ബെല്ലാരിയിൽ ബി.ജെ.പിയുടെ എല്ലൂരി കോൺഗ്രസ്; മികച്ച വിജയം
ബെല്ലാരി-93ൽ ഗതാഗത മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ ശ്രീരാമുലുവിനെ കോൺഗ്രസ് തോൽപിച്ചു.
കോണ്‍ഗ്രസ്
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ കുതിപ്പ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് 128 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. 66 സീറ്റുകളിൽ ബി.ജെ.പിയും 23 സീറ്റുകളിൽ ജെ.ഡി.എസും ലീഡ് ചെയ്യുന്നു. ഏഴ് മണ്ഡലങ്ങളിൽ മറ്റുള്ളവരും. മികച്ച നേട്ടമാണ് കോൺഗ്രസ് കർണാടകയിൽ നേടുന്നത്. ഇതിൽ സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിലൊന്നായ ബെല്ലാരിയിൽ കോൺഗ്രസ് മികച്ച വിജയമാണ് സ്വന്തമാക്കിയത്.
ബെല്ലാരി-93ൽ ഗതാഗത മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ ശ്രീരാമുലുവിനെ കോൺഗ്രസ് തോൽപിച്ചു. ബി. നാഗേന്ദ്രയാണ് ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചത്. നാഗേന്ദ്ര 73,408 വോട്ടുകൾ നേടിയപ്പോൾ ബി ശ്രീരാമുലുവിന് നേടാനായത് 47,402 വോട്ടുകൾ മാത്രം. 26,006 വോട്ടിന്റെ ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർഥി നേടിയത്. അതേസമയം ബെല്ലാരി സിറ്റി-94ലും കോൺഗ്രസ് മുന്നേറ്റമാണ് പ്രകടമായത്. കോൺഗ്രസ് സ്ഥാനാർഥി നവഭാരത് റെഡ്ഡിയാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. ജി സോമശേഖര റെഡ്ഡിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
ഏകദേശം 8000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുന്നിട്ടുനിൽക്കുകയാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. 2018ൽ ഇവിടെ ബി.ജെ.പിയാണ് ജയിച്ചത്. സോമശേഖര റെഡ്ഡിക്ക് തന്നെ ബി.ജെപി വീണ്ടും ടിക്കറ്റ് നൽകുകയായിരുന്നു. എന്നാൽ കോൺഗ്രസ് കാറ്റിൽ ബി.ജെ.പി ഇളകി. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കോൺഗ്രസിന്റെ മുന്നേറ്റമായിരുന്നു പ്രകടമായിരുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലഭിച്ച മേൽക്കോയ്മ തുടർന്നങ്ങോട്ട് തുടരുകയായിരുന്നു.
ഇടയ്ക്ക് ബി.ജെ.പി കുതിപ്പ് പ്രകടമാക്കിയെങ്കിലും അടങ്ങി. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ കോൺഗ്രസിന്റെ ലീഡ് നില 100 കടന്നിരുന്നു. പിന്നിട് കിതച്ചെങ്കിലും വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് വ്യക്തമായ മേധാവിത്വം നേടുകയാണ്. ഇപ്പോഴത്തെ നിലയനുസരിച്ച് ആരുടെയും സഹായമില്ലാതെ കോൺഗ്രസിന് ഒറ്റക്ക് തന്നെ ഭരിക്കാനാകും.
Adjust Story Font
16