Quantcast

'30 മിനിറ്റ് ദേശീയ താല്പര്യമുള്ള പരിപാടികൾക്ക് മാറ്റി വെക്കണം'; ചാനലുകൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

പുതുക്കിയ അപ്‌ലിങ്കിംഗ്, ഡൗൺലിങ്കിംഗ് മാർഗനിർദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

MediaOne Logo

Web Desk

  • Updated:

    2022-11-09 16:59:52.0

Published:

9 Nov 2022 10:21 AM GMT

30 മിനിറ്റ് ദേശീയ താല്പര്യമുള്ള പരിപാടികൾക്ക് മാറ്റി വെക്കണം; ചാനലുകൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ
X

ഡല്‍ഹി: ദേശീയ താൽപര്യം മുൻനിർത്തി എല്ലാ ദിവസവും 30 മിനിറ്റ് പരിപാടി സംപ്രേഷണം ചെയ്യണമെന്ന് ടി വി ചാനലുകൾക്ക് കേന്ദ്രസർക്കാർ നിർദേശം. പുതുക്കിയ അപ്‌ലിങ്കിംഗ്, ഡൗൺലിങ്കിംഗ് മാർഗനിർദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി .

എന്നാൽ രാജ്യതാത്പര്യം മുൻ നിർത്തിയുള്ള പരിപാടി എന്താണെന്ന് വിശദീകരിക്കാതെയാണ് ചാനൽ ഉള്ളടക്കത്തിൽ 30 മിനുട്ട് നീക്കിവെക്കണമെന്ന പുതുക്കിയ മാർഗ്ഗ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 11 വർഷം മുൻപ് അപ്‌ ലിങ്കിംഗ് ഡൗൺ ലിങ്കിംഗ് മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പരിഷ്‌കരിച്ചപ്പോഴും ചാനലുകളുടെ ഉള്ളടക്കത്തിൽ ഇടപെടുന്ന തരത്തിലുള്ള നിർദേശങ്ങൾ ഉണ്ടായിരുന്നില്ല. കൃഷി, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ടുള്ള പരിപാടികൾ നിർബന്ധമായും സംപ്രേഷണം ചെയ്യാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ടെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.

ദൃശ്യ മാധ്യമ വ്യവസായം ആയാസ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭേദഗതികൾ കൊണ്ട് വരുന്നത് എന്നാണ് വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നിലപാട്. തത്സമയ സംപ്രേഷണത്തിനോ ഇതിനായി ഉപയോഗിക്കുന്ന ഡിഎസ്എൻജി ഒഴികെയുള്ള ഉപാധികൾക്കോ ഇതോടെ പ്രത്യേക അനുമതി തേടേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലുകളുടെ ഗുണ നിലവാരം ഹൈ ഡെഫിനിഷനിലേക്ക് മാറ്റുന്നതിനോ ഭാഷാ മാറ്റത്തിനോ ഇനി മുതൽ പുതിയ മാർഗനിർദേശപ്രകാരം മുൻകൂർ അനുമതിയും ആവശ്യമില്ല. നിയമലംഘനത്തിനുള്ള ഏകീകൃത പിഴ ശിക്ഷ മാറ്റി പകരം നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷയിൽ മാറ്റം വരുത്താനും പുതിയ ഭേദഗതിയിൽ നിർദേശമുണ്ട്.

TAGS :

Next Story