Quantcast

ബെന്‍സ് ഉള്‍പ്പെടെ 28 കാറുകള്‍, 29 ബൈക്കുകള്‍ ; കമ്പനി നല്‍കിയ ദീപാവലി സമ്മാനങ്ങള്‍ കണ്ട് ഞെട്ടി ജീവനക്കാര്‍

2005ല്‍ സ്ഥാപിതമായ കമ്പനിയില്‍ 180 ഓളം ജീവനക്കാരുണ്ട്

MediaOne Logo

Web Desk

  • Published:

    14 Oct 2024 1:24 PM IST

Diwali gifts
X

ചെന്നൈ: ഉത്സവ സീസണുകളില്‍ ജീവനക്കാര്‍ക്ക് ബോണസുകളും പ്രത്യേക സമ്മാനങ്ങളും നല്‍കുക പല കമ്പനികളുടെയും പതിവാണ്. അത്തരത്തില്‍ കാറുകളും ബൈക്കുകളുമൊക്കെ നല്‍കിയ കമ്പനികളുമുണ്ട്. ചെന്നൈയിലെ ഒരു കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. മെഴ്സിഡസ് ബെന്‍സ് ഉള്‍പ്പെടെ 28 കാറുകളും 29 ബൈക്കുകളുമാണ് ദീപാവലി സമ്മാനമായി നല്‍കിയത്.

ചെന്നൈയിലെ സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിംഗ് സമ്മാനമാണ് ജീവനക്കാരെ സമ്മാനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചത്. ഹ്യുണ്ടായ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും മികച്ച കാറുകൾ നല്‍കി കമ്പനി തങ്ങളുടെ ജീവനക്കാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചു. 2005ല്‍ സ്ഥാപിതമായ കമ്പനിയില്‍ 180 ഓളം ജീവനക്കാരുണ്ട്. ഓരോരുത്തരുടെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സമ്മാനം നല്‍കിയതെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്രീധര്‍ കണ്ണന്‍ പറഞ്ഞു. “കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ അവരുടെ (ജീവനക്കാരുടെ) അശ്രാന്ത പരിശ്രമത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ജീവനക്കാർ ഞങ്ങളുടെ ഏറ്റവും വലിയ ആസ്തിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ജീവനക്കാർ അസാധാരണമായ പ്രതിബദ്ധതയും അർപ്പണബോധവും പ്രകടിപ്പിച്ചു, അവരുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു," കണ്ണന്‍റെ വാക്കുകളെ ഉദ്ധരിച്ച് കന്നഡ പത്രമായ വാര്‍ത്താ ഭാരതി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാദ്യമായല്ല കമ്പനി തങ്ങളുടെ ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നത്. 2022ൽ രണ്ട് മുതിർന്ന ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകിയിരുന്നു. “വളരെ മിടുക്കരായ ഉദ്യോഗാർത്ഥികളെ ഞങ്ങൾ തെരഞ്ഞെടുക്കുന്നു, ഒരു കാറോ ബൈക്കോ വാങ്ങുക എന്നത് അവർക്ക് ഒരു സ്വപ്നം പോലെയാണ്.ഞങ്ങൾ ജീവനക്കാർക്ക് ബൈക്കുകൾ സമ്മാനിച്ചു. 2022 ൽ രണ്ട് മുതിർന്ന സഹപ്രവർത്തകർക്ക് കാർ നല്‍കി. ഇന്ന് 28 കാറുകള്‍ സമ്മാനിച്ചു'' കണ്ണന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, ജീവനക്കാരുടെ വിവാഹങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ധനസഹായം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പ്രചോദിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് എം.ഡി പറയുന്നു. ജീവനക്കാരുടെ ക്ഷേമത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് കണ്ണൻ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story