Quantcast

മിഗ്ജൗം തീവ്രചുഴലിക്കാറ്റായി കരയിലേക്ക്; ചെന്നൈ നഗരവും സമീപ ജില്ലകളും പൂർണമായും വെള്ളത്തിൽ,മരണം അഞ്ചായി

വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-05 00:54:41.0

Published:

5 Dec 2023 12:53 AM GMT

chennai rain
X

ചെന്നൈ വെള്ളത്തില്‍

ചെന്നൈ: തമിഴി്നാടിനെ വിറപ്പിച്ച് മിഗ്ജജൗം ചുഴലിക്കാറ്റ്. കനത്ത മഴയിൽ ചെന്നൈയിലെയും സമീപ ജില്ലകളിലെയും ജനജീവിതം നിശ്ചലമായി. ചെന്നൈ നഗരം പൂർണമായും വെള്ളത്തിലാണ്. മഴക്കെടുതിയിൽ ഇതുവരെ അഞ്ചു പേരാണ് മരിച്ചത്. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു.നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.നാലു ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

മിഗ്‍ജൌം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയും സമീപ ജില്ലകളെയും അക്ഷരാർഥത്തിൽ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഞായറാഴ്ച മുതൽ പെയ്ത അതിശക്തമായ മഴയാണ് ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയത്. പുതുച്ചേരിയില്‍ തീരപ്രദേശത്ത് ഇന്ന് വൈകിട്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നാല് ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചു. മഴ ശക്തമായ ചെന്നൈ, കാഞ്ചിപുരം,തിരുവള്ളൂർ, ചെങ്കൽപേട്ട് തുടങ്ങിയ ജില്ലകളിലെ സ്കൂൾ കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിന് ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനക്കൊപ്പം സൈന്യവും ഇറങ്ങി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ 9 മണിവരെ അടച്ചു. നൂറിലധികം ട്രെയിനുകൾ റദ്ദാക്കി. വെല്ലുവിളി നിറഞ്ഞ ഈ സമയത്തെ അതിജീവിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധ പ്രവർത്തകരോടും രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാകാൻ ആവശ്യപ്പെട്ടു.

അതേസമയം അടുത്ത ആറുമണിക്കൂറിൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിഗ്‍ജൗം ഇന്ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തു നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ കരതൊടും. ആന്ധ്രയിലെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട് , പുതുച്ചേരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും കേന്ദ്ര സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കേരളത്തിലും വരുന്ന അഞ്ച് ദിവസം മഴ മുന്നറിയിപ്പുണ്ട്.

TAGS :

Next Story