Quantcast

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

നിലേഷിന്‍റെ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ദലാല്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ വിജയിച്ചത്

MediaOne Logo

Web Desk

  • Published:

    23 April 2024 10:49 AM GMT

Nilesh Kumbhani
X

നിലേഷ് കുംഭാനി

സൂറത്ത്: സൂറത്ത് ലോക്‌സഭാ സീറ്റിൽ ബി.ജെ.പി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. നിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലേഷിന്‍റെ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ദലാല്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ വിജയിച്ചത്.

കുംഭാനി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ജനദ്രോഹി എന്നെഴുതിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതീകാത്മകമായി 'ആദ്യ താമര' സമ്മാനിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സിആർ പാട്ടീൽ ദലാല്‍ എതിരില്ലാതെ വിജയിച്ചതായി എക്സിലൂടെ അറിയിച്ചത്. ''സൂറത്തിൻ്റെ ഈ വിജയം ഞങ്ങൾ മോദിക്ക് സമർപ്പിക്കുന്നു. 25 സീറ്റുകൾ കൂടി നേടിയ ശേഷം ഗുജറാത്തിലെ 26ല്‍ 26 സീറ്റും ഞങ്ങള്‍ മോദിക്ക് സമ്മാനിക്കും'' എന്നാണ് പാട്ടീല്‍ കുറിച്ചത്. ബി.ജെ.പിയുടെ സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നീലേഷിനെ നാമനിര്‍ദേശം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത നാല് പേര്‍ പിന്നീട് പത്രികയിലെ ഒപ്പ് തങ്ങളുടെതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് പത്രിക തള്ളിയതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു.

ഏപ്രില്‍ 18നാണ് നിലേഷ് പത്രിക സമര്‍പ്പിക്കുന്നത്. ബി.ജെ.പി പ്രവർത്തകൻ ദിനേശ് ജോധാനി കുംഭാനിയുടെ പത്രികയിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുകയും ചെയ്തു. പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാട്ടി നാലു പേരുടെ സത്യവാങ്മൂലം തൊട്ടടുത്ത ദിവസം തന്നെ ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നീലേഷിനോട് അധികൃതര്‍ ആവശ്യപ്പെട്ടു. മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ 21-ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ പത്രിക തള്ളുകയായിരുന്നു. നീലേഷിന്റെ അടുത്ത ബന്ധുക്കളാണ് പത്രികയില്‍ ഒപ്പു വച്ചിരുന്നത്. ഇവരും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22-ന് ബിഎസ്പിയുടെ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടു പേര്‍ പത്രിക പിന്‍വലിക്കുക കൂടി ചെയ്തതോടെ ബി.ജെ.പിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

TAGS :

Next Story