സിനിമയുടെ പേരുമാറ്റത്തിനുള്ള അധികാരം; സെന്‍സര്‍ ബോര്‍ഡിന്റേത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: സിബി മലയില്‍
ഇതിനെതിരെ സിനിമാ മേഖലയിലുള്ളവര്‍ ഒരുമിച്ച് രംഗത്തുവരണമെന്നും സിബി മലയില്‍

എറണാകുളം: സെന്‍സറിങ് നടപടികളിലെ കര്‍ശന നിയന്ത്രണത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സിബി മലയില്‍. സിനിമയുടെ തുടക്കം മുതല്‍ ടൈറ്റില്‍ മനസില്‍ ഉണ്ടാകുമെന്നും സെന്‍സര്‍ ബോര്‍ഡിന് പേര് മാറ്റാന്‍ അനുമതി നൽകികൊണ്ടുള്ള നിർദേശം വലിയ വെല്ലുവിളിയാണെന്നും സിബി മലയില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍സര്‍ ബോര്‍ഡിന് പേരുമാറ്റത്തിനുള്ള അധികാരം നല്‍കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സിബി മലയില്‍ പ്രതികരിച്ചു. ഇനിയങ്ങോട്ട് കഥയും അഭിനേതാക്കളെയും മറ്റുള്ളവര്‍ നിര്‍ണയിക്കുന്ന കാലം വന്നേക്കും. ഇതെല്ലാം പ്രധാനമായും ബാധിക്കുന്നത് പണം മുടക്കുന്ന നിര്‍മാതാക്കളെ തന്നെയാണ്. ഇതിനെതിരെ സിനിമാ മേഖലയിലുള്ളവര്‍ ഒരുമിച്ച് രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, സിബിഎഫ്‌സി അംഗം പ്രിയദര്‍ശന്‍ എന്നിവരെയും കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും സിബി മലയില്‍ പറഞ്ഞു.
പുതിയ നടപടി രാഷ്ട്രിയ പ്രേരിതമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. സിനിമയെ സംബന്ധിച്ച് ഈ ബ്യൂറോക്രാറ്റിക് നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. ഓള്‍ ഇന്ത്യ ഫിലിം ഫെഡറേഷന്റെ പിന്തുണ കര്‍ശന നിയന്ത്രണത്തിന് എതിരാണ്. മറ്റ് ഭാഷകളിലെ സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
നിര്‍മ്മാതാക്കള്‍ രജിസ്റ്റര്‍ ചെയ്യുന്ന പേര് അന്തിമമായിരിക്കില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന പേര് സ്വീകരിക്കേണ്ടി വരുമെന്നുമാണ് പുതിയ വ്യവസ്ഥ. ചിത്രീകരണം പൂര്‍ത്തിയാകാത്ത സിനിമകളുടെ സെന്‍സറിങ് അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു.
സിനിമയുടെ ഫൈനല്‍ കോപ്പി മാത്രമേ സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിക്കാവൂ. ചിത്രീകരണം പുരോഗമിക്കുന്ന ഘട്ടത്തിലോ അതിന് മുമ്പോ അപേക്ഷ നല്‍കാന്‍ കഴിയില്ല. റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാരണത്താല്‍ സെന്‍സറിങ് നടപടികള്‍ വേഗത്തിലാക്കാനും സാധിക്കില്ല.
എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ വൈകിയാല്‍ സിനിമകളുടെ റിലീസ് നീളാനും നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. റിലീസ് തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടും സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ക്ക് സമയപരിധി ഉറപ്പില്ലാത്തത് സിനിമാ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
Adjust Story Font
16

