Quantcast

റഷ്യ-ഇന്ത്യ ഇന്ധന ഇടപാടിൽ അമേരിക്കയുടെ എതിർപ്പ്: നിലപാട് വ്യക്തമാക്കി സി.പി.എം

"അമേരിക്കയുമായി സൈനിക സഖ്യത്തിൽ ഏർപ്പെട്ടതിന്റെ വിപത്ത് മോദി സർക്കാർ തിരിച്ചറിയണം..."

MediaOne Logo

André

  • Updated:

    2022-04-01 15:26:04.0

Published:

1 April 2022 2:59 PM GMT

റഷ്യ-ഇന്ത്യ ഇന്ധന ഇടപാടിൽ അമേരിക്കയുടെ എതിർപ്പ്: നിലപാട് വ്യക്തമാക്കി സി.പി.എം
X

റഷ്യയുമായി എണ്ണ വ്യാപാരത്തിൽ ഏർപ്പെടരുതെന്ന അമേരിക്കയുടെ തിട്ടൂരത്തിന് ഇന്ത്യ വഴങ്ങരുതെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ. യു.എസ് കറൻസിയായ ഡോളറിലല്ലാതെ രൂപയിലും റൂബിളിലുമായി നടത്തുന്ന വ്യാപാരത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും രാഷ്ട്രതാൽപര്യം മുൻനിർത്തി മാത്രമേ സർക്കാർ തീരുമാനമെടുക്കാവൂ എന്നും പൊളിറ്റ്ബ്യുറോ പത്രക്കുറിപ്പിൽ പറഞ്ഞു.

പൊളിറ്റ്ബ്യുറോയുടെ പ്രസ്താവന:

'റഷ്യക്കെതിരെ യു.എസ് ഏർപ്പെടുത്തിയ ഉപരോധം വകവെക്കാതെ മോസ്‌കോയുമായി കുറഞ്ഞ നിരക്കിൽ ഊർജ വ്യാപാരം നടത്തിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ (ഇന്റർനാഷണൽ എക്കണോമിക്‌സ്) വഴിക്കുള്ള അമേരിക്കയുടെ തിട്ടൂരത്തെ സി.പി.എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിക്കുന്നു. യു.എസ് ഡോളറിനെ മറികടന്ന് രൂപയിലും റൂബിളിലുമായി വ്യാപാരം നടത്തുന്നത് തടയുന്നതിനുള്ള ശ്രമമാണ് അമേരിക്കയുടേത്.'

'സമ്മർദങ്ങൾക്കും ബ്ലാക്ക്‌മെയിലിങ്ങിനും അമേരിക്കക്ക് വാതിൽ തുറന്നുകൊടുക്കുന്ന വിധത്തിൽ ക്വാഡ് പോലുള്ള സൈനിക സഖ്യത്തിൽ ഏർപ്പെടുന്നതിന്റെ വിപത്തുകൾ എന്തൊക്കെയെന്ന് നരേന്ദ്ര മോദി സർക്കാർ തിരിച്ചറിയണം. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ പരമോന്നതമായ ദേശീയ താൽപര്യങ്ങളാണ് സർക്കാർ ഉയർത്തിപ്പിടിക്കേണ്ടത്; അമേരിക്കയുടെ സമ്മർദങ്ങൾക്ക് വഴങ്ങുകയല്ല.'

സമ്മർദം ശക്തമാക്കി അമേരിക്ക

രൂപയും റഷ്യൻ കറൻസിയായ റൂബിളും ഉപയോഗിച്ച് ഇന്ത്യയും റഷ്യയും തമ്മിൽ ഇന്ധന വ്യാപാരം നടത്തുന്നതിനെതിരെ ശക്തമായ ഭാഷയിൽ അമേരിക്ക പ്രതികരിച്ചിരുന്നു. 'സ്വാത്വന്ത്ര്യം, ജനാധിപത്യം, പരമാധികാരം എന്നിവക്കായി യുക്രൈൻ ജനതക്കൊപ്പം നിലകൊള്ളുന്ന യുഎസ്സിനും ഡസൻ കണക്കിന് രാജ്യങ്ങൾക്കും ഒപ്പം ചേർന്ന് ഇന്ത്യ ചരിത്രത്തിന്റെ യഥാർഥ പക്ഷത്ത് നിൽക്കണം. ഫണ്ട് നൽകിയോ ഇന്ധനം നൽകിയോ റഷ്യൻ പ്രസിഡൻറ് പുടിന്റെ യുദ്ധത്തെ സഹായിക്കരുത്' എന്നാണ് യുഎസ് കൊമേഴ്സ് സെക്രട്ടറി ജിനാ റയ്മാണ്ടോ പറഞ്ഞത്.

റഷ്യക്കെതിരായ ഉപരോധനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന യു.എസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ (ഇന്റർനാഷണൽ എക്കണോമിക്‌സ്) ദലിപ് സിങ് നിലവിൽ ഇന്ത്യയിലുണ്ട്. ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്ന പശ്ചാത്തലത്തിലാണ് ദലിപ് ഇന്ത്യയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

യുക്രൈൻ അധിനിവേശത്തിനു ശേഷം റഷ്യക്കെതിരെ വിവിധ അന്താരാഷ്ട്ര വേദികളിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. അതേസമയം, യുക്രൈന്റെ പരമാധികാരത്തെയും യു.എൻ ചാർട്ടർ വ്യവസ്ഥകളെയും അംഗീകരിക്കുന്നതായും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

(CPIM Politbureau statement: The Modi government must now realise the perils of joining a strategic military alliance with the USA like the QUAD that opened the floodgates for blackmail and pressures.)

TAGS :

Next Story