മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആദായനികുതി നോട്ടീസ്; നികുതി വകുപ്പിന് 2 ലക്ഷം പിഴയിട്ട് കോടതി
എന്‍ഡി ടിവിയുടെ പ്രമോട്ടറായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിംഗിന് നല്‍കിയ പലിശരഹിത വായ്പകളുടെ പേരില്‍ നല്‍കിയ നോട്ടീസാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്

- Published:
19 Jan 2026 1:35 PM IST

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരായ പ്രണോയ് റോയിക്കും രാധിക റോയിക്കുമെതിരായ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എന്‍ഡി ടിവിയുടെ പ്രമോട്ടറായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിംഗിന് നല്‍കിയ പലിശരഹിത വായ്പകളുടെ പേരില്‍ നല്‍കിയ നോട്ടീസാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. നികുതി വകുപ്പിന് കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ജസ്റ്റിസുമാരായ ദിനേഷ് മേഹ്ത, വിനോദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് റദ്ദാക്കിയത്. കേസില്‍ ഇതുവരെയും വ്യക്തതയിലേക്ക് എത്തിച്ചേരാന്‍ വാദിഭാഗത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍. 'ഇത്തരം കേസുകളില്‍ പിഴ ഈടാക്കുന്നത് കൊണ്ട് മാത്രം പരിഹാരമാകുന്നില്ല. എങ്കിലും, വെറുതെ വിടാനാകില്ലെന്നതിനാലാണ് ആരോപണവിധേയര്‍ക്ക് ഒരു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്'. കോടതി വ്യക്തമാക്കി.
ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിംഗിന് നല്‍കിയ പലിശരഹിത വായ്പകളുടെ പേരിലാണ് ആദായനികുതി വകുപ്പ് റോയ് ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചത്. എന്നാല്‍, നോട്ടീസില്‍ ആദായനികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പ്രണോയിയും രാധികയും 2017ല്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കേസിന്റെ പിന്നീടുള്ള നാള്‍വഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വാദിഭാഗത്തിന് സാധിച്ചിരുന്നില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി കോടതി നോട്ടീസ് റദ്ദാക്കുകയായിരുന്നു.
Adjust Story Font
16
