Quantcast

സിഎഎ ഇന്ത്യയുടെ അഭ്യന്തര കാര്യം'; വിമർശനവുമായി വിദേശകാര്യ മന്ത്രാലയം

പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കയറിയിച്ച് ജോ ബൈഡൻ ഭരണകൂടം രംഗത്ത്

MediaOne Logo

Web Desk

  • Published:

    15 March 2024 11:40 AM GMT

സിഎഎ ഇന്ത്യയുടെ അഭ്യന്തര കാര്യം;   വിമർശനവുമായി വിദേശകാര്യ മന്ത്രാലയം
X

ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിൽ അമേരിക്ക ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തിനെതിരെ, രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അനാവശ്യവും തെറ്റായ വിവരങ്ങളടങ്ങിയുമാണ് അമേരിക്കയുടെ ആശങ്ക എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇത് ഇന്ത്യയുടെ അഭ്യന്തര കാര്യമാണ് അതിൽ അമേരിക്ക ഇടപെടേണ്ടതില്ല എന്നും മന്ത്രാലയം പറഞ്ഞു.

'സിഎഎ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവന, തെറ്റായതും തെറ്റായ വിവരമുള്ളതും അനാവശ്യവുമാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം'- എന്നായിരുന്നു വിദേശകാര്യ വക്താവ് രൺവീർ ജയ്‌സ്വാൾ പറഞ്ഞത്.

ഇന്ത്യൻ ഭരണഘടന അതിലെ എല്ലാ പൗരൻമാർക്കും മതസ്വാതന്ത്രൃം ഉറപ്പ് നൽകുന്നുണ്ടെന്നും ജയസ്വാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കയറിയിച്ച് ജോ ബൈഡൻ ഭരണകൂടം രംഗത്തുവന്നത്. സി.എ.എ വിജ്ഞാപനത്തെകുറിച്ച് ആശങ്കയുണ്ടെന്നും വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു.എസ് വക്താവ് മാത്യു മില്ലർ അറിയിച്ചു. 'ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങൾക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണ്' മില്ലർ കൂട്ടിച്ചേർത്തു.

അമേരിക്കയിലെ ഹിന്ദുത്വ ഗ്രൂപ്പുകൾ സിഎഎ സ്വാഗതം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബൈഡൻ ഭരണകൂടത്തിന്റെ പ്രസ്താവന.

അതേസമയം സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. എന്നാൽ പൗരത്വ നിയമഭേദഗതി നിയമം കേന്ദ്രസർക്കാർ പിൻവലിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട്. സി.എ.എയുടെ കാര്യത്തിൽ സർക്കാരിന് ഒരു വിട്ടുവീഴ്ചയുമില്ല. രാജ്യത്തെ പൗരന്മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും നിയമം മുസ്ലിം വിരുദ്ധമല്ലെന്നും വർത്താ ഏജൻസിയായ എ.എൻ.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.

TAGS :

Next Story