Quantcast

താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം

എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആരോ​ഗ്യ വിഭാ​ഗം വിനോദസഞ്ചാരികളോട് നിർദേശിച്ചു.

MediaOne Logo

Web Desk

  • Published:

    23 Dec 2022 9:19 AM GMT

താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം
X

ആ​ഗ്ര: കോവിഡിന്റെ നാലാം തരം​ഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആ​ഗ്ര ജില്ലാ ഭരണകൂടം. മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആഗ്ര ആരോഗ്യ ഉദ്യോഗസ്ഥർ താജ്മഹലിൽ വിദേശ വിനോദസഞ്ചാരികളുടെ കോവിഡ് പരിശോധന ആരംഭിച്ചു.

ദിവസേന നൂറുകണക്കിന് പേരാണ് താജ്മഹൽ കാണാനെത്തുന്നത്. കൂടാതെ, ആ​ഗ്ര വിമാനത്താവളത്തിലും വിവിധ റെയിൽവേ സ്റ്റേഷനുകളിലും സമാന പരിശോധന ആരംഭിച്ചിട്ടുണ്ട്. കോവിഡ് ഭീഷണി വീണ്ടുമുണ്ടായതിനെ തുടർന്ന് രോ​ഗം കണ്ടെത്തൽ, പരിശോധന, ചികിത്സ എന്നീ നയം പ്രാബല്യത്തിൽ വരുത്തിയതായി ആഗ്ര ചീഫ് മെഡിക്കൽ ഓഫീസർ (സി.എം.ഒ) ഡോ. അരുൺ ശ്രീവാസ്തവ പറഞ്ഞു.

എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആരോ​ഗ്യ വിഭാ​ഗം വിനോദസഞ്ചാരികളോട് നിർദേശിച്ചു. കോവിഡ് പ്രതിരോധ നടപടികൾക്കായി മോണിറ്ററിങ് കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ പോവുന്നത് ഒഴിവാക്കാനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനും അധികൃതർ പൊതുസമൂഹത്തോട് അഭ്യർഥിച്ചു.

കോവിഡ് വീണ്ടും പടരാനുള്ള സാധ്യതയും രാജ്യത്ത് നാല് ഒമിക്‌റോൺ ബിഎഫ്.7 വകഭേദം കേസുകൾ കണ്ടെത്തിയതും കണക്കിലെടുത്ത് കോവിഡ് പ്രോട്ടോക്കോളുകൾ വീണ്ടും സജീവമാക്കിയതായി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതിയ സാഹചര്യത്തിൽ മെഡിക്കൽ കോളജുകൾ, സാമൂഹികാരോ​ഗ്യ കേന്ദ്രങ്ങൾ, ജില്ലയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾ, ബസ് ടെർമിനിലുകൾ, കന്റോൺമെന്റ്, ആ​ഗ്ര, രാജമണ്ഡി റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലും സൗജന്യ പരിശോധനാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിൽ കോവിഡ് സേവനം ശക്തിപ്പെടുത്തുന്നതിനായി ട്രെയ്സ്-ടെസ്റ്റ്-ട്രീറ്റ് പോളിസി പാലിച്ച് കോവിഡ് രോഗികളുടെ സാമ്പിൾ ശേഖരണം വർധിപ്പിക്കാനും കോവിഡ് ബാധിതരെ ചികിത്സിക്കാനും റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) സജീവമാക്കിയിട്ടുണ്ട്. ഇതുവരെ കോവിഡ് വാക്സിനേഷൻ എടുത്തിട്ടില്ലാത്തവർ വാക്സിനേഷൻ എടുക്കുകയും ബൂസ്റ്റർ ഡോസ് എടുക്കുകയും വേണം- സി.എം.ഒ പറഞ്ഞു.

ആഗ്ര ഒരു വിനോദസഞ്ചാര കേന്ദ്രമാണെന്നും ഇവിടെയെത്തുന്ന എല്ലാ വിനോദസഞ്ചാരികളുടെയും സാമ്പിൾ പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എയർപോർട്ട്, താജ്മഹലിന്റെ കിഴക്ക്, പടിഞ്ഞാറ് ഗേറ്റ്, സിക്കന്ദ്ര, ആഗ്രാ ഫോർട്ട് എന്നിവിടങ്ങളിലെ സാമ്പിൾ ബൂത്തുകളിൽ തുടർച്ചയായി കോവിഡ് പരിശോധന നടത്തുന്നുണ്ട്, 100 ശതമാനം കോവിഡ് സാമ്പിളുകൾ ശേഖരിക്കാൻ ടീമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

TAGS :

Next Story