Quantcast

കേന്ദ്രം വഴങ്ങി: സുപ്രിംകോടതിയിലേക്ക് 5 പുതിയ ജഡ്ജിമാർ

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കൊളീജിയവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഏറെ ചർച്ചയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-04 15:56:53.0

Published:

4 Feb 2023 1:46 PM GMT

Supreme court, Adani
X

Supreme court

ന്യൂഡൽഹി: സുപ്രിംകോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാർ, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര, പട്‌ന ഹൈക്കോടതി ജഡ്ജ് അസദുദ്ദീൻ അമാനത്തുള്ള എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കൊളീജിയവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇതിനിടയിലാണ് 5 ജഡ്ജിമാരെ നിയമിച്ച് സുപ്രിംകോടതി ഉത്തരവിറക്കിയിരിക്കുന്നത്. ഡി.വി ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബർ 13ന് പേരുകൾ ശിപാർശ ചെയ്തിരുന്നെങ്കിലും സ്വരച്ചേർച്ചകളെ തുടർന്ന് അന്തിമ തീരുമാനം വൈകുകയായിരുന്നു.

ഹൈക്കോടതിയിൽ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 ആണ്. അതേസമയം സുപ്രിംകോടതിയിലിത് 65 വയസ്സാണ്. കൊളീജിയം ശിപാർശ ചെയ്ത അഞ്ച് പേരിൽ ഒരാൾക്ക് വിരമിക്കാൻ 18 ദിവസം മാത്രം നിലനിൽക്കെ ഫയൽ രാഷ്ട്രപതിക്ക് അയച്ചു നൽകുമെന്നും പെട്ടന്ന് തീരുമാനമുണ്ടാകുമെന്നും അറ്റോർണി ജനറൽ വെങ്കിട്ട രമണി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിലും ഉടൻ തീരുമാനമുണ്ടായേക്കും.

നിയമനത്തിന് കൊളീജിയം ശുപാർശ നൽകി രണ്ടുമാസത്തിനു ശേഷമാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്. കൊളീജിയം ശുപാർശ ചെയ്ത പേരുകൾക്ക് അംഗീകാരം നൽകുന്നത് വൈകുന്നതുമായി ബന്ധപ്പട്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തെ അതൃപ്തി അറിയിച്ചിരുന്നു. വിഷയം ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന്, വിഷയത്തിൽ ഞായറാഴ്ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിക്ക് ഉറപ്പു നൽകിയിരുന്നു .അഞ്ച് നിയുക്ത ജഡ്ജിമാർ സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരുടെ അംഗസംഖ്യ 32 ആകും. നിലവിൽ, ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 27 ജസ്റ്റിസുമാരാണ് സുപ്രീം കോടതിയിലുള്ളത്.

TAGS :

Next Story