Quantcast

ഓക്സിജന്‍ കിട്ടാതെ എത്ര പേര്‍ മരിച്ചു? സംസ്ഥാനങ്ങളോട് കേന്ദ്രം

വര്‍ഷകാല സമ്മേളനം അവസാനിക്കും മുന്‍പ് വിവരം പാര്‍ലമെന്‍റില്‍ ധരിപ്പിക്കാനാണ് കേന്ദ്ര നീക്കം

MediaOne Logo

Web Desk

  • Published:

    27 July 2021 4:35 PM GMT

ഓക്സിജന്‍ കിട്ടാതെ എത്ര പേര്‍ മരിച്ചു? സംസ്ഥാനങ്ങളോട് കേന്ദ്രം
X

കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ കിട്ടാതെ എത്ര പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം അവസാനിക്കും മുന്‍പ് വിവരം പാര്‍ലമെന്‍റില്‍ ധരിപ്പിക്കാനാണ് കേന്ദ്ര നീക്കം. ആഗസ്ത് 13നാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുക.

കോവിഡ് രണ്ടാം തരംഗത്തിനിടെ രോഗവ്യാപനം രൂക്ഷമായപ്പോള്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യതയില്‍ ക്ഷാമമുണ്ടായി. പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. മെയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഗോവയില്‍ 80 പേരാണ് ഇത്തരത്തില്‍ മരിച്ചത്. ആന്ധ്രയിലെ തിരുപ്പതിയില്‍ കോവിഡ് ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ച 11 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ 21 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവം ഹൈക്കോടതിയിലെത്തുകയും ചെയ്തു.

ഇതുപോലെ നിരവധി സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ്. സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്‍റില്‍ പറഞ്ഞു. ആരോഗ്യമെന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് സംയോജിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീണ്‍ രാജ്യസഭയെ അറിയിച്ചു.

ഈ സര്‍ക്കാര്‍ ജനങ്ങളെ പരിഗണിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഓക്സിജനില്ലാതെ മരിക്കുന്നതിന് ജനങ്ങള്‍ സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story