Quantcast

രക്ഷപെടാൻ നദിയിൽ ചാടി ​ഗുരുതര സൈബർ കേസ് കുറ്റവാളികൾ; കൂടെച്ചാടി നീന്തിപ്പിടിച്ച് പൊലീസ്

ഇവർ ആപ്പുകൾ വഴി നഗ്ന വീഡിയോ കോളുകൾ ചെയ്തും സ്‌ക്രീൻഷോട്ടുകൾ എടുത്തും ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്തും തട്ടിപ്പ് നടത്തിവരികയായിരുന്നു.

MediaOne Logo

Web Desk

  • Published:

    11 Dec 2023 2:05 AM GMT

cybercriminals jump into river to evade arrest nabbed by cops
X

റാഞ്ചി: പൊലീസിൽ നിന്ന് രക്ഷപെടാൻ നദിയിൽ ചാടി ​ഗുരുതര സൈബർ ക്രൈം പ്രതികൾ. പിന്നാലെ ചാടിനീന്തി പൊലീസുകാർ. ഒടുവിൽ തിരിച്ചുകയറിയത് പ്രതികളുമായി. ജാർഖണ്ഡിലെ ​ഗിരിദിഹിൽ ബരാകർ നദിയിലേക്കാണ് ആറ് പ്രതികൾ ചാടിയത്.

ബരാകർ നദിയുടെ തീരത്തുവച്ച് സൈബർ കുറ്റവാളികളെ പിടികൂടാനെത്തിയപ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് സംഘത്തെ കണ്ടയുടൻ പ്രതികൾ രക്ഷപെടാനായി വെള്ളത്തിലേക്ക് ചാടിയത്. എന്നാൽ കരയിൽ നോക്കിനിൽക്കാതെ പൊലീസുകാരും വെള്ളത്തിലേക്ക് ചാടുകയും പിന്തുടരുകയും എല്ലാ പ്രതികളെയും പിടികൂടുകയുമായിരുന്നു.

വിവിധ മേഖലകളിൽ പൊലീസ് നടത്തി റെയ്ഡിനു പിന്നാലെയാണ് അറസ്റ്റ്. പൊലീസ് ഓപ്പറേഷനിൽ 8,29,600 രൂപ, 12 മൊബൈൽ ഫോണുകൾ, 21 എടിഎം കാർഡുകൾ, 18 സിം കാർഡുകൾ, 12 പാസ്ബുക്കുകൾ, ആറ് ചെക്ക് ബുക്കുകൾ, നാല് പാൻ കാർഡുകൾ, രണ്ട് ആധാർ കാർഡുകൾ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു.

അറസ്റ്റിലായ സൈബർ കുറ്റവാളികൾ ആപ്പുകൾ വഴി നഗ്ന വീഡിയോ കോളുകൾ ചെയ്തും സ്‌ക്രീൻഷോട്ടുകൾ എടുത്തും ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്തും തട്ടിപ്പ് നടത്തിവരികയായിരുന്നെന്ന് ഗിരിദിഹിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ന്യൂട്രീഷ്യൻ ട്രാക്കർ ആപ്പ് വഴി പ്രസവാനുകൂല്യം നൽകാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച് ഗർഭിണികളെയും ഇവർ തട്ടിപ്പിനിരയാക്കിയിരുന്നു.

പ്രതികളെ പിടിക്കാനുള്ള ശ്രമത്തിനിടെ, കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന അഭ്യൂഹം പരത്തി നാട്ടുകാർ ഓപ്പറേഷൻ വഴിതെറ്റിക്കാൻ ശ്രമിച്ചതും പൊലീസിന് വെല്ലുവിളിയായി. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോട് നാട്ടുകാർ ശത്രുതയോടെയാണ് പ്രതികരിച്ചതെന്നും ഈ വെല്ലുവിളികൾക്കിടയിലും തങ്ങൾ ഓപ്പറേഷൻ വിജയകരമായി നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

TAGS :

Next Story