മലിനജലം കുടിച്ച് മരണം തുടരുന്നു; കലക്ടർ ആർഎസ്എസ് ഓഫീസിൽ ചർച്ചയിൽ; മധ്യപ്രദേശിൽ വിവാദം മുറുകുന്നു
'കലക്ടർ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെപ്പോലെയല്ല, മറിച്ച് ബിജെപി അംഗത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ ഹാജർ വെക്കാനല്ല കലക്ടർ പോകേണ്ടത്'

- Published:
9 Jan 2026 1:04 PM IST

ഇൻഡോർ: മധ്യപ്രദേശിന്റെ വ്യാവസായിക തലസ്ഥാനവും സ്വച്ഛ് ഭാരത് സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ജനങ്ങൾ മരിച്ചു വീഴുന്നതിനിടെ കലക്ടർ ആർഎസ്എസ് കാര്യാലയത്തിൽ എത്തി ചർച്ച നടത്തിയത് വിവാദമാവുന്നു. ഇൻഡോർ കലക്ടർ ശിവം വർമ്മയാണ് മേയർ പുഷ്യമിത്ര ഭാർഗവിനൊപ്പം ആർഎസ്എസ് കാര്യാലയമായ 'സുദർശൻ' സന്ദർശിച്ചത്. സംഭവത്തിൽ കലക്ടർക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്തുവന്നു. കലക്ടർ ബിജെപി പ്രവർത്തകനെപ്പോലെയാണ് പെരുമാറുന്നതെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിതു പട്‌വാരി കുറ്റപ്പെടുത്തി.
ബുധനാഴ്ച രാത്രിയാണ് കലക്ടറും മേയറും ആർഎസ്എസ് മാൾവ പ്രാന്ത് പ്രചാരക് രാജ് മോഹൻ സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. ഭഗീരഥപുരയിലെ മലിനജല ദുരന്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ ചർച്ച ചെയ്തതായാണ് വിവരം. സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കോൺഗ്രസ് കലക്ടർക്കെതിരെ രംഗത്തെത്തിയത്.
'കലക്ടർ ബിജെപി അംഗത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ ഹാജർ വെക്കാനല്ല കലക്ടർ പോകേണ്ടത്. നഗരത്തിൽ ജനങ്ങൾ മരിച്ചുവീഴുമ്പോൾ കലക്ടർ തന്റെ ഓഫീസിലിരുന്ന് ചീഫ് സെക്രട്ടറിയുമായും മന്ത്രിമാരുമായും പരിഹാരങ്ങൾ ചർച്ച ചെയ്യുകയായിരുന്നു വേണ്ടത്,'- പട്‌വാരി പറഞ്ഞു. കലക്ടർ രാഷ്ട്രീയ വിധേയത്വം കാണിക്കുകയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കോൺഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും ജിതു പട് വാരി മുന്നറിയിപ്പ് നൽകി.
ഇൻഡോറിലെ ഭഗീരഥപുരയിൽ കുടിവെള്ളത്തിൽ മലിനജലം ഉപയോഗിച്ചതിനെത്തുടർന്നാണ് ആളുകൾ മരിച്ചത്. ദുരന്തത്തിൽ 17 പേർ മരിച്ചു എന്നാണ് തദ്ദേശവാസികൾ പറയുന്നത്. മരണം 20 ആണെന്നാണ് പട്‌വാരിയുടെ ആരോപണം. 18 കുടുംബങ്ങൾക്കാണ് സർക്കാർ ധനസഹായം വിതരണം ചെയ്തത്. ദുരന്തത്തിൽ മരണപ്പെട്ടവരെക്കുറിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയവർഗി അപകീർത്തികരമായ പരാമർശം നടത്തിയതും വിവാദമായിരുന്നു.
Adjust Story Font
16
