Quantcast

സിവില്‍ സര്‍വീസ്: ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്ക്

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്

MediaOne Logo

Web Desk

  • Updated:

    2023-05-23 11:33:46.0

Published:

23 May 2023 11:18 AM GMT

civil service first four ranks for girls
X

Ishita Kishore

ഡല്‍ഹി: സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ശ്രീറാം കോളജ് ഓഫ് കൊമേഴ്സില്‍ നിന്നും സാമ്പത്തികശാസ്ത്രത്തിലാണ് ഇഷിത ബിരുദം സ്വന്തമാക്കിയത്. ഇഷിത കിഷോർ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ഒന്നാമതെത്തിയത്. നേരത്തെയുള്ള രണ്ട് ശ്രമത്തിലും പ്രാഥമിക ഘട്ടം പോലും കടക്കാൻ ഇഷിതയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (ഐ.എ.എസ്) ചേരാനാണ് താത്പര്യമെന്ന് ഇഷിത പറഞ്ഞു. പൊളിറ്റിക്കല്‍ സയന്‍സും ഇന്‍റര്‍നാഷണല്‍ റിലേഷന്‍സുമായിരുന്നു ഇഷിതയുടെ ഒപ്ഷണല്‍ വിഷയങ്ങള്‍.

ഗരിമ ലോഹ്യയാണ് രണ്ടാമത്. ഉമ ഹരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. ഗരിമയും സ്മൃതിയും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണ്. കിരോരിമൽ കോളജിൽ നിന്നാണ് ഗരിമ ലോഹ്യ കൊമേഴ്‌സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. സ്മൃതി മിശ്ര മിറാൻഡ ഹൗസ് കോളേജിലെ ബി.എസ്.സി വിദ്യാര്‍ഥിയായിരുന്നു. ഉമ ഹരതിയാവട്ടെ ഐ.ഐ.ടി ഹൈദരാബാദില്‍ നിന്നാണ് ബിടെക് പഠനം പൂര്‍ത്തിയാക്കിയത്.

ആദ്യ പത്തില്‍ ആറ് റാങ്കുകള്‍ സ്വന്തമാക്കിയത് പെണ്‍കുട്ടികളാണ്. മലയാളിയായ ഗഹന നവ്യ ജയിംസിനാണ് ആറാം റാങ്ക്. കോട്ടയം പാല സ്വദേശിയാണ് ഗഹന. പാലയിലാണ് ഡിഗ്രിയും പി.ജിയും പൂർത്തിയാക്കിയത്. ഇപ്പോൾ എം.ജി യൂണിവേഴ്‌സിറ്റിയിൽ ഐ.ആർ ആന്‍റ് പൊളിറ്റിക്‌സിൽ പി.എച്ച്.ഡി ചെയ്യുകയാണ് ഗഹന.

തന്റെ രണ്ടാം പരിശ്രമത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് ഗഹന പറയുന്നു. ആദ്യ ശ്രമത്തിൽ പ്രിലിംസ് പോലും കടക്കാനായില്ല. കോച്ചിങ്ങില്ലാതെ സ്വയമാണ് പഠിച്ചത്. ചെറുപ്പം മുതലേ സ്വയം പഠിക്കാനായിരുന്നു കൂടുതൽ ഇഷ്ടമെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു.

ദിവസവും പത്രം മുടങ്ങാതെ വായിക്കും. പിന്നെ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും മനസിലാക്കും.അല്ലാതെ ടൈം ടേബിൾ വെച്ച് പഠിക്കുന്ന ശീലമില്ലെന്നും ഗഹന പറയുന്നു. ചെറുപ്പം മുതലേ സിവിൽ സർവീസ് മോഹം ഉള്ളിലുണ്ട്. ജപ്പാനിൽ ഇന്ത്യൻ അംബാസിഡറായ സിബി ജോർജ് ഗഹന നവ്യയുടെ അമ്മയുടെ സഹോദരനാണ്. അദ്ദേഹവും ഇക്കാര്യത്തിൽ ഏറെ സഹായിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കണം എന്നുമാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. എന്നാൽ ഇത്രയും മികച്ച റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഗഹന പറയുന്നു. പാലാ സെന്റ് തോമസ് കോളജ് റിട്ട.ഹിന്ദി പ്രൊഫ.സി.കെ ജെയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ് ഗഹന നവ്യ ജെയിംസ്.

2021ലും ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കിയത് പെണ്‍കുട്ടികളായിരുന്നു. ഈ വര്‍ഷം 933 പേരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ജനറൽ വിഭാഗത്തിൽ നിന്ന് 345 ഉദ്യോഗാർഥികളും ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്ന് 99 ഉദ്യോഗാർഥികളും ഒബിസി വിഭാഗത്തിൽ നിന്ന് 263 ഉദ്യോഗാർഥികളും എസ്സി വിഭാഗത്തിൽ നിന്ന് 154 ഉദ്യോഗാർഥികളും എസ്ടി വിഭാഗത്തിൽ നിന്ന് 72 ഉദ്യോഗാർഥികളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2022 ജൂൺ 5നാണ് പ്രിലിമിനറി പരീക്ഷ നടന്നത്. മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടന്നു. അഭിമുഖ പരീക്ഷ മെയ് 18നാണ് അവസാനിച്ചത്.


Summary- The Union Public Service Commission (UPSC) has released the Civil Services Examination Final Result 2022. The first four ranks for girls.

TAGS :

Next Story