പെട്രോൾ അടിക്കാൻ വണ്ടി നിർത്തിയത് മരണത്തിലേക്ക്; പരസ്യ ബോർഡ് വീണ് മരിച്ചവരിൽ ദമ്പതികളും
ശക്തമായ പൊടിക്കാറ്റുണ്ടായതോടെ കുറച്ചു നേരം പമ്പിൽ വണ്ടി നിർത്തിയിട്ടു... തുടർന്നാണ് കൂറ്റൻ ബോർഡ് പമ്പിന് മുകളിലേക്ക് പതിക്കുന്നത്
മുംബൈ: മുംബൈയിൽ പരസ്യബോർഡ് മറിഞ്ഞു വീണ് മരിച്ചവരിൽ മുൻ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനും ഭാര്യയും. മുംബൈ എടിസി ഉദ്യോഗസ്ഥനായിരുന്ന മനോജ് ഛൻസോരിയ (60), ഭാര്യ അനിത (59) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച കണ്ടെത്തിയത്. പരസ്യബോർഡ് വീണ പമ്പിന് സമീപം കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഇന്നലെ രാത്രി നടന്ന തെരച്ചിലിലാണ് ഛൻസോരിയയുടെയും അനിതയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബോർഡ് മറിഞ്ഞു വീണപ്പോൾ സ്ഥലത്തുണ്ടായിരുന്ന നൂറോളം പേർക്കൊപ്പം ഇവരും അടിയിൽ പെടുകയായിരുന്നു. മാർച്ചിൽ മുംബൈ എടിസിയിൽ നിന്ന് വിരമിച്ച ഛൻസോരിയ അനിതയ്‌ക്കൊപ്പം ജബൽപൂരിലേക്ക് താമസം മാറിയിരുന്നു. വിസ നടപടികൾക്കായി മുംബൈയിലെത്തി തിരിച്ചുപോകും വഴിയാണ് അപകടം. പെട്രോൾ അടിയ്ക്കാനായി പമ്പിൽ കയറിയതായിരുന്നു ഇവർ. ശക്തമായ പൊടിക്കാറ്റുണ്ടായതോടെ കുറച്ചു നേരം പമ്പിൽ വണ്ടി നിർത്തിയിട്ടു. തുടർന്നാണ് കൂറ്റൻ ബോർഡ് പമ്പിന് മുകളിലേക്ക് പതിക്കുന്നത്. പിന്നെ ലഭിച്ചത് ഇവരുടെ മൃതദേഹവും...
മാതാപിതാക്കളുടെ വിവരമില്ലാഞ്ഞതിനാൽ യുഎസിലുള്ള മകൻ സുഹൃത്തിനെ ബന്ധപ്പെട്ടതോടെയാണ് ഇരുവരെയും കാണാനില്ലെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഘാട്‌കോപ്പർ പമ്പിന് സമീപം കാർ കുടുങ്ങിയതായി കണ്ടെത്തിയത്. ഇരുവരെയും ജീവനോടെ പുറത്തെടുക്കാം എന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളുമെങ്കിലും മരിച്ച നിലയിലായിരുന്നു കാറിനുള്ളിൽ ദമ്പതികൾ.
ഇവരുടെ മൃതദേഹങ്ങൾ കൂടി കിട്ടിയതോടെ പ്രദേശത്ത് പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചു. ബോർഡിനടിയിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിക്കാനായി എന്നാണ് വിവരം.16 പേരാണ് ഇതുവരെ ഘാട്‌കോപ്പർ ദുരന്തത്തിൽ മരിച്ചത്. 41 പേർക്ക് സാരമായി പരിക്കേറ്റു. രക്ഷപെട്ടവരിൽ 34 പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്.
തിങ്കളാഴ്ചയാണ് മുംബൈയിലെ ഘാട്‌കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞ് അപകടമുണ്ടാകുന്നത്. അപകടത്തിൽ നൂറോളം പേർ ബോർഡിനടിയിൽ കുടുങ്ങി. 40*40 അടിയിൽ കൂടുതൽ വലിപ്പമുള്ള പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് കോർപറേഷന്റെ അനുമതിയില്ലാത്തിടത്ത് 120*120 അടിയായിരുന്നു ബോർഡിന്റെ വലിപ്പം. തീരപ്രദേശമായതിനാൽ ശക്തിയായ കാറ്റ് ഇത്തരത്തിലുള്ള അപകടങ്ങൾ വരുത്തി വെച്ചേക്കാം എന്ന് മുന്നറിയിപ്പുകളും നിലവിലുണ്ട്.
ബോർഡ് സ്ഥാപിച്ച പരസ്യ ഏജൻസിയുടെ ഉടമ ഭവേഷ് ഭിൻഡെയ്‌ക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ലൈംഗികപീഡനമുൾപ്പടെ 20ലധികം പൊലീസ് കേസുകളിൽ പ്രതിയാണ് ഇയാൾ.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് ചികിത്സാസഹായവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16