Quantcast

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ കനത്ത മഴ, ജനജീവിതം സ്തംഭിച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇൻഡിഗോ എയർലൈൻസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താൽക്കാലികമായി നിർത്തിവച്ചു

MediaOne Logo

Web Desk

  • Updated:

    2024-11-30 06:11:50.0

Published:

30 Nov 2024 6:08 AM GMT

Cyclone Fengal
X

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ തമിഴ്നാടിന്‍റെ തീരദേശ മേഖലകളിൽ കനത്ത മഴയും കാറ്റും തുടങ്ങി. ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയിൽ കാറ്റ് കരകയറും. 7 ജില്ലകളിൽ റെഡ് അലർട്ടും 9 ഇടത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഉണ്ട്. സ്വകാര്യ കമ്പനികളുടെ അടക്കം വിമാന സർവീസിനെയും ബാധിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താൽക്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻതൂക്കം നൽകി വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ചെന്നൈ ഡിവിഷനിലെ എല്ലാ സബർബൻ സെക്ഷനുകളിലും ലോക്കൽ ട്രെയിനുകൾ കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്.

അതേസമയം, ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്‌നാടിൻ്റെ വടക്കൻ തീരദേശ ജില്ലകളിൽ ശനിയാഴ്ചയും ശക്തമായ മഴ തുടരുമെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ആർഎംസി) പ്രവചിക്കുന്നു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ല്കുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് തമിഴ്നാട് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിന്‍ജാല്‍ചുഴലിക്കാറ്റ് നേരത്തെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായും പിന്നീട് വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ കടക്കുമെന്നും ഐഎംഡി അറിയിച്ചു. ഏകദേശം പടിഞ്ഞാറോട്ട് നീങ്ങി വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കടക്കാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം ആഞ്ഞടിക്കുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. മുൻകരുതലിന്‍റെ ഭാഗമായി, നഗരത്തിലെ മറീന ബീച്ച്, പട്ടിനപാക്കം, എഡ്വേർഡ് എലിയറ്റ് ബീച്ച് എന്നിവയുൾപ്പെടെയുള്ള ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. പുതുച്ചേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ മഴ ശക്തമല്ലെങ്കിലും കടല്‍ പതിവിലും പ്രക്ഷുബ്ധമായിരുന്നു. ഫിന്‍ജല്‍ ചുഴലിക്കാറ്റ് കൈകാര്യം ചെയ്യാൻ സർക്കാരും പൊലീസും പൂർണ സജ്ജമാണെന്നും പൊതുജനങ്ങൾ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും എസ്എസ്പി കലൈവാണൻ ഉറപ്പുനൽകി. ഐഎംഡി മുന്നറിയിപ്പ് കണക്കിലെടുത്ത് ഒമ്പത് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ ചെന്നൈയില്‍ പലയിടത്തും വെള്ളക്കെട്ടിന് കാരണമായി, താഴ്ന്ന പ്രദേശമായ മടിപ്പാക്കത്തെ നിവാസികൾ അവരുടെ വാഹനങ്ങൾ അടുത്തുള്ള വേളാച്ചേരി മേൽപ്പാലത്തിൻ്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തു. പൊതുജനങ്ങള്‍ക്ക് സഹായത്തിനായി റവന്യൂ, ദുരന്തനിവാരണ വകുപ്പ് 112, 1077 എന്നീ ടോൾ ഫ്രീ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. 9488981070 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെയും ആളുകൾക്ക് സഹായം തേടാം.

TAGS :

Next Story