Quantcast

മഴക്കെടുതിയിൽ നിന്ന് കരകയറാനാകാതെ ഡൽഹി; യമുനാ നദി കരകവിഞ്ഞതോടെ വീടുപേക്ഷിച്ചത് പതിനായിരങ്ങൾ

ദുരിതാശ്വാസ കേന്ദ്രങ്ങൾ നൽകാനാതെ ഡൽഹി സർക്കാർ

MediaOne Logo

Web Desk

  • Published:

    8 Sept 2025 7:53 AM IST

മഴക്കെടുതിയിൽ നിന്ന് കരകയറാനാകാതെ ഡൽഹി; യമുനാ നദി കരകവിഞ്ഞതോടെ വീടുപേക്ഷിച്ചത് പതിനായിരങ്ങൾ
X

ഡൽഹി: വെള്ളപ്പൊക്കം ഡൽഹിയിൽ വിതച്ചത് സമാനതയില്ലാത്ത ദുരിതങ്ങളാണ്. യമുന കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ , പതിനായിരത്തിലധികം കുടുംബങ്ങൾക്കാണ് വീടുപേക്ഷിച്ച് അഭയസ്ഥാനം തിരക്കി പോകേണ്ടി വന്നത്. വീടും കൃഷിഭൂമിയും ഉപേക്ഷിച്ച് രക്ഷപ്പെട്ടവർക്ക് ദുരിതാശ്വാസ കേന്ദ്രങ്ങങ്ങൾ നൽകാൻ പോലും ഡൽഹി സർക്കാരിന് കഴിഞ്ഞിട്ടില്ല. യമുന തീരത്ത് പച്ചക്കറിയും പൂക്കളും കൃഷി ചെയ്തും കന്നുകാലികളെ പരിപാലിച്ചും വര്‍ഷങ്ങളായി കഴിയുന്ന ഒരു ജനതയാണ്, തല ചായ്ക്കാൻ ഫ്‌ളൈ ഓവർ മേൽക്കൂരയാക്കിയത് .

യുപിയിലെ ബതായൂനിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുൻപ് ഡൽഹിയിലേക്ക് കുടിയേറിയ കൃഷിക്കാരനാണ് ഫ്‌ളൈ ഓവർ മേൽക്കൂരയാക്കിയത്. കന്നുകാലികളും ട്രാക്ടറും പണി ആയുധങ്ങളുമായിട്ടാണ് ഇവര്‍ അഭയം തേടിയെത്തിയത് . കനത്ത മഴയ്ക്ക് പുറമെ ഹരിയാനയിലെ ഹത്നികുണ്ഡ് ജലസേചന പദ്ധതിയിലെ ബറാജിലെ അധിക ജലം ഒഴുക്കി വിട്ടതും, ദുരിതം ഇരട്ടിയാക്കി.വിളകൾ പൂർണമായും മുങ്ങി നശിച്ചു .

പ്രാഥമിക സൗകര്യങ്ങൾക്ക് നഗരത്തിൽ സൗകര്യമില്ലാത്തത് ഏറെ വലയ്ക്കുന്നു .തൊട്ടിൽ കെട്ടാൻ ഇടമില്ലാത്തത് കൈകുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ജീവിതം ദുസ്സഹമാക്കി .പകൽ പിന്നിട്ടാൽ ഭീതിയുടെ ഇരുട്ടാണ് പരക്കുന്നത്.

വെള്ളം തിരിച്ചിറങ്ങിയാലും വീട്ടിനുള്ളിൽ കെട്ടി കിടക്കുന്ന ചെളി വലിയ വെല്ലുവിളിയാകും. പലർക്കും വീട് അവിടെ ഉണ്ടാകുമോ എന്ന കാര്യത്തിലും ഇവര്‍ക്ക് ഉറപ്പില്ല. കൃഷി നശിച്ചതോടെ ഇനിയുള്ള ജീവിതത്തിലും ആശങ്കയുടെ കാർമേഘവും പെയ്യാനൊരുങ്ങി നില്‍ക്കുകയാണ്.

കുട്ടികളുടെ പാഠപുസ്തകങ്ങളും ബാഗുകളുമടക്കം ഒഴുകി പോയി. കൈയിൽ കിട്ടിയ പുസ്തകവുമായി പഠനം തുടരുന്ന വിദ്യാർഥികളും ഇവിടെയുണ്ട്. പ്രളയം പുറത്തേക്ക് കൊണ്ട് വരുന്നത് ഇത്തരം കരിപുരണ്ട ജീവിതം കൂടിയാണ്.

TAGS :

Next Story