'സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലെടുക്കാത്തത് ആ പേര് കാരണമാണോ...?'; ചോദ്യവുമായി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്
ടീം കോച്ചും ബിജെപി മുൻ എംപിയുമായ ഗൗതം ഗംഭീറിനു നേരെ വിരൽ ചൂണ്ടിയാണ് ഷമയുടെ വിമർശനം.

Photo| Special Arrangement
ന്യൂഡൽഹി: സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിൽ നിന്ന് മധ്യനിര ബാറ്റർ സർഫറാസ് ഖാനെ തഴഞ്ഞതിൽ വിമർശനവുമായി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. സർഫറാസ് ഖാനെ തുടർച്ചയായി അവഗണിക്കുന്നത് അദ്ദേഹത്തിന്റെ പേര് കാരണമാണോ എന്നാണ് ഷമയുടെ ചോദ്യം. ടീം കോച്ചും ബിജെപി മുൻ എംപിയുമായ ഗൗതം ഗംഭീറിനു നേരെ വിരൽ ചൂണ്ടിയാണ് ഷമയുടെ വിമർശനം.
'സർഫറാസ് ഖാനെ ടീമിൽ ഉൾപ്പെടുത്താത്തത് അദ്ദേഹത്തിന്റെ കുടുംബപ്പേര് കാരണമാണോ?. ചോദിച്ചെന്നേയുള്ളൂ. ഈ വിഷയത്തിൽ ഗൗതം ഗംഭീറിന്റെ നിലപാട് എന്താണെന്ന് നമുക്കറിയാം'- ഷമ മുഹമ്മദ് എക്സിൽ കുറിച്ചു. ഷമയുടെ പ്രസ്താവന വിവാദമാക്കി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കായികവിഷയത്തെ വർഗീയമാക്കാൻ ശ്രമിക്കുകയാണ് ഷമയെന്നാണ് ബിജെപി ആരോപണം.
ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന സര്‍ഫറാസ് ഖാൻ 2024 നവംബറിൽ ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിലാണ് ഇന്ത്യൻ ടീമിനെ അവസാനമായി പ്രതിനിധീകരിച്ചത്. പിന്നീട് നടന്ന ബോർഡർ- ഗവാസ്കർ ട്രോഫി, ഇംഗ്ലണ്ട് പര്യടനം, വെസ്റ്റ് ഇൻഡീസ് പരമ്പര എന്നിവയ്ക്കുള്ള ടീമുകളിൽ താരത്തെ ഉൾപ്പെടുത്തിയില്ല.
ശ്രദ്ധേയമായ ആഭ്യന്തര റെക്കോർഡടക്കം ഉണ്ടായിട്ടും മുംബൈ താരത്തിന് രണ്ടാം നിര ടീമിൽ പോലും ഇടം നൽകാത്തതിൽ വിമർശനം ശക്തമാണ്. ഈ വർഷം മെയിൽ നടന്ന ഇന്ത്യൻ എ ടീം- ഇംഗ്ലീഷ് ലയൺസ് മത്സരത്തിൽ 92 റൺസ് നേടി സർഫറാസ് ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. എന്നിട്ടും ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യൻ എ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് ഷമ വിമർശനവുമായി രംഗത്തെത്തിയത്.
സർഫറാസിനെ ഒഴിവാക്കിയതിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയും പാർട്ടി വക്താവ് വാരിസ് പത്താനും ചോദ്യമുന്നയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷമ മുഹമ്മദിന്റെ വിമർശനം. 'ഒരു താരം ഇത്രയധികം ശരാശരി നേടുമ്പോൾ, അതിൽ തീർച്ചയായും ഒരുപാട് കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാത്തത്'- പത്താൻ ചോദിച്ചിരുന്നു.
വിഷയത്തിൽ ഷമയ്ക്കും കോൺഗ്രസിനുമെതിരെ ബിജെപി വക്താവ് ഷഹ്സാദ് പൂനവാല രംഗത്തെത്തി. 'ഈ സ്ത്രീയും അവരുടെ പാർട്ടിയും രോഗികളാണ്. രോഹിത് ശർമയെ തടിയനെന്ന് വിളിച്ചതിന് ശേഷം, ഇപ്പോൾ അവരും അവരുടെ പാർട്ടിയും നമ്മുടെ ക്രിക്കറ്റ് ടീമിനെ പോലും വർഗീയമായി വിഭജിക്കാൻ നോക്കുന്നു? ഇന്ത്യയെ വർഗീയമായും ജാതിയായും വിഭജിക്കുന്നത് നിർത്തുക'- പൂനവാലാ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ഈ വർഷം ആദ്യം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സർഫറാസ് ആറ് മത്സരങ്ങളിൽ നിന്ന് 40 റൺസിന് അടുത്ത് ശരാശരിയിൽ 371 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ന്യൂസിലൻഡിനെതിരെ നേടിയ 150 റൺസും ഉൾപ്പെടുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65ൽ കൂടുതൽ ശരാശരിയുള്ള താരത്തിന് ആഭ്യന്തര റെക്കോർഡ് ഉണ്ടായിരുന്നിട്ടും ദേശീയ ടീമിന്റെ പുറത്തുതന്നെ തുടരുകയാണ്.
Adjust Story Font
16

