Quantcast

'നിയമപ്രകാരം കോഴി മൃഗമാണ്'; ഹൈക്കോടതിയിൽ ഗുജറാത്ത് സർക്കാർ

കോഴിയെ മൃഗമായി കണക്കാക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടാൽ കശാപ്പുശാലകളിൽ മാത്രമേ അവയെ അറുക്കാനാകൂ.

MediaOne Logo

Web Desk

  • Published:

    1 April 2023 6:09 AM GMT

Chicken
X

അഹമ്മദാബാദ്: കോഴി മൃഗമാണോ പക്ഷിയാണോ എന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകി സംസ്ഥാന സർക്കാർ. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നത് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അനിമൽ വെൽഫെയർ ഫൗണ്ടേഷൻ, അഹിംസ മഹാസംഘ് എന്നീ സന്നദ്ധ സംഘടനകളാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പക്ഷികളെ ഇറച്ചിക്കടകൾക്ക് അറുക്കാനായി വിതരണം ചെയ്യുന്നത് നിരോധിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. കശാപ്പുശാലകളിൽ വച്ചാണ് കോഴികളെ അറുക്കേണ്ടതെന്നും ഹർജിയിൽ പറയുന്നു.

നിയമലംഘനം ആരോപിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങൾ ഇറച്ചിക്കടകളിൽ ഈയിടെ പരിശോധന നടത്തുകയും അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. കോഴി വിൽപ്പനയ്ക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തെത്തുകയും വിഷയത്തില്‍ ഹര്‍ജി നല്‍കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് എൻവി അൻജാരിയ, ജസ്റ്റിസ് നിരൾ മേത്ത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ഹർജികളിൽ വിശദീകരണം നൽകവെ ഗവൺമെന്റ് പ്ലീഡർ മനീഷ ലവ്കുമാറാണ് കോഴികൾ മൃഗനിയമ പരിധിയിൽ വരുന്നതാണെന്ന് വ്യക്തമാക്കിയത്. മത്സ്യങ്ങൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും അഭിഭാഷകൻ അറിയിച്ചു. കോഴികളെ കശാപ്പുശാലകളിൽ വച്ച് അറുക്കുന്നത് പ്രായോഗികമല്ലെന്ന് കോഴിക്കടയുടമകൾക്ക് വേണ്ടി ഹാജരായ അഡ്വ. കവിന വാദിച്ചു. കശാപ്പുശാലയില്‍ മറ്റു മൃഗങ്ങളെ അറുക്കുന്നതിന് മുമ്പും ശേഷവും മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കോഴികളുടെ കാര്യത്തിൽ അതെങ്ങനെ സാധ്യമാകും- അവർ ചോദിച്ചു.

കോഴിയെ മൃഗമായി മാത്രമേ കണക്കാക്കാനാകൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടാൽ, പിന്നീട് കശാപ്പുശാലകളിൽ മാത്രമേ കോഴിയെ അറുക്കാനാകൂ. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട കോഴിക്കടകളെ പ്രതിസന്ധിയിലാക്കുന്ന വിധിയാകുമത്.




TAGS :

Next Story