Quantcast

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യമില്ല; രണ്ട് കുറ്റങ്ങൾ കൂടി ചുമത്തി

ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ 35-ാം വകുപ്പിനൊപ്പം സുബൈറിനെതിരെ പുതുതായി ചുമത്തിയത്.

MediaOne Logo

Web Desk

  • Published:

    2 July 2022 9:40 AM GMT

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യമില്ല; രണ്ട് കുറ്റങ്ങൾ കൂടി ചുമത്തി
X

ന്യൂഡൽഹി: അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഡൽഹി പട്യാല കോടതി ജാമ്യം നിഷേധിച്ചു. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും പട്യാല ഹൗസ്കോടതി ഉത്തരവിട്ടു. സുബൈറിനെതിരെ ഡൽഹി പൊലീസ് പുതിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് സുബൈറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കവെ ഡൽഹി പൊലീസ് അറിയിച്ചു. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ എഫ്‌.ഐ.ആറിൽ ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ 35ാം വകുപ്പിനൊപ്പമാണ് ചേർത്തത്.

ക്രിമിനൽ ഗൂഢാലോചന എഫ്‌.ഐ.ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ഇടപെടാം. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും ഡൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ൽ നടത്തിയ ട്വീറ്റ് മതസ്പർധയുണ്ടാക്കി എന്നാരോപിച്ചാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമ സ്ഥാപനമാണ് 'ആൾട്ട് ന്യൂസ്'. ​2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തതായും ഇതിനെതിരെ 'ഹനുമാൻ ഭക്ത്' എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞ ദിവസം ബംഗലൂരു ഡി.ജെ ഹള്ളിയിലെ സുബൈറിന്റെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇലക്ട്രോണിസ് തെളിവുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സുബൈറിന് വേണ്ടി ഹാജരായ പ്രമുഖ സുപ്രീംകോടതി അഭിഭാഷക വൃന്ദാ ഗ്രോവർ 1983ൽ റിലീസ് ചെയ്ത ഹിന്ദി സിനിമ 'കിസി സേ ന കഹ്നാ'യിലെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് കേസും അറസ്റ്റും എന്നും ബോധിപ്പിച്ചിരുന്നു.

TAGS :

Next Story