപ്പൂർ (എ.ടി.എസ്.യു.എം) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ ട്രൈബൽ ചർച്ചസ് ലീഡേഴ്സ് ഫോറം(ടി.സി.എൽ.എഫ്) മാർച്ചിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗോത്ര വർഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ പങ്കെടുത്ത റാലിയിൽ ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഇതിനു പിന്നാലെ ക്രിസ്ത്യൻ ദേവാലയങ്ങളും വീടുകളും തിരഞ്ഞുപിടിച്ച് വ്യാപക ആക്രമണം നടക്കുകയാണ്.

TAGS :

Next Story