Quantcast

ഹിജാബ് ധരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍; പ്രിന്‍സിപ്പാളിനു വേണ്ടി നിരത്തിലിറങ്ങി പ്രതിഷേധം

സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാൻ ശിൽപശാലയ്ക്കായി വിദ്യാർഥികളെ പള്ളിയിലേക്ക് കൊണ്ടുപോയതിനാണ് ശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    14 Sept 2023 12:03 PM IST

Dabolim school students stage protest
X

വിദ്യാര്‍ഥികളുടെ പ്രതിഷേധം

പനാജി: പ്രിൻസിപ്പാള്‍ ശങ്കർ ഗാവോങ്കറിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി ഗോവ ദബോലിം കേശവ് സ്മൃതി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ . അധ്യാപകന് നീതി തേടി വിദ്യാര്‍ഥികള്‍ ബാധനാഴ്ച രാവിലെ പ്രകടനം നടത്തി. പ്ലക്കാർഡുകളുമേന്തി വിദ്യാർഥികൾ റോഡിലിറങ്ങുകയും ചെയ്തു. സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാൻ ശിൽപശാലയ്ക്കായി വിദ്യാർഥികളെ പള്ളിയിലേക്ക് കൊണ്ടുപോയതിനാണ് ശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.

വിദ്യാർഥികളുടെ പ്രതിഷേധത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശില്‍പശാലക്ക് കൊണ്ടുപോയതിന്‍റെ ഉത്തരവാദിത്തം സ്കൂളിനല്ലെന്നും മുസ്‍ലിം ആചാരങ്ങൾ പാലിക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നത് വീഡിയോയിലുണ്ട്. തങ്ങൾ ശിൽപശാലയുടെ ഭാഗമായിരുന്നുവെന്നും സ്‌കൂളിൽ നിന്നോ പ്രിൻസിപ്പാളിൽ നിന്നോ യാതൊരു സമ്മർദവും കൂടാതെയാണ് ഹിജാബ് ധരിച്ചിരുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.

ശനിയാഴ്ച ദബോലിമിലെ പള്ളിയിൽ വിദ്യാർഥി സംഘടനയായ എസ്‌ഐ‌ഒ സംഘടിപ്പിച്ച വിദ്യാഭ്യാസ ശിൽപശാലയില്‍ പങ്കെടുക്കാനാണ് അവരുടെ ക്ഷണപ്രകാരം പ്രിൻസിപ്പാള്‍ വിദ്യാർഥികളെ കൊണ്ടുപോയത്. എന്നാൽ, നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ഒരു സംഘടനയുടെ ക്ഷണപ്രകാരമാണ് പ്രസ്തുത ശിൽപശാല സംഘടിപ്പിച്ചതെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ആരോപിച്ച് സ്കൂൾ പ്രിൻസിപ്പാളിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്തത്.

എന്നാൽ, സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാനായി മുമ്പും ക്ഷേത്രങ്ങളിലും ചർച്ചുകളിലും പള്ളികളിലും സമാനമായ രീതിയിൽ വിദ്യാർഥികളുടെ സന്ദർശനം സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു. 'എല്ലാ മതങ്ങളിൽ നിന്നുമുള്ള കുട്ടികളും സ്‌കൂളിൽ പഠിക്കുന്നുണ്ട്. മറ്റൊരു സ്‌കൂളിലെ ചില വിദ്യാർഥികളും മസ്ജിദ് സന്ദർശിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് എന്നെ സസ്‌പെൻഡ് ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു ശങ്കറിന്‍റെ പ്രതികരണം.

TAGS :

Next Story