Quantcast

ഡൽഹിയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ വ്യാപകമാകുന്നു; ഒരു ദിവസം യാത്ര ചെയ്തത് 16 ലക്ഷം പേർ

ഡൽഹിയിലേതു പോലെ രാജ്യത്തെ മറ്റ് മെട്രോ സംവിധാനങ്ങളിലും ഡ്രൈവറില്ലാത്ത സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-11-15 09:30:14

Published:

15 Nov 2026 1:22 PM IST

ഡൽഹിയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ വ്യാപകമാകുന്നു; ഒരു ദിവസം യാത്ര ചെയ്തത് 16 ലക്ഷം പേർ
X

ന്യൂഡൽഹി: ദീപാവലിക്ക് മുന്നോടിയായി ഈ മാസം രണ്ടിന് ഡ്രൈവറില്ലാത്ത UTO ട്രെയിനുകളിൽ യാത്ര ചെയ്തത് 16 ലക്ഷം ആളുകൾ. ഡൽഹി മെട്രോയിൽ ദിവസവും യാത്ര ചെയ്യുന്ന 80 ലക്ഷം ആളുകളുടെ അഞ്ചിലൊന്നാണ് ഇത്. നിലവിൽ ഡൽഹി മെട്രോയുടെ മജന്ത, പിങ്ക് ലൈനുകളിലാണ് ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഏകദേശം 120 കിലോമീറ്റർ ദൂരത്തിൽ 100 ട്രെയിനുകളാണ് അൺഅറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ (UTO) സംവിധാനത്തിൽ പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ വ്യാപകമാകുന്നതോടെ തൊഴിൽ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവിൽ ഡൽഹി മെട്രോയിലെ ട്രെയിൻ ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പകരം, സ്റ്റേഷൻ മാനേജ്മൻ്റ് ഉൾപ്പെടെയുള്ള മറ്റ് ചുമതലകളിലേക്ക് ഇവരെ പുനർവിന്യസിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഓട്ടോമേഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടാകാവുന്ന പിഴവുകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) മാനേജിങ് ഡയറക്ടർ വികാസ് കുമാർ ചൂണ്ടിക്കാട്ടി.

ഡൽഹിയിലേതു പോലെ രാജ്യത്തെ മറ്റ് മെട്രോ സംവിധാനങ്ങളിലും ഡ്രൈവറില്ലാ സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. എന്നാൽ വലിയ നിക്ഷേപച്ചെലവും മതിയായ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും വെല്ലുവിളികളാണ്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാതെ ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങൾക്കനുസൃതമായ തീരുമാനങ്ങൾ എടുക്കണമെന്നാണ് മുൻ റെയിൽവേ ജനറൽ മാനേജർ സുധാൻഷു മണിയുടെ അഭിപ്രായം.

അൺഅറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ അഥവാ UTO എന്നത് ഡ്രൈവറില്ലാതെ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള സാങ്കേതികവിദ്യയാണ്. ട്രെയിൻ സ്റ്റാർട്ട് ചെയ്യുന്നതും വേഗത കൂട്ടുന്നതും സ്റ്റേഷനുകളിൽ നിർത്തുന്നതുമെല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ്. ഡിപ്പോകളിലും യാർഡുകളിലും ട്രെയിനുകൾ സ്വയം പ്രവർത്തനസജ്ജമാകുന്നതിനും പരിശോധനകൾ നടത്തുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ട്രെയിനിന്‍റെ വേഗത നിയന്ത്രിച്ച് പാളത്തിലെ തടസ്സങ്ങൾ തിരിച്ചറിയാനും UTO ട്രെയിനുകൾക്ക് കഴിയും. ഏകദേശം ആറുവർഷം മുമ്പാണ് ഇന്ത്യയിൽ ഈ സാങ്കേതികവിദ്യയ്ക്ക് തുടക്കമായത്.

TAGS :

Next Story