മുംബൈയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ മഞ്ചൂരിയനിൽ ചത്ത എലിക്കുഞ്ഞ്; പൊലീസ് കേസെടുത്തു
അന്താരാഷ്ട്ര വനിതാ ദിനത്തിൽ നവി മുംബൈയിലെ പർപ്പിൾ ബട്ടർഫ്ലൈ ഹോട്ടലിലാണ് സംഭവം

മുംബൈ: നവി മുംബൈയിലെ ഐറോളിയിലുള്ള ഒരു ഹോട്ടലിൽ നിന്നും വാങ്ങിയ മഞ്ചൂരിയനിൽ ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ നവി മുംബൈയിലെ പർപ്പിൾ ബട്ടർഫ്ലൈ ഹോട്ടലിലാണ് സംഭവം. ജ്യോതി കൊണ്ടേ എന്ന സ്ത്രീയും പത്തോളം സുഹൃത്തുക്കളും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഓര്‍ഡര്‍ ചെയ്ത മഞ്ചൂരിയനിലാണ് എലിക്കുഞ്ഞിനെ കണ്ടത്. കുറച്ചു പേര്‍ ഭക്ഷണം കഴിച്ചിരുന്നു. പരിഭ്രാന്തരായ സ്ത്രീകള്‍ ഉടൻ ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. തുടക്കത്തിൽ, ജീവനക്കാർ തങ്ങളുടെ തെറ്റ് സമ്മതിക്കാൻ തയ്യാറായില്ല. എന്നാൽ, സ്ത്രീകൾ വിട്ടുകൊടുത്തില്ല,ചൂടേറിയ വാഗ്വാദത്തിന് ശേഷം ഹോട്ടൽ ജീവനക്കാര്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് സമ്മതിച്ചു. പിന്നീട് യുവതികൾ റബാലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തെളിവായി ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു.
ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം അധികൃതർ കേസ് രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ അന്വേഷണം നടത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഹോട്ടൽ മാനേജ്മെന്‍റ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. സംഭവം പ്രദേശത്തെ ഭക്ഷണശാലകളിലെ ഭക്ഷ്യ സുരക്ഷയെയും ശുചിത്വ നിലവാരത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഹോട്ടലുടമയ്ക്കും മാനേജ്‌മെന്‍റിനുമെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്ത്രീകൾ ഭക്ഷ്യ വകുപ്പിനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

