Quantcast

ഇനിയും നാണംകെടാനാകില്ല; ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം മുഴുവൻ സീറ്റിലും മത്സരിച്ചേക്കില്ല

പാർട്ടിക്ക് സ്വാധീനമുള്ള സീറ്റുകളിൽ മാത്രം സ്ഥാനാർത്ഥികളെ നിർത്താനാണ് സിപിഎം നീക്കം

MediaOne Logo

Web Desk

  • Published:

    22 Oct 2021 1:02 PM GMT

ഇനിയും നാണംകെടാനാകില്ല; ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം മുഴുവൻ സീറ്റിലും മത്സരിച്ചേക്കില്ല
X

കൊൽക്കത്ത: ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കേണ്ടെന്നു തീരുമാനിച്ച് സിപിഎം. മാസങ്ങൾക്കുമുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിച്ചേക്കാമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം.

ഈ വർഷം അവസാനത്തിലാണ് ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് അഞ്ചുശതമാനം വോട്ട് ഷെയർ മാത്രമാണ് സിപിഎമ്മിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി താഴേത്തട്ടിയിൽ പാർട്ടി അടിത്തറ വിലയിരുത്തും. ഇതിനുശേഷമായിരിക്കും സ്ഥാനാർത്ഥികളെ നിർത്തുക.

2018ലെ തദ്ദേശ തെരത്തെടുപ്പിൽ വലിയൊരു ശതമാനം സീറ്റുകളിലും സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് തൃണമൂൽ കോൺഗ്രസ് തടഞ്ഞതായി നേരത്തെ സിപിഎം ആരോപിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും തൃണമൂലിന്റെ ഭാഗത്തുനിന്ന് ഇതേ സമീപനം നേരിടേണ്ടിവരുമെന്ന ഭയം നേതൃത്വത്തിനുണ്ട്. എന്നാൽ, അതിലേറെ സംസ്ഥാനത്തെ പാർട്ടി അടിത്തറ അപ്പാടെ തകർന്നുകിടക്കുന്നതിനാൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് പാഴ് അധ്വാനവും ചെലവുമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഒരു മുതിർന്ന സിപിഎം നേതാവ് പ്രതികരിച്ചത്. നവംബർ ഒൻപതിന് ചേരുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യും. എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന കാര്യം യോഗത്തിൽ തീരുമാനിക്കും. ഇത്തവണ കൂടുതൽ സൂക്ഷിച്ചായിരിക്കും സ്ഥാനാർത്ഥികളെ നിർത്തുകയെന്നും സിപിഎം നേതാവ് പറയുന്നു. ഒരൊറ്റ വാർഡിലും ജയിക്കാനായില്ലെങ്കിൽ ബംഗാളിലെ പാർട്ടി നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനു സമാനമായി തൃണമൂൽ-ബിജെപി പോരാട്ടമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിലും നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറിയ ബിജെപി താഴേതട്ടിൽ കൂടുതൽ പ്രചാരണപ്രവർത്തനങ്ങളുമായി സജീവമാണ്. ഇതിനാൽ ഇത്തവണയും തൃണമൂലിന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്നുറപ്പാണ്. മറുവശത്ത് നിയമസഭയിൽ നേടാനാകാതെ പോയത് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സാധിച്ചെടുക്കാനായിരിക്കും ബിജെപിയുടെ ശ്രമം. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദാർ പറഞ്ഞു. സംസ്ഥാന സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന സംസ്ഥാന ഭരണകൂടത്തിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്നും മജുംദാർ പറയുന്നു.

TAGS :

Next Story