'കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രം വഞ്ചിച്ചു'; ഒമർ അബ്ദുല്ല
സംസ്ഥാന പദവി നൽകുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ഒമർ അബ്ദുല്ല പറഞ്ഞു

ശ്രീനഗർ: ലഡാക്കിനെയും ജമ്മു കശ്മീരിനെയും കേന്ദ്രം വഞ്ചിച്ചുവെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. സംസ്ഥാന പദവി നൽകുന്നതിൽ കാലതാമസം വരുത്തുകയാണ്. എത്രയും പെട്ടെന്ന് സംസ്ഥാന പദവി നൽകണമെന്നും ഒമർ അബ്ദുല്ല ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിനും ലഡാക്കിനും സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്തിനാണ് ഇതിൽ കാലതാമസം വരുത്തുന്നതെന്ന് ഒമർ അബ്ദുല്ല ചോദിച്ചു. സുപ്രിം കോടതിയുടെ നിർദേശപ്രകാരം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുകയും ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരുകയും ചെയ്തിരുന്നു. ബിജെപി അധികാരത്തിലില്ലാത്തതുകൊണ്ടാണോ സംസ്ഥാനപദവി നൽകാത്തതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി നിരന്തരമായ സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമരനേതാവ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭത്തിൽ നാലു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോൾ സംസ്ഥാന പദവി നൽകുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. കാർഗിൽ ഡെമോക്രാറ്റിക് അലയൻസിലെയും അപെക്സ് ബോഡി ലേയിലെയും പ്രതിനിധി സംഘവുമായാണ് ചർച്ച.
ജമ്മു കശ്മീരിനെ വിഭജിച്ച് 2019 ലാണ് സർക്കാർ ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത്. സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂൾ ബാധകമാക്കുന്നതിനുമായി വർഷങ്ങളായി സമരം നടന്നുകൊണ്ടിരിക്കുകയാണ്.
Adjust Story Font
16

