'മുഖ്യമന്ത്രി മുസ്‌ലിംകൾക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്നു'; ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ ഗൗരവ് ഗൊഗോയ്
' വിവാദത്തിലേക്ക് തന്റെ പ്രായപൂർത്തിയാകാത്ത മക്കളെ വലിച്ചിഴച്ച മുഖ്യമന്ത്രിക്കെതിരെ നിയമപരമായ നടപടിയെടുക്കും'- ഗൗരവ് ഗൊഗോയ്

- Updated:
2026-02-09 10:18:06.0

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുകയാണെന്നും ഇതിനെതിരെ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. ഹിമന്ത ബിശ്വ ശർമ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അസം ബിജെപി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് നീക്കം ചെയ്ത വിഡിയോയെ കുറിച്ച് പറയുകയായിരുന്നു ഗൗരവ് ഗൊഗോയ്.
വിഡിയോയിൽ ശർമ്മ ഒരു റൈഫിൾ ഉപയോഗിച്ച് രണ്ട് വ്യക്തികളെ ലക്ഷ്യം വെക്കുന്നതായാണ് കാണിക്കുന്നത്. ഇതിൽ ഒരാൾ നിസ്‌കാരത്തൊപ്പി ധരിച്ചയാളും മറ്റൊരാൾ താടി വെച്ചയാളുമാണ്. 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരുന്നത്. ഈ വിഡിയോ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഗോഗോയ് പറഞ്ഞു. മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ 'വിദ്വേഷകരവും അപകടകരവുമായ' കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
ഗൗരവ് ഗൊഗോയ്ക്കും കുടുംബത്തിനും പാക്കിസ്താനുമായി ബന്ധമുണ്ടെന്ന ഹിമന്ത ബിശ്വ ശർമയുടെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. ' തന്റെ ഭാര്യ 2013-ൽ ജോലിയുടെ ഭാഗമായി പാക്കിസ്താനിലേക്ക് പോയിട്ടുണ്ട്. അതേ വർഷം ഡിസംബറിൽ 10 ദിവസത്തെ സന്ദർശനത്തിനായി താൻ അവരോടൊപ്പം പോയിട്ടുണ്ട്. അതിനപ്പുറം മറ്റ് ബന്ധങ്ങളില്ല. ഇതിനെ കുറിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചു. എന്നാൽ, അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നില്ല. മുഖ്യമന്ത്രിയുടെ ആരോപണത്തെ സാധൂകരിക്കുന്ന ഒന്നും കണ്ടെത്താത്തത് കൊണ്ടാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തതെന്നും ഗൗരവ് ഗോഗോയ് പറഞ്ഞു. വിവാദത്തിലേക്ക് തന്റെ പ്രായപൂർത്തിയാകാത്ത മക്കളെ വലിച്ചിഴച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ നിയമപരമായ നടപടിയെടുക്കും ഗൗരവ് ഗൊഗോയ് പറഞ്ഞു.
Adjust Story Font
16
