Quantcast

തെലങ്കാനയിൽ വിജയിച്ചത് കനുഗോലുവിന്റെ തന്ത്രങ്ങൾ; രാജസ്ഥാനിലും മധ്യപ്രദേശിലും അവഗണിച്ചത് തിരിച്ചടിയായെന്ന് വിലയിരുത്തൽ

കനുഗോലുവും പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഢിയും ചേർന്ന് നടപ്പാക്കിയ തന്ത്രങ്ങളാണ് ഹാട്രിക് വിജയം ലക്ഷ്യമിട്ട ബി.ആർ.എസിനെ വീഴ്ത്തിയത്.

MediaOne Logo

Web Desk

  • Published:

    4 Dec 2023 10:33 AM GMT

Congress Telangana Strategist Was Snubbed In Rajasthan, Madhya Pradesh
X

ന്യൂഡൽഹി: തെലങ്കാനയിലെ കോൺഗ്രസ് വിജയത്തിൽ നിർണായകമായത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ തന്ത്രങ്ങൾ. കർണാടകയിൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് തെലങ്കാനയിലും പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ദൗത്യം കനുഗോലു ഏറ്റെടുത്തത്. കനുഗോലുവും പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഢിയും ചേർന്ന് നടപ്പാക്കിയ തന്ത്രങ്ങളാണ് ഹാട്രിക് വിജയം ലക്ഷ്യമിട്ട ബി.ആർ.എസിനെ വീഴ്ത്തിയത്.

ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം രാജസ്ഥാനിലും മധ്യപ്രദേശിലും കനുഗോലു ചില പദ്ധതികൾ ആസൂത്രണം ചെയ്‌തെങ്കിലും അശോക് ഗെഹ്‌ലോട്ടും കമൽനാഥും അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. രാജസ്ഥാനിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പട്ടിക കനുഗോലു തയ്യാറാക്കിയിരുന്നു. ഇത് തള്ളിയ ഗെഹ്‌ലോട്ട് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതല നരേഷ് അറോറക്ക് നൽകുകയായിരുന്നു.

കർണാടക സ്വദേശിയാണ് സുനിൽ കനുഗോലു. കർണാടകയിൽ കോൺഗ്രസിന്റെ ചരിത്ര വിജയത്തിൽ നിർണായകമായത് കനുഗോലുവിന്റെ 'പേ സിഎം' അടക്കമുള്ള കാമ്പയിനുകളാണ്. തെലങ്കാനയിലും ചന്ദ്രശേഖര റാവുവിന്റെ അഴിമതികൾ എണ്ണപ്പറഞ്ഞായിരുന്നു കോൺഗ്രസ് പ്രചാരണം. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിന്റെ പ്രചാരണം ഏറെ സാമ്യതകളുള്ളതായിരുന്നു. ഭരണകക്ഷിയുടെ വീഴ്ചകൾ തുറന്നുകാണിക്കുന്നതിനൊപ്പം പൊതുജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ക്ഷേമ പരിപാടികളും പ്രഖ്യാപിച്ചു.

നേരത്തെ ബി.ജെ.പിക്ക് വേണ്ടിയും കനുഗോലു തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2018ൽ കർണാടകയിൽ ബി.ജെ.പിക്ക് വേണ്ടിയായിരുന്നു കനുഗോലു പ്രവർത്തിച്ചത്. അന്ന് 104 സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2014ൽ നരേന്ദ്ര മോദിക്ക് വേണ്ടിയുള്ള പ്രചാരണത്തിലും ഗുജറാത്തിലെയും യു.പിയിലെയും ബി.ജെ.പി പ്രചാരണത്തിലും കനുഗോലു പങ്കാളിയായിരുന്നു.

കഴിഞ്ഞ വർഷം കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കനുഗോലു കോൺഗ്രസിനൊപ്പം ചേർന്നത്. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മാറ്റിയ ഭാരത് ജോഡോ യാത്രയുടെ ബുദ്ധികേന്ദ്രം കനഗോലുവായിരുന്നു. കർണാടകയിലും തെലങ്കാനയിലും വിജയിച്ച പശ്ചാത്തലത്തിൽ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനായി തന്ത്രങ്ങളൊരുക്കുന്നത് കനഗോലു തന്നെയായിരിക്കുമെന്നാണ് സൂചന.

TAGS :

Next Story