ഡല്‍ഹി എസ്‌ഐആര്‍; വോട്ടര്‍ പട്ടികയില്‍ തുടരാന്‍ യോഗ്യത തെളിയിക്കണം, നോട്ടീസ് ലഭിച്ചവരില്‍ പ്രമുഖരും
ഡല്‍ഹിയിലെ 33 ലക്ഷം വോട്ടര്‍മാര്‍ക്കാണ് നോട്ടീസ് അയച്ചത്

ന്യൂഡല്‍ഹി: എസ്‌ഐആറിന് പിന്നാലെ വോട്ടര്‍ പട്ടികയില്‍ തുടരാന്‍ യോഗ്യത തെളിയിക്കാനുളള നോട്ടീസ് ലഭിച്ചവരില്‍ ഡല്‍ഹിയിലെ പ്രമുഖരും.ഡല്‍ഹിയിലെ 33 ലക്ഷം വോട്ടര്‍മാര്‍ക്കാണ് നോട്ടീസ് അയച്ചത്.
ഇതില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ന്യൂഡല്‍ഹി എംപി ബന്‍സുരി സ്വരാജ്, മുന്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര കുമാര്‍ സച്ദേവ എന്നിവരും ഉള്‍പ്പെടുന്നു.
മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ഭാര്യ സുദേഷ് ധന്‍ഖര്‍, മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍, ഭാര്യ പ്രൊമില സിബല്‍, മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി, ഡല്‍ഹി മന്ത്രി പര്‍വേഷ് സാഹിബ് സിങ്, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു പ്രമുഖര്‍.
രേഖാ ഗുപ്തയും മാതാപിതാക്കളും തമ്മിലുള്ള പ്രായവ്യത്യാസം 15 വയസില്‍ കുറവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ വോട്ടറാണ് രേഖ ഗുപ്ത. നോട്ടീസ് ലഭിച്ചതിന് പിന്നാലെ രേഖാ ഗുപ്ത രേഖകള്‍ ഹാജരാക്കുകയും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
കെജ്‌രിവാളിന്റെ പേരും മാതാപിതാക്കളായ ഗോവിന്ദ് റാം കെജ്‌രിവാള്‍, ഗീതാ ദേവി, ഭാര്യ സുനിത കെജ്‌രിവാള്‍, മകന്‍ പുല്‍കിത് കെജ് രിവാള്‍ എന്നിവരുടെ പേരുകളും 'നോ മാപ്പിങ്' വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബന്‍സുരി സ്വരാജിന്റെ പേരും ഈ വിഭാഗത്തിലാണ്.
Adjust Story Font
16

