'സ്വകാര്യ വിവരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ല വിവാഹം'; ഭാര്യയുടെ ഫോണ്‍ കോള്‍ രേഖകള്‍ ആവശ്യപ്പെട്ട യുവാവിന്റെ ഹരജി തള്ളി കോടതി
ഛത്തീസ്ഗഡ് ഹൈക്കോടതിയാണ് യുവാവിന്റെ ഹരജി തള്ളിയത്

റായ്പ്പൂര്‍: ഭാര്യയുടെ ഫോണ്‍ കോള്‍ രേഖകള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്ന യുവാവിന്റെ ഹരജി തള്ളി ഛത്തീസ്ഗഡ് ഹൈക്കോടതി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ ഹരജി ഹൈക്കോടതി തള്ളിയത്.
2022ലാണ് ഇരുവരും വിവാഹിതരായത്. രണ്ടാഴ്ച കഴിഞ്ഞ് ഭാര്യയുടെ വീട്ടില്‍ പോയതിന് ശേഷമാണ് യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതെന്നും തന്റെ അമ്മയോടും സഹോദരനോടും മോശമായി പെരുമാറിയെന്നും ഹരജിയില്‍ യുവാവ് ചൂണ്ടിക്കാട്ടി.
തിരികെ കൊണ്ടുവരാന്‍ താന്‍ ശ്രമിച്ചിട്ടും വീട്ടിലേക്ക് വരാന്‍ യുവതി തയ്യാറായില്ലെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. പിന്നാലെയാണ് യുവാവ് കീഴ്‌ക്കോടതിയെ സമീപിച്ചത്.
എന്നാല്‍ പിന്നാലെ ഭര്‍ത്താവും കുടുംബവും ഗാര്‍ഹികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി പൊലീസിലും കോടതിയിലും പരാതി നല്‍കി. 2024 ജനുവരിയിലാണ് വേര്‍പിരിഞ്ഞ ഭാര്യയുടെ കോള്‍ റെക്കോഡുകള്‍ ആക്‌സസ് ചെയ്യാന്‍ അനുമതി നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ യുവാവ് പരാതി നല്‍കിയത്.
കൂടാതെ സഹോദരി ഭര്‍ത്താവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ കോള്‍ രേഖകള്‍ ആവശ്യമാണെന്നും കുടുംബ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ യുവാവ് വ്യക്തമാക്കി. കുടുംബകോടതി ഹരജി തള്ളിയതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹമോചന സമയത്ത് നല്‍കിയ ഹരജിയില്‍ വ്യഭിചാര ആരോപണമില്ലെന്നും കോള്‍ രേഖകള്‍ ആക്‌സസ് ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
ഭാര്യയുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുള്ള അനുമതിയല്ല വിവാഹമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവിന്റെ ഹരജി കോടതി തള്ളിയത്. 'ഭര്‍ത്താവിന് മൊബൈല്‍ ഫോണിന്റെയോ ബാങ്ക് അക്കൗണ്ടിന്റെയോ പാസ്വേഡുകള്‍ പങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അത്തരമൊരു പ്രവൃത്തി സ്വകാര്യതയുടെ ലംഘനത്തിനും ഗാര്‍ഹിക പീഡനത്തിനും തുല്യമാകും.
ദാമ്പത്യ സ്വകാര്യതയും സുതാര്യതയും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം. അതേ സമയം ബന്ധത്തിലുള്ള വിശ്വാസവും ഉണ്ടായിരിക്കണം', കോടതി പറഞ്ഞു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം വ്യക്തികളുടെ മൗലികാവകാശത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Adjust Story Font
16

