Quantcast

ആളൊഴിഞ്ഞ് ഉത്തരാഖണ്ഡിലെ മലയോര ഗ്രാമങ്ങൾ: 'പ്രേത ഗ്രാമമായി' മാറുന്ന ഭയേദി

ഒരുകാലത്ത് 110 കുടുംബങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഭയേദിയിൽ ഇന്ന് അവശേഷിക്കുന്നത് വെറും 52 കുടുംബങ്ങൾ മാത്രമാണ്

MediaOne Logo
ആളൊഴിഞ്ഞ് ഉത്തരാഖണ്ഡിലെ മലയോര ഗ്രാമങ്ങൾ: പ്രേത ഗ്രാമമായി മാറുന്ന ഭയേദി
X

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ച് 25 വർഷം തികയുമ്പോഴും മലയോര മേഖലകളിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായനത്തിന് തടയിടാൻ സർക്കാറിന് സാധിക്കുന്നില്ല. കോടിക്കണക്കിന് രൂപ ​ഗ്രാമങ്ങളിലെ പദ്ധതികൾക്കായി ചെലവഴിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലിക്കുന്നില്ല. പശ്ചിമ ഹിമാലയൻ നിരകളിലെ ഗ്രാമങ്ങൾ ഒന്നൊന്നായി കാലിയായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുമാവോൺ മേഖലയിലെ ബാഗേശ്വർ ജില്ലയിലുള്ള ഭയേദി ഗ്രാമം.

ഒരുകാലത്ത് 110 കുടുംബങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഭയേദിയിൽ ഇന്ന് അവശേഷിക്കുന്നത് വെറും 52 കുടുംബങ്ങൾ മാത്രമാണ്. ഗ്രാമത്തിലൂടെ നടന്നാൽ കാണാൻ സാധിക്കുന്നത് തുരുമ്പിച്ച പൂട്ടുകൾ തൂങ്ങിക്കിടക്കുന്ന വീടുകളും കാടുപിടിച്ചു നശിച്ച വഴികളാണെന്ന് ന്യു ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഭയേദിയിലെയും സമാനമായ മറ്റ് ഗ്രാമങ്ങളിലെയും ജനങ്ങൾ നാടുവിടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രധാനം വികസന മുരടിപ്പ് തന്നെയാണ്.

1980-കളിൽ തന്നെ വൈദ്യുതിയും വെള്ളവും ഗ്രാമത്തിൽ എത്തിയിരുന്നെങ്കിലും പിന്നീട് കാര്യമായ വികസനമൊന്നും ഉണ്ടായില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം, മികച്ച ആരോഗ്യ സേവനങ്ങൾ എന്നിവയുടെ അഭാവം യുവാക്കളെ നഗരങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നുണ്ട്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന കൃഷി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ഏറെക്കുറെ അസാധ്യമാണ്. കാർഷിക ജോലികൾക്ക് തൊഴിലാളികളെ കിട്ടാത്തതും കൃഷി ഉപേക്ഷിക്കാൻ കാരണമാകുന്നു. ഗ്രാമങ്ങളിൽ സുസ്ഥിരമായ വരുമാന മാർഗ്ഗങ്ങളില്ലാത്തതിനാൽ നഗരങ്ങളിൽ ജോലി തേടിപ്പോകുന്നവർ പിന്നീട് അവിടെ തന്നെ സ്ഥിരതാമസമാക്കുന്നത് പതിവാണ്.

ഗ്രാമത്തിലെ വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയില്ലെങ്കിൽ ഭയേദി പൂർണ്ണമായും ഒരു 'പ്രേത ഗ്രാമമായി' മാറുമെന്ന് ഗ്രാമത്തലവൻ ഭഗവതി ദേവി മുന്നറിയിപ്പ് നൽകുന്നു. മലയോര ഗ്രാമങ്ങളെ സംരക്ഷിക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഉത്തരാഖണ്ഡിന്റെ സാംസ്കാരിക പൈതൃകം തന്നെ അപകടത്തിലാകുമെന്നും ഇവർ വ്യക്തമാക്കുന്നു.

TAGS :

Next Story