അഖ്‌ലാഖിന്റെ ക്രൂരകൊലയ്ക്ക് ഏഴു വർഷം; അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, പ്രതികൾ പുറത്ത്- ആ കേസിന് എന്തു സംഭവിച്ചു?
''ദാനിഷ് മരിച്ചെന്ന് കരുതിയ സംഘം പിന്നീട് തിരിഞ്ഞത് അഖ്‌ലാഖിനു നേരെ. കൈയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡുകളും വടികളുമായി പൊതിരെ മര്‍ദനം. അഖ്‌ലാഖും രക്തത്തിൽ കുളിച്ച് നിലത്തു വീണു.''

ന്യൂഡൽഹി: 2015 സെപ്റ്റംബർ 28നായിരുന്നു അത്. കൃത്യം ഏഴു വർഷംമുൻപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ഇന്ത്യയിൽ സ്വാഭാവിക സംഭവമായി മാറിയ ആൾക്കൂട്ടക്കൊലകളുടെയെല്ലാം തുടക്കം. രാത്രി 10.30. ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന ഒരു 45കാരനും കുടുംബവും എന്നത്തെയും പോലെ ഉറക്കത്തിലേക്ക് വഴുതിയിരുന്നു.
പെട്ടെന്നാണ് 20ഓളം വരുന്ന വലിയൊരു ആൾക്കൂട്ടം വീട്ടിലേക്ക് ആക്രോശവുമായി ഇരച്ചെത്തുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് വീട്ടിനകത്തുണ്ടായിരുന്ന ആർക്കും മനസിലാകുന്നുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന തയ്യൽ മെഷീൻ കൊണ്ട് അഖ്‌ലാഖിന്റെ 29 വയസുകാരനായ മകൻ മുഹമ്മദ് ദാനിഷിന്റെ തലയ്ക്ക് അതിശക്തമായി അടിച്ചു അക്രമികൾ. തലയിൽനിന്ന് ഇറച്ചിക്കഷണങ്ങൾ ചിതറിത്തെറിച്ച്, രക്തം വാർന്ന് ബോധരഹിതനായി നിലത്തു വീണു ദാനിഷ്.
ദാനിഷ് മരിച്ചെന്ന് കരുതിയ സംഘം പിന്നീട് തിരിഞ്ഞത് അഖ്‌ലാഖിനു നേരെ. കൈയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡുകളും വടികളും ഉപയോഗിച്ച് തലങ്ങും വിലങ്ങും പൊതിരെ തല്ലുകയും ഇടിക്കുകയും ചെയ്തു. അഖ്‌ലാഖും രക്തത്തിൽ കുളിച്ച് നിലത്തു വീണു. ഇതിനിടയിൽ തൊട്ടടുത്തുള്ള മകൾ ശായിസ്തയ്ക്കുനേരെ തിരിഞ്ഞ് പീഡനത്തിനു ശ്രമിച്ചു ഒരാൾ. എന്നാൽ, അക്രമിയെ ധീരയായി നേരിട്ടു 27കാരി.
ഇതേസമയത്ത് വലിയൊരു സംഘം പുറത്തും കാത്തിരിക്കുന്നുണ്ടായിരുന്നു. അക്രമികൾ അഖ്‌ലാഖിനെ പിടിച്ചു നിലത്തൂടെ വലിച്ചിഴച്ച് പുറത്ത് ആൾക്കൂട്ടത്തിനു നടുവിലേക്ക് കൊണ്ടുപോയി ഇട്ടുകൊടുത്തു. അവിടെയും ആൾക്കൂട്ടം ക്രൂരപീഡനം തുടർന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അഖ്‌ലാഖ് മരണത്തിനു കീഴടങ്ങിയിരുന്നു. തലയോട്ടി തകർന്നു രക്തംവാർന്നുകൊണ്ടിരുന്ന ദാനിഷിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
പ്രദേശത്തെ ക്ഷേത്രത്തിൽനിന്നുള്ള ഒരു അനൗൺസ്‌മെന്റ് ആയിരുന്നു എല്ലാത്തിനും തുടക്കം. അഖ്‌ലാഖും കുടുംബവും ചേർന്ന് പശുവിനെ കൊന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സ്പീക്കറില്‍ വിളിച്ചറിയിക്കുകയായിരുന്നു ചെയ്തത്. എല്ലാവരോടും നാട്ടിലെ ട്രാൻസ്‌ഫോമറിനു മുന്നിൽ ഒത്തുകൂടാൻ ആവശ്യപ്പെട്ടു. ഗോവധത്തിനു പ്രതികാരം ചെയ്യാനായിരുന്നു ആഹ്വാനം. ആഹ്വാനം ഏറ്റെടുത്ത് എത്തിയ ആൾക്കൂട്ടമായിരുന്നു ആ രാത്രി അഖ്‌ലാഖിന്റെ വീട്ടിലെത്തി ക്രൂരകൃത്യങ്ങൾ നടത്തിയത്.
ഒച്ചിഴയുന്ന വേഗത്തിൽ വിചാരണ
രാജ്യ മനഃസാക്ഷിയെ മുഴുവൻ ഞെട്ടിച്ച സംഭവം നടന്നിട്ട് ഏഴു വർഷമായി. എന്നാൽ, കഴിഞ്ഞ വർഷം മാത്രമാണ് കേസിൽ വിചാരണ ആരംഭിച്ചതെന്നത് അതിലേറെ ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോഴും തെളിവ് ഹാജരാക്കൽ ഘട്ടത്തിലേ കേസ് നടപടികൾ എത്തിയിട്ടുള്ളൂ.
2015 ഡിസംബറിൽ ഉത്തർപ്രദേശ് പൊലീസ് കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ കുറ്റം ചുമത്തുന്നത് 2021 ഫെബ്രുവരിയിലാണ്! കേസിലെ പ്രധാന സാക്ഷികളായ അഖ്‌ലാഖിന്റെ മാതാവ് അശ്ഗാരി ബീഗവും മക്കളായ ദാനിഷും ശായിസ്തയും 2021 മാർച്ച് 25ന് സുരാജ്പൂർ ജില്ലാ അതിവേഗ കോടതിയിലും ഗ്രേറ്റർ നോയ്ഡ സെഷൻസ് കോടതിയിലും ഹാജരാകേണ്ടതായിരുന്നു. എന്നാൽ, കോടതിയുടെ സമൻസ് അവർക്ക് ലഭിച്ചിരുന്നില്ല. കോടതി അയച്ച സമൻസ് കുടുംബത്തിന് നൽകുന്ന കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് ഇവരുടെ അഭിഭാഷകൻ യൂസുഫ് സൈഫി പറയുന്നത്.
കേസ് ഏപ്രിലിലേക്ക് മാറ്റി. എന്നാൽ, സമാന അനുഭവം തന്നെ ഇത്തവണയും ആവർത്തിച്ചു. ഒടുവിൽ മകൾ ശായിസ്തയ്ക്ക് അതിവേഗ കോടതി അഡിഷനൽ ജഡ്ജായ രൺവിജയ് പ്രതാപ് സിങ്ങിനുമുൻപാകെ കഴിഞ്ഞ ജൂൺ 16ന് ഹാജരാകാനായി. മൂന്നു ദിവസമെടുത്താണ് അവൾ കോടതിയിൽ മൊഴി രേഖപ്പെടുത്തിയത്.
ആൾക്കൂട്ടക്കൊല സംഭവത്തിൽ ഇടപെട്ട് 2018ൽ സുപ്രിംകോടതി നിർണായക ഉത്തരവിറക്കിയിരുന്നു. ഇത്തരം സംഭവങ്ങളിൽ അതിവേഗ കോടതിയിൽ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കി ശിക്ഷാനടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, അഖ്‌ലാഖ് കേസിൽ ആറു മാസമല്ല, ഏഴു വർഷം കഴിഞ്ഞിട്ടും കാര്യമായൊരു അനക്കവുമില്ല. എന്നുമാത്രവുമല്ല, ഇരകൾക്കെതിരെ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് കേസെടുക്കാനും നീക്കമുണ്ടായി. കേസ് നടപടികൾ വൈകിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും പലതവണ ഇടപെടലുമുണ്ടായി.
2016 ജൂണിൽ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ ഗോവധം ആരോപിച്ച് കേസെടുത്തു. ഒരു സുരാജ്പാൽ സ്വദേശിയുടെ പരാതിയിൽ ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. എന്നാൽ, കുടുംബത്തിനെതിരെ നടപടി സ്വീകരിക്കുന്നത് പിന്നീട് അഹലബാദ് ഹൈക്കോടതി തടയുകയായിരുന്നു. അഖ്‌ലാഖും കുടുംബവും പശുവിനെ കൊന്നതിന് തെളിവില്ലെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
ഇൻസ്‌പെക്ടർ സുബോധിന്‍റെ കൊലപാതകം
കേസന്വേഷണത്തിൽ ഇൻസ്‌പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ അതിവേഗത്തിലുള്ള ഇടപെടൽ നിർണായകമായിരുന്നു. ഇരയുടെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അതിവേഗത്തിൽ 10 പ്രതികളെ അറസ്റ്റ് ചെയ്തു. എന്നാൽ, സുബോധിനെ അധികം വൈകാതെ വരാണസിയിലേക്ക് സ്ഥലംമാറ്റി. ഇതോടെ കേസന്വേഷണവും വഴിമുട്ടി. വൈകാതെ മതിയായ തെളിവുകൾ ഹാജരാക്കാനാകാതെ അഹലബാദ് ഹൈക്കോടതി മുഴുവൻ പ്രതികൾക്കും ജാമ്യവും നൽകി.
ഇതിനിടെ ഞെട്ടിപ്പിച്ചുകൊണ്ട് മറ്റൊരു കൊലയും നടന്നു. അഖ്‌ലാഖ് കേസ് അന്വേഷിച്ചിരുന്ന സുബോധ് സിങ്ങിനെ 2018 ഡിസംബർ മൂന്നിന് ബജ്രങ്ദൾ, ബി.ജെ.പിയുടെ യുവമോർച്ച അടക്കമുള്ള ഹിന്ദുത്വ സംഘം കൊലപ്പെടുത്തി. യു.പിയിലെ ബുലന്ദ്ഷഹറിൽ പശുക്കൊല ആരോപിച്ച് നടന്ന സംഘർഷത്തിനിടെയായിരുന്നു സംഭവം.
ദാദ്രി കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയതിന്റെ പേരിലാണ് സഹോദരൻ കൊലയ്ക്കിരയായതെന്ന് കുടുംബം ആരോപിച്ചു. സുബോധിനെ ഇല്ലാതാക്കാൻ യു.പി പൊലീസും ഗൂഢാലോചന നടത്തിയതായി കുടുംബം വെളിപ്പെടുത്തി.
Summary: 7 Years after brutal murder of Akhlaq's Lynching in Uttar Pradesh's Dadri: Investigation officer Subodh Kumar Singh killed and only 1 of 25 witnesses testify as trial reaches dvidence stage
Adjust Story Font
16

