Quantcast

കുനാൽ കമ്രയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ്: ചീഫ് ജസ്റ്റിസ് പിന്മാറി

അര്‍ണബിന് ജാമ്യം നൽകിയ ജഡ്ജിമാരിൽ താനും ഉൾപ്പെട്ടതിനാൽ കുനാൽ കമ്രക്കെതിരായ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

MediaOne Logo

Web Desk

  • Published:

    5 Jan 2023 3:19 PM GMT

കുനാൽ കമ്രയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ്: ചീഫ് ജസ്റ്റിസ് പിന്മാറി
X

ഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാൽ കമ്രയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പിന്മാറി. റിപബ്ലിക് ടിവി എഡിറ്റര്‍ അർണബ് ഗോസ്വാമിക്ക് ആത്മഹത്യാ പ്രേരണ കേസിൽ ജാമ്യം അനുവദിച്ച സുപ്രിംകോടതി ഉത്തരവിനെതിരായ ട്വീറ്റുകളുടെ പേരിലാണ് കുനാല്‍ കമ്ര കോടതിയലക്ഷ്യ നടപടി നേരിടുന്നത്. ജാമ്യം നൽകിയ ജഡ്ജിമാരിൽ താനും ഉൾപ്പെട്ടതിനാൽ കുനാല്‍ കമ്രക്കെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.

ആര്‍ക്കിടെക്റ്റ് അൻവയ് നായികും അമ്മയും ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായി ഒരാഴ്ചയ്ക്ക് ശേഷം അർണബ് ഗോസ്വാമിക്ക് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിനെതിരെയായിരുന്നു കുനാല്‍ കമ്രയുടെ ട്വീറ്റ്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനർജിയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് അര്‍ണബിന് ജാമ്യം അനുവദിച്ചത്. "ഒരു ഭരണഘടനാ കോടതി എന്ന നിലയിൽ ഞങ്ങൾ നിയമം സ്ഥാപിക്കുകയും സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെ ആര് ചെയ്യും?" എന്ന് ചോദിച്ചുകൊണ്ടാണ് കോടതി അര്‍ണബിന് ജാമ്യം അനുവദിച്ചത്.

വിധിയെക്കുറിച്ചുള്ള തന്റെ ട്വീറ്റുകളുടെ പേരില്‍ ക്ഷമാപണം നടത്താന്‍ തയ്യാറല്ലെന്ന് കുനാൽ കമ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ വിമർശനം ഹാസ്യാത്മകമാണെന്നാണ് കുനാല്‍ കമ്ര വിശദീകരിച്ചത്- "തമാശകൾക്ക് പ്രതിരോധം ആവശ്യമില്ല. അത് കൊമേഡിയന്‍റെ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിയമ വ്യവസ്ഥയിലുള്ള ആളുകളുടെ വിശ്വാസം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ട്വീറ്റ് ചെയ്തത്".

പല കോടതികളുടെയും പല തീരുമാനങ്ങളോടും തനിക്ക് വിയോജിപ്പുണ്ടെന്നും കുനാല്‍ കമ്ര പറഞ്ഞു. എന്നാല്‍ കുനാല്‍ കമ്ര തമാശയ്ക്കും അവഹേളനത്തിനും ഇടയിലെ അതിർവരമ്പ് ലംഘിച്ചെന്ന് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് അന്നത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറയുകയുണ്ടായി.

Summary- Supreme Court Chief Justice DY Chandrachud has recused himself from hearing a contempt petition against stand-up comedian Kunal Kamra.

TAGS :

Next Story