Quantcast

വെറുപ്പ് വിലപ്പോയില്ല; ശ്രുതി ശർമ്മയുടെ വിജയത്തിൽ തിളങ്ങി ജാമിഅ

2010ൽ സ്ഥാപിതമായ ശേഷം 260 ലേറെ സിവിൽ സർവീസ് ജേതാക്കളെ സംഭാവന സ്ഥാപനമാണ് ജാമിഅ ആർസിഎ.

MediaOne Logo

Web Desk

  • Published:

    31 May 2022 6:56 AM GMT

വെറുപ്പ് വിലപ്പോയില്ല; ശ്രുതി ശർമ്മയുടെ വിജയത്തിൽ തിളങ്ങി ജാമിഅ
X

ന്യൂഡൽഹി: യു.പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ ശ്രുതി ശർമ്മയുടെ വിജയത്തിന് സവിശേഷതകളേറെ. സിവിൽ സർവീസ് ജിഹാദ് നടക്കുന്നു എന്ന് സംഘ്പരിവാർ ആരോപിച്ച ജാമിഅ മില്ലിയ്യ സർവകലാശാലയ്ക്കു കീഴിലെ റസിഡൻഷ്യൽ കോച്ചിങ് ആക്കാദമിയിൽ (ആർസിഎ) നിന്നാണ് ശ്രുതി ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയിൽ വിജയം കൊയ്തത്. ശ്രുതി മാത്രമല്ല, 2010ൽ സ്ഥാപിതമായ ശേഷം 260 ലേറെ സിവിൽ സർവീസ് ജേതാക്കളെ സംഭാവന സ്ഥാപനമാണ് ആർസിഎ.

'2010ൽ തുടക്കം കുറിച്ചതു മുതൽ 266 സിവിൽ സര്‍വീസ് ജേതാക്കളെയും 403 സംസ്ഥാന-കേന്ദ്ര സർവീസ് സർവന്റുകളെയും ആർസിഎ വിജയിപ്പിച്ചിട്ടുണ്ട്. ജുനൈദ് അഹ്‌മദ്, ഫൈസ് ആഖിൽ അഹ്‌മദ് തുടങ്ങിയ യു.പി.എസ്.സി ടോപ്പർമാരും ഇവരിലുണ്ട്' - ജാമിഅ പിആർഒ അഹ്‌മദ് അസീം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

'അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനമാണ് ആർസിഎ നൽകിക്കൊണ്ടിരിക്കുന്നത്. സിവിൽ സർവീസിനും മറ്റു മത്സരപ്പരീക്ഷകൾക്കും ആവശ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. അഖിലേന്ത്യ പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികൾ സ്ഥാപനത്തിൽ അഡ്മിഷൻ നേടുന്നത്' - അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച അധ്യാപകർ, ലൈബ്രറി, ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യൂ, ക്യാംപസ് അന്തരീക്ഷം എന്നിവയാണ് ആർസിഎയുടെ പ്രത്യേകതയെന്ന് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് താരിഖ് പറയുന്നു.


'മുഖർജി നഗർ, രജീന്ദർ നഗർ തുടങ്ങിയ സ്ഥലനങ്ങളിൽനിന്നുള്ള പ്രൊഫഷണൽ ട്രയിനർമാരാണ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നത്. ഇകണോമിക്‌സ്, ഹിസ്റ്ററി തുടങ്ങിയ ഏതാനും വിഷയങ്ങൾക്ക് മാത്രം സർവകലാശാലയിലെ അധ്യാപകരെ ക്ഷണിക്കും. 200 ക്ലാസ് സംഘടിപ്പിക്കുമ്പോൾ അഞ്ചാറെണ്ണത്തിൽ മാത്രമേ ജാമിഅയുടെ അധ്യാപകരുണ്ടാകാറുള്ളൂ. ബാക്കിയെല്ലാം പുറത്തുന്നുള്ള പരിശീലകരാണ്' - താരിഖ് കൂട്ടിച്ചേർത്തു.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോസഫ് കോളജിൽനിന്നാണ് ശ്രുതി ശർമ്മ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദത്തിനായി ജവഹർ ലാൽ നെഹ്‌റു സർവകലാശാലയിൽ ചേർന്നു. ഇടയ്ക്ക് ജെഎൻയു പഠനം നിർത്തി ഡൽഹി സ്‌കൂൾ ഓഫ് എകണോമിക്‌സിൽ ചേർന്നു. പിജി പൂർത്തിയാക്കിയ ശേഷമാണ് ജാമിഅ റസിഡൻഷ്യൽ കോച്ചിങ് അക്കാദമിയിൽ ചേർന്നത്.

സുദർശൻ ന്യൂസിന്റെ ആരോപണം

സിവിൽ സർവീസ് മേഖലയിലേക്ക് മുസ്‌ലിംകൾക്ക് നുഴഞ്ഞു കയറാനുള്ള കേന്ദ്രമാണ് ജാമിഅയിലേത് എന്നും യു.പി.എസ്.സി ജിഹാദാണ് നടക്കുന്നത് എന്നും സംഘ്പരിവാർ ചാനലായ സുദർശൻ ന്യൂസ് ആരോപിച്ചതോടെയാണ് കേന്ദ്രം വാർത്താ പ്രാധാന്യം നേടിയത്. 2020ലായിരുന്നു ഇതുമായി ബന്ധപ്പെട്ട സ്റ്റോറി.

ബിന്ദാസ് ബോൽ എന്ന സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവ്ഹാങ്കെയുടെ പരിപാടിയിലായിരുന്നു ഈ ആരോപണം. പരാതിയെ തുടർന്ന് പരിപാടിയുടെ സംപ്രേഷണം സുപ്രിം കോടതി വിലക്കിയിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠമെന്ന നിലയിൽ ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരിപാടികൾ സംപ്രേഷണം ചെയ്യാൻ അനുവദിക്കില്ല എന്നാണ് കേസ് പരിഗണിച്ച ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര, കെഎം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയിരുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ മാധ്യമങ്ങൾക്ക് എന്തുമാകാം എന്ന് കരുതരുതെന്നും കോടതി മുന്നറിയിപ്പു നൽകിയിരുന്നു.

അതിനിടെ, യു.പി.എസ്.സി പട്ടികയിൽ 685 പേരാണ് ഇടം പിടിച്ചത്. ഇതിൽ ഒമ്പത് മലയാളികളാണുള്ളത്. അങ്കിത അഗർവാളിനാണ് രണ്ടാം റാങ്ക്. ഗാമിനി സിംഗ്ല മൂന്നാം റാങ്കും ഐശ്വര്യ വർമ നാലാം റാങ്കു നേടിയത്. ആദ്യ നാലു റാങ്കുകളും നേടിയത് വനിതകളാണ്.


TAGS :

Next Story