Quantcast

'കൗ ഹ​ഗ് ഡേ' ആചരിക്കാൻ കോടതിക്കെങ്ങനെ പറയാനാവും?'; 'പശു ആലിംഗന ദിനം' പിൻവലിച്ചതിനെതിരായ ഹരജി തള്ളി കോടതി

'കൗ ഹഗ് ഡേ' നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

MediaOne Logo

Web Desk

  • Published:

    3 March 2023 4:41 PM GMT

Delhi HC rejects the plea challenging withdrawal of Cow Hug Day
X

ന്യൂഡൽഹി: 'വാലന്റൈൻസ് ഡേ' ആയ ഫെബ്രുവരി 14 'കൗ ഹ​ഗ് ഡേ' ആയി ആചരിക്കാനുള്ള തീരുമാനം പിൻവലിച്ചതിനെതിരായ ഹരജി തള്ളി ഡൽഹി ഹൈക്കോടതി. അതൊരു നയപരമായ തീരുമാനമാണെന്നും കോടതിക്കതിൽ ഇടപെടാനാവില്ലെന്നും പറഞ്ഞാണ് ഹരജി തള്ളിയത്. ഹൈദരാബാദിലെ തിരുമൂല തിരുപ്പതി ദേവസ്ഥാനം മുൻ അം​ഗം കോലിശെട്ടി ശിവകുമാറാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.

'കൗ ഹഗ് ഡേ' നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. 'ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം നേടിയതിനു ശേഷവും മൃഗസംരക്ഷണ- ക്ഷീരവകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം എന്നിവയുടെ നിർദേശപ്രകാരവുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഒരു സാധുവായ കാരണവും വ്യക്തമാക്കാതെ ബോർഡ് അത് പിൻവലിക്കുകയായിരുന്നു"- ഹരജിയിൽ പറയുന്നു.

എന്നാൽ ഇതിനെ ചോദ്യം ചെയ്ത ജസ്റ്റിസ് പ്രതിഭ എം സിങ്, എങ്ങനെയാണ് ഒരു പ്രത്യേക ദിവസം ​'കൗ ഹ​ഗ് ഡേ' ആയി ആചരിക്കാൻ കോടതിക്ക് പറയാനാവുക എന്ന് ചോദിച്ച് ഹരജി തള്ളുകയായിരുന്നു.

'മൃ​ഗക്ഷേമ ബോർഡിന്റെ ഏതെങ്കിലും പ്രത്യേക പരിപാടിയുടെ ആഘോഷം തീർച്ചയായും പ്രസ്തുത ബോർഡിന്റെയും സർക്കാരിന്റെയും കീഴിൽ വരുന്നതാണ്. ആർട്ടിക്കിൾ 226 പ്രകാരമുള്ള ഹരജിയിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല'- ജസ്റ്റിസ് പ്രതിഭ കൂട്ടിച്ചേർത്തു.

ഫെബ്രുവരി ആറിനാണ്, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ഫെബ്രുവരി 14ന് 'കൗ ഹ​ഗ് ഡേ' ആയി ആചരിക്കണമെന്ന നിർദേശം പുറത്തിറക്കിയത്. എന്നാൽ തീരുമാനം വൻ വിവാദമാവുകയും പ്രതിഷേധവും ട്രോളുകളും വ്യാപകമാവുകയും ചെയ്തതോടെ ഫെബ്രുവരി 10ന് ഇത് പിൻവലിച്ച് ബോർഡ് തടിയൂരുകയായിരുന്നു.

TAGS :

Next Story