കടയുടമയുടെ മകനെ 'ബേട്ട' എന്ന് വിളിച്ചതിന് ഗുജറാത്തിൽ ദലിത് യുവാവിനെ തല്ലിക്കൊന്നു
ലഘുഭക്ഷണം വാങ്ങാനെത്തിയ നിലേഷ് റാത്തോഡ് എന്ന യുവാവിനെയാണ് കടയുടമയും കൂട്ടരും ഇരുമ്പ് തവികൊണ്ട് അടിച്ചത്

ഗുജറാത്ത്: ഗുജറാത്തിലെ അമ്രേലിയിൽ കടയുടമയുടെ മകനെ 'ബേട്ട' (മകനേ) എന്ന് വിളിച്ചതിന് ദലിത് യുവാവിനെ അടിച്ചുകൊന്നു. ലഘുഭക്ഷണം വാങ്ങാനെത്തിയ നിലേഷ് റാത്തോഡ് എന്ന യുവാവിനെയാണ് കടയുടമയും കൂട്ടരും ഇരുമ്പ് തവികൊണ്ട് അടിച്ചത്. യുവാവിനെ തല്ലുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പരാമർശിക്കുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിലേഷ് റാത്തോഡിന്റെ അമ്മാവൻ കടയിലേക്ക് പോയപ്പോൾ കടയുടമയും 13 പേരും ചേർന്ന് അമ്മാവനെയും യുവാവിനെയും വടികളും അരിവാളുകളും ഉപയോഗിച്ച് വീണ്ടും ആക്രമിച്ചു. ആക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷം നിലേഷ് റാത്തോഡ് മരണത്തിന് കീഴടങ്ങി. നിലേഷിന് നീതി ലഭിച്ചില്ലെങ്കിൽ മൃതദേഹം സ്വീകരിക്കാൻ കുടുംബം വിസമ്മതിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ ആവശ്യങ്ങൾ എംഎൽഎ ജിഗ്നേഷ് മേവാനി അംഗീകരിച്ചു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം 10 വകുപ്പുകളിലായി അമ്രേലി പോലീസ് ഒമ്പത് പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സെക്ഷൻ 118(1) (ഗുരുതരമായ പരിക്കേൽപ്പിക്കൽ), 189(2) (നിയമവിരുദ്ധ സംഘം ചേരൽ), 189(4) (മാരകായുധങ്ങളുമായി നിയമവിരുദ്ധ സംഘം ചേരൽ), 190, 191(3) (മാരകായുധങ്ങളുമായി കലാപം നടത്തൽ), 131 (ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 352 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്നതിനായി മനഃപൂർവ്വം അപമാനിക്കൽ), 3(5) (ഒരു ക്രിമിനൽ പ്രവൃത്തിയുടെ സംയുക്ത ബാധ്യത) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വിവിധ വകുപ്പുകൾ, ഗുജറാത്ത് പോലീസ് ആക്ടിലെ സെക്ഷൻ 135 എന്നിവ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16