Quantcast

രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പ്രകാശ് അംബേദ്കറെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ പാർട്ടി മത്സരിച്ചതോടെ കോൺഗ്രസിന് ഒമ്പത് മണ്ഡലങ്ങളിൽ പരാജയം നേരിടേണ്ടിവന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    9 April 2024 9:19 AM GMT

Congress Tempts Prakash Ambedkar With Rajya Sabha Seat
X

മുംബൈ: മഹാരാഷ്ട്രയിൽ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) നേതാവ് പ്രകാശ് അംബേദ്കറെ രാജ്യസഭാ സീറ്റ് നൽകി മഹാവികാസ് അഘാഡി സഖ്യത്തിലെത്തിക്കാൻ കോൺഗ്രസ് നീക്കം. കോൺഗ്രസ്, എൻ.സി.പി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എന്നിവരാണ് മഹാവികാസ് അഘാഡി സഖ്യത്തിലുള്ളത്. പ്രകാശ് അംബേദ്കറുമായി നേരത്തെ ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

ചർച്ച പരാജയപ്പെട്ടതോടെ പ്രകാശ് അംബേദ്കർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അകോല മണ്ഡലത്തിലാണ് പ്രകാശ് അംബേദ്കർ മത്സരിക്കുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് പ്രകാശ് അംബേദ്കറെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമങ്ങൾ ശക്തമാക്കിയത്. രാജ്യസഭാ സീറ്റും ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കേന്ദ്ര മന്ത്രിസ്ഥാനവുമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ പാർട്ടി മത്സരിച്ചതോടെ കോൺഗ്രസിന് ഒമ്പത് മണ്ഡലങ്ങളിൽ പരാജയം നേരിടേണ്ടിവന്നിരുന്നു. വോട്ട് വിഭജിക്കാതിരിക്കാൻ അനിവാര്യമായ ദേശീയ സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ച് പോരാടണമെന്ന് മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. മതേതര വോട്ടുകൾ വിഭജിക്കപ്പെട്ടാൽ അതിന്റെ ഗുണം ബി.ജെ.പിക്കാണ്. മതേതരകക്ഷികൾ ഒരുമിച്ച് നിൽക്കണം. നിലവിലെ പ്രശ്‌നങ്ങൾക്ക് ശുഭപര്യവസാനം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും നാനാ പടോലെ പറഞ്ഞു. അതേസമയം കോൺഗ്രസ് വാഗ്ദാനത്തോട് പ്രതികരിക്കാൻ പ്രകാശ് അംബേദ്കർ ഇതുവരെ തയ്യാറായിട്ടില്ല.

TAGS :

Next Story