കോവിഡ് ഗുളികയ്ക്ക് ഇന്ത്യയിലും അനുമതി; ഉപയോഗം സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ
നേരത്തെ ബ്രിട്ടനും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഗുളികയ്ക്ക് അനുമതി നൽകിയിരുന്നു

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോൾനുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ മെർക്ക് കമ്പനിയുടെ ഗുളിക മുതിർന്നവർക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബ്രിട്ടനും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഗുളികയ്ക്ക് അനുമതി നൽകിയിരുന്നു. ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസർ കമ്പനിയുടെ ഗുളികയ്ക്കും യുഎസ് അംഗീകാരം നൽകിയിരുന്നു. ഇരു രാജ്യങ്ങളിലും നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ മരുന്ന് മികച്ച ഫലം സൃഷ്ടിക്കുന്നതാണെന്നാണ് വ്യക്തമാക്കുന്നത്.
Congratulations India 🇮🇳
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
Further strengthening the fight against COVID-19, CDSCO, @MoHFW_INDIA has given 3 approvals in a single day for:
- CORBEVAX vaccine
- COVOVAX vaccine
- Anti-viral drug Molnupiravir
For restricted use in emergency situation. (1/5)
മോൽനുപിറാവിർ പ്രവർത്തിക്കുന്നത് എങ്ങനെ?
ആൻറിവൈറൽ ചികിത്സക്ക് ഉപയോഗിക്കുന്ന പരീക്ഷണാത്മക ഗുളികയാണ് മോൽനുപിറാവിർ. വൈറസിന്റെ ജനിതക കോഡിലെ പിശകുകൾ വഴി രോഗം വർധിക്കുന്നത് തടയുകയാണ് ചെയ്യുക.
എത്രമാത്രം ഫലപ്രദം?
രോഗം ബാധിച്ച് ആശുപത്രിയിലാകേണ്ടി വരുന്നതും മരണപ്പെടുന്നതും ഗുളിക കഴിക്കുന്നത് വഴി ഇല്ലാതാകുമെന്നാണ് നിർമാതാക്കളായ മെർക്ക് കമ്പനി പറയുന്നത്. കഴിഞ്ഞ ഒക്‌ടോബറിൽ മൂന്നാം ക്ലിനിക്കൽ ട്രെയലിന് ശേഷം മെർക്കും പങ്കാളികളായ റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്‌സും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനലിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഗുളിക രോഗം വരാതിരിക്കാൻ സഹായിക്കുമോ?
ഇല്ല, പ്രതിരോധ മരുന്നല്ലിത്. കോവിഡ് ബാധിതരുടെ രോഗം തീവ്രമാകാതിരിക്കാനാണിത് സഹായിക്കുക.
ഗുളികയെത്തി, ഇനി വാക്‌സിൻ വേണ്ടേ?
ഒരിക്കലുമല്ല, ഗുളികയോ മറ്റെന്തെങ്കിലും മരുന്നോ വാക്‌സിന് പകരമാകില്ല. ഇന്ത്യയിൽ അടിയന്തര സാഹചര്യത്തിൽ മാത്രം ഗുളിക ഉപയോഗിക്കാനാണ് അനുമതിയുള്ളത്. അതും മധ്യമ നിലയിൽ രോഗമുള്ളവരും ഓക്‌സിജൻ സാച്ചറേഷൻ 93 ശതമാനത്തിൽ കുറവുള്ളവരുമായ ഇതരരോഗബാധതരും മരണപ്പെടാൻ സാധ്യത ഉള്ളവരുമായ ആളുകൾക്കാണ് ഗുളിക ഉപയോഗിക്കാനാവുക.
കോവിഡ് ഉണ്ടെങ്കിൽ എപ്പോഴാണ് ഗുളിക കഴിക്കുക?
കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ചു ദിവസത്തിനകം മോൽനുപിറാവിർ ഗുളിക കഴിക്കണം.
ഏത് തോതിലാണ് ഗുളിക കഴിക്കേണ്ടത്?
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം നാലു 200 മില്ലിഗ്രാം ക്യാപ്‌സൂളുകൾ ദിവസം രണ്ടു തവണയാണ് കഴിക്കേണ്ടത്. 12 മണിക്കൂർ ഇടവിട്ടാണ് ഇവ കഴിക്കേണ്ടത്. ഗുളിക തുടർച്ചയായി അഞ്ചു ദിവസത്തിലേറെ കഴിക്കാനും പാടില്ല.
ഗുളികക്കൊപ്പം രണ്ടു പുതിയ വാക്‌സിനുകൾക്ക് കൂടി അനുമതി
മോൽനുപിറാവിർ ഗുളികക്കൊപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സിനും കോർബെവാക്സിനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിബന്ധനകളോടെ അടിയന്തര ഉപയോഗ അനുമതി നൽകാൻ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എല്ലാ ശുപാർശകളും അന്തിമ അനുമതിക്കായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അയച്ചിരിക്കുകയാണ്. ഡിസിജിഐയുടെ അംഗീകാരം ലഭിച്ചാൽ അടിയന്തര ഉപയോഗാനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം എട്ടായി ഉയരും. രണ്ടുവാക്സിനുകൾക്ക് കൂടി അനുമതി ലഭിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുക് മാണ്ഡവ്യ ട്വിറ്ററിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ആരോഗ്യ പ്രശ്‌നങ്ങളുള്ള അറുപത് വയസിനു മുകളിലുള്ളവർക്കും കോവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഡിസംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ അനുമതി നൽകിയതായും പ്രധാനമന്ത്രി അറിയിച്ചു. കുട്ടികളുടെ വാക്‌സിൻ ജനുവരി മൂന്ന് മുതലും ബൂസ്റ്റർ വാക്‌സിൻ ജനുവരി ജനുവരി പത്തുമുതലുമാണ് വിതരണം ചെയ്യുകയെന്നും വ്യക്തമാക്കി.
മോൽനുപിറാവിറിന് ആദ്യ അനുമതി ബ്രിട്ടനിൽ
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് നവംബർ നാലിന് ബ്രിട്ടൻ ആദ്യമായി അംഗീകാരം നൽകിയിരുന്നു. 'മോൽനുപിറാവിർ' എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയിരുന്നത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തി. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തി. അതുകൊണ്ട് കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിതെന്നും വിലയിരുത്തപ്പെട്ടു.
BREAKING NEWS:
— Sajid Javid (@sajidjavid) November 4, 2021
The UK has become the first country in the world to approve a COVID-19 antiviral - @MSDintheUK's #molnupiravir.
Great news from the @MHRAgovuk which will benefit the country's most vulnerable - we're now working at pace to deploy it to patients. pic.twitter.com/FCMRkMiUP9
അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരുന്നത്. വളരെ കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്‌സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ബ്രിട്ടൻ ഗുളിക നൽകുന്നത് അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ പരിശോധനയിൽ അമിത വണ്ണമോ പ്രമേഹമോയുള്ള 60 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതൽ പ്രശ്‌നങ്ങൾ കണ്ടത്.
U.S. FDA authorizes Merck's at-home antiviral COVID-19 pill https://t.co/xe3Idr9hK6 pic.twitter.com/yy3x0HgcK5
— Reuters (@Reuters) December 23, 2021
ശാസ്ത്രജ്ഞരും ക്ലിനിക് പരിശോധകരും ഗുളികയുടെ ഫലപ്രാപ്തിയിൽ സന്തുഷ്ടരാണെന്നും കോവിഡ് തീവ്രമായി വരുന്നവർക്ക് മരുന്ന് ഫലപ്രദമാണെന്നും പരിശോധന നടത്തിയ ഏജൻസി മേധാവിയായ ഡോ. ജ്യൂനെ റയ്‌നി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലേക്കെത്തിയ പുതിയ ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നൽകിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇത് കോവിഡ് ബാധിതർക്ക് ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന മികച്ച ചികിത്സയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മരുന്ന് നിർമാതാക്കളായ മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സിനോട് മൂന്നു മില്ല്യൺ കോഴ്‌സുകൾ ആവശ്യപ്പെട്ട് ഒമ്പതു കരാറുകളാണ് വിവിധ രാജ്യങ്ങൾ ഒപ്പുവെച്ചത്. എന്നാൽ ദരിദ്ര- ഇടത്തരം വരുമാനമുള്ള 105 രാജ്യങ്ങൾക്ക് മരുന്ന് നിർമിക്കാൻ സൗജന്യ ലൈസൻസ് നൽകുന്നതിന് കമ്പനി യു.എൻ മെഡിസിൻ പാറ്റൻറ് പൂളുമായി കരാറിലേർപ്പെട്ടിരുന്നു. ഇന്ത്യയിലുള്ള നിരവധി മരുന്നു നിർമാതാക്കൾക്കും കമ്പനി അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കമ്പനി 10 മില്ല്യൺ കോഴ്‌സ് മരുന്ന് നിർമിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 2022 ൽ 20 മില്ല്യൺ സെറ്റ് ഗുളിക ഉത്പാദിപ്പിക്കും.
Adjust Story Font
16

