Quantcast

'എട്ടു വർഷം, കേന്ദ്രം ഒരു കുടുംബത്തിൽനിന്ന് ഊറ്റിയത് ഒരു ലക്ഷം രൂപയുടെ ഇന്ധനനികുതി'; കണക്കുനിരത്തി പി ചിദംബരം

"ക്രൂഡ് ഓയില്‍ വില നൂറിന് മുകളില്‍ നില്‍ക്കുന്ന കാലത്ത് 70 രൂപയ്ക്ക് പെട്രോള്‍ ലഭിച്ചു"

MediaOne Logo

Web Desk

  • Published:

    6 April 2022 9:30 AM GMT

എട്ടു വർഷം, കേന്ദ്രം ഒരു കുടുംബത്തിൽനിന്ന് ഊറ്റിയത് ഒരു ലക്ഷം രൂപയുടെ ഇന്ധനനികുതി; കണക്കുനിരത്തി പി ചിദംബരം
X

ന്യൂഡൽഹി: എട്ടു വർഷത്തിനിടെ ഇന്ധന നികുതിയിനത്തിൽ കേന്ദ്രസർക്കാർ സമാഹരിച്ചത് 26,51,919 കോടി രൂപയെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇന്ത്യയിൽ ഏകദേശം 26 കോടി കുടുംബങ്ങളുണ്ട് എന്നും അങ്ങനെയെങ്കിൽ ഒരു കുടുംബത്തിൽനിന്ന് ശരാശരി ഒരു ലക്ഷം രൂപയാണ് നികുതിയായി പിരിച്ചെടുത്തത് എന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.

'ഗവൺമെന്റിന്റെ പ്രധാന വരുമാനം ചരക്കു സേവന നികുതിയും ഇന്ധന നികുതിയുമാണ്. സർക്കാറിന്റെ സ്വർണഖനിയാണ് രണ്ടാമത്തേത്. ഓരോ മിനിറ്റിലും, ഓരോ ദിവസത്തിലും നികുതി ദായകർ സ്വർണം കുഴിച്ച് കൈമാറുമെന്ന് ഗവൺമെന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. മോദി ഗവൺമെന്റ് അധികാരമേറുമ്പോഴും ഇപ്പോഴുമുള്ള എക്‌സൈസ് തീരുവ നോക്കൂ. 2014 മെയ് മാസത്തില്‍ പെട്രോൾ ലിറ്ററിന് 9.20 രൂപയും ഡീസലിന് 3.46 രൂപയുമായിരുന്നു എക്‌സൈസ് നികുതി. ഇപ്പോഴത് യഥാക്രമം 26.90 രൂപയും 21.80 രൂപയുമാണ്. പെട്രോൾ ലിറ്ററിന് അന്ന് 71.41 രൂപയായിരുന്നു എങ്കിൽ ഇപ്പോൾ 101-116 രൂപയാണ്. ഡീസൽ വില അന്ന് 55.49 രൂപയായിരുന്നു. ഇന്ന് 96-100 രൂപ. എൽ.പി.ജി സിലിണ്ടറിന്റെ വില 410ൽ നിന്ന് 949-1000 രൂപയായി. പിഎൻജി 25.50 രൂപയിൽനിന്ന് 36.61 ആയി. ഒരു കിലോ സിഎൻജിയുടെ വില 35.20 രൂപയിൽനിന്ന് 67-79 രൂപയായി' - ചിദംബരം എഴുതി.

2014 മെയിൽ ക്രൂഡ് ഓയിൽ വില ബാരൽ ഒന്നിന് 108 രൂപയായിരുന്നു എന്നും 2019-20ൽ ക്രൂഡ് ഓയിൽ ബാരൽ വില ശരാശരി 60 രൂപയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2014 മുതൽ സർക്കാർ സമാഹരിച്ച വരുമാനം ( തുക കോടിയില്‍) അദ്ദേഹം ലേഖനത്തിൽ എടുത്തുകാണിക്കുന്നു. അതിപ്രകാരം;

2014-15- 1,72,065

2015-16- 2,54,297

2016-17- 3,35,175

2017-18- 3,36,163

2018-19- 3,48,041

2019-20- 3,34,315

2020-21- 4,55,069

2021-22 - 4,16,794 (പ്രതീക്ഷിതം)

സാധാരണക്കാരിൽ നിന്നും ഇടത്തരക്കാരിൽ നിന്നും വൻ തുക ഊറ്റിയ ശേഷം അത് സാമൂഹ്യക്ഷേമ തുകയായി സർക്കാർ കൈമാറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി.

വില ഇന്നും കൂട്ടി

അതിനിടെ, ഇന്ന് ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വർധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 115 രൂപ 34 പൈസയും ഡീസലിന് 102 രൂപ 24 പൈസയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 117രൂപ 8 പൈസയും ഡീസലിന് 103 രൂപ 84 പൈസയുമാണ് . കൊച്ചിയിൽ പെട്രോളിന് 115 രൂപ 20 പൈസയും ഡീസലിന് 102 രൂപ 11 പൈസയുമാണ് വില. പതിനഞ്ച് ദിവസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് 10 രൂപ 89 പൈസയും ഡീസലിന് 10 രൂപ 52 പൈസയുമാണ് കൂട്ടിയത്.

TAGS :

Next Story