Quantcast

'ഇടതുവശത്തുകൂടെ ഓവർടേക്കിനുള്ള ശ്രമം പാളി; കാർ ഓടിച്ചത് മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ്-മിസ്ത്രി ഇരുന്നത് പിൻസീറ്റിൽ'

മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റും ആക്ടിവിസ്റ്റുമായ അനാഹിതയായിരുന്നു മേഴ്‌സിഡസ് കാർ ഓടിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-04 18:25:12.0

Published:

4 Sep 2022 5:03 PM GMT

ഇടതുവശത്തുകൂടെ ഓവർടേക്കിനുള്ള ശ്രമം പാളി; കാർ ഓടിച്ചത് മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ്-മിസ്ത്രി ഇരുന്നത് പിൻസീറ്റിൽ
X

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അമിതവേഗത്തെ തുടര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട മേഴ്‌സിഡസ് ജി.എൽ.സി കാർ ഓടിച്ചത് മുംബൈയിലെ പ്രശസ്തയായ ഡോക്ടറായ മിസ്ത്രിയുടെ സുഹൃത്താണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചിട്ടുണ്ട്.

മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോളെ ആയിരുന്നു കാറോടിച്ചിരുന്നത്. ആരോഗ്യ രംഗത്തിനു പുറമെ സാമൂഹിക പ്രവർത്തനത്തിലും സജീവമാണ് അവർ. മറീൻ ലൈൻസിലെ ഹോർഡിങ്‌സിനെതിരെ സമരം നടത്തിയ വാർത്തകളിൽ നിറഞ്ഞിരുന്നു.

'അമിതവേഗം; നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ചുകയറി'

ഇന്നു വൈകീട്ട് 3.15ഓടെ മുംബൈക്കടുത്തുള്ള പാൽഘഡിൽ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. അമിത വേഗതയിലായിരുന്നു അനഹിത വാഹനമോടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇടതുവശത്തുകൂടെ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് ഡിവൈഡറിൽ പോയി ഇടിച്ചത്.

അനഹിതയുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെയും മുന്‍സീറ്റിലായിരുന്നു. മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളെയും പിന്‍സീറ്റിലായിരുന്നു. അമിതവേഗതയില്‍ ഇടതുവശത്തുകൂടെ മറ്റൊരു വാഹനത്തെ ഇവര്‍ സഞ്ചരിച്ച കാറ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മിസ്ത്രിക്കു പിന്നാലെ ജഹാംഗീർ ആശുപത്രിയിൽ വച്ചും മരിക്കുകയായിരുന്നു. അനഹിതയുടെയും ഡാരിയസിന്റെയും നില ഗുരുതരമാണ്. വാപിയിലെ റെയിൻബോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ കഴിയുന്നത്.

ദാരുണാന്ത്യം ബന്ധുവിന്റെ സംസ്‌കാരചടങ്ങിൽനിന്നു മടങ്ങവെ

വാഹനത്തിലുണ്ടായിരുന്നവരുമായി സൈറസ് മിസ്ത്രിക്ക് കുടുംബബന്ധമുണ്ട്. മുംബൈയിലെ അറിയപ്പെട്ട കുടുംബമാണ് പണ്ടോളെ. അനഹിതയുടെ ഭർത്താവ് ജെ.എം ഫിനാൻഷ്യലിന്റെ പ്രൈവറ്റ് ഇക്വിറ്റി തലവനാണ്. കമ്പനിയുടെ സി.ഇ.ഒയും മാനേജിങ് ഡയരക്ടറുമാണ്. കഴിഞ്ഞ ദിവസം മരിച്ച ഗുജറാത്തിലുള്ള ബന്ധുവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടമുണ്ടായത്.

Summary: A well-known gynecologist from Mumbai drove Mercedes in which Cyrus Mistry killed, says Police

TAGS :

Next Story