ബിജെപിക്ക് ആ 100 കോടി നൽകിയത് സാന്റിയാഗോ മാർട്ടിൻ? കോർപറേറ്റ് തെരഞ്ഞെടുപ്പ് ഫണ്ടിൽ പുതിയ കണ്ടെത്തൽ
2011ൽ സിക്കിം സർക്കാരിനെ കബളിപ്പിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതികൾക്കു പിറകെ സിബിഐ 30 കേസുകളാണ് മാർട്ടിനെതിരെ രജിസ്റ്റർ ചെയ്തത്. 2005 മുതൽ കേരളത്തിലടക്കം നടന്ന ലോട്ടറി ടിക്കറ്റ് വിതരണത്തിലൂടെ 4,500 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു

കഴിഞ്ഞ സാമ്പത്തിക വർഷം തെരഞ്ഞെടുപ്പ് ഫണ്ടായി കോർപറേറ്റ് കമ്പനികൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സഹായത്തിന്റെ കണക്കുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റ് വഴിയുള്ള ഫണ്ടിന്റെ 85 ശതമാനവും എത്തിയത് ബിജെപി അക്കൗണ്ടിലേക്കാണ്. എന്നാല്‍, ഞെട്ടിപ്പിക്കുന്ന ഒരു വിവരവും തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടിലുണ്ട്. ആകെ തെരഞ്ഞെടുപ്പ് ഫണ്ടിന്‍റെ പകുതിയോളവും നല്‍കിയത് വിവാദ ലോട്ടറി രാജാവും നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതിയുമായ സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവര്‌റ് ലിമിറ്റഡാണ്.
തെരഞ്ഞടുപ്പ് ഫണ്ടും ബിജെപിയും
രാജ്യത്തെ ഏറ്റവും വലിയ ഇലക്ടോറൽ ട്രസ്റ്റായ പ്രൂഡന്‍റില്‍നിന്ന് ഈ സാമ്പത്തിക വർഷം വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 245.7 കോടി രൂപയാണ്. ഇതിൽ 209 കോടിയും എത്തിയത് ബിജെപി അക്കൗണ്ടിൽ. കോൺഗ്രസിന് ലഭിച്ചത് വെറും രണ്ടു കോടി രൂപ മാത്രം!
ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസാണ് പ്രൂഡന്റ് ഫണ്ടിലെ ആകെത്തുകയുടെ പകുതിയോളവും നൽകിയത്. 100 കോടി രൂപയായിരുന്നു മാർട്ടിൻരെ കമ്പനിയുടെ വിഹിതം. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപായിരുന്നു ഫ്യൂച്ചർ ഗെയിമിങ് കമ്പനി ഈ തുക നൽകിയതെന്നാണ് റിപ്പോർട്ട്. അമിത്ഷാ അടക്കമുള്ള ദേശീയ നേതാക്കൾ കാടിളക്കി പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ പ്രതീക്ഷയും കണ്ടിരുന്നു. എന്നാൽ, 133 സീറ്റുമായി ഡിഎംകെ അധികാരമേറ്റപ്പോൾ ബിജെപിക്ക് നാലിടത്തു മാത്രമാണ് ജയിക്കാനായത്.
സാന്റിയാഗോ മാർട്ടിനും ഫ്യൂച്ചർ ഗെയിമിങ്ങും തമ്മിലെന്ത്?
ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം കമ്പനി ചെയർമാനാണ് സാന്റിയാഗോ മാർട്ടിൻ. 30 വർഷങ്ങൾക്കു മുൻപ് സാന്റിയാഗോ ആരംഭിച്ച മാർട്ടിൻ ലോട്ടറി ഏജൻസീസ് ലിമിറ്റഡാണ് ഇപ്പോൾ പുതിയ പേരിൽ അറിയപ്പെടുന്നത്. രണ്ട് ബില്യൻ ഡോളറാണ്(ഏകദേശം 15,000 കോടി രൂപ) കമ്പനിയുടെ വിറ്റുവരവെന്ന് വെബ്‍സൈറ്റില്‍ പറയുന്നു.
1991ലാണ് ഫ്യൂച്ചർ ഗെയിമിങ് കമ്പനിക്ക് സാന്‍റിയാഗോ മാര്‍ട്ടിന്‍ തുടക്കം കുറിക്കുന്നത്. കോയമ്പത്തൂരിലെ മേട്ടുപാളയം ആസ്ഥാനമായ കമ്പനിക്ക് നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ലുധിയാന, ഗാങ്‌ടോക്, കൊഹിമ, ഇറ്റാനഗർ എന്നിവിടങ്ങളിലെല്ലാം ഓഫീസുകളുണ്ട്. പുതിയ പേരിൽ ഹോട്ടൽ സർവീസ് എന്നൊക്കെയുണ്ടെങ്കിലും ലോട്ടറി തന്നെയാണ് കമ്പനിയുടെ പ്രധാന ഇടപാടുകള്‍. ഇന്ത്യയിൽ ലോട്ടറിക്ക് അനുമതിയുള്ള സംസ്ഥാനങ്ങളിലെല്ലാം മാർക്കറ്റ് ഭരിക്കുന്നത് ഫ്യൂച്ചർ ഗെയിമിങ് ആണ്. സിക്കിം, ഭൂട്ടാൻ ലോട്ടറികളുടെ മൊത്തക്കച്ചവടക്കാരാണ് ഫ്യൂച്ചര്‍ ഗെയിമിങ്.
എങ്ങനെ ലോട്ടറി രാജാവായി?
ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചുവിറ്റ് ഒരു സാമ്രാജ്യം തന്നെയാണ് സാന്റിയാഗോ മാർട്ടിൻ കെട്ടിപ്പടുത്തത്. മ്യാന്മറിലെ യാംഗോനിൽ വെറുമൊരു സാധാരണ തൊഴിലാളിയായിരുന്ന മാർട്ടിൻ വലിയ സ്വപ്‌നങ്ങളുമായാണ് 1988ൽ നാട്ടിൽ മടങ്ങിയെത്തുന്നത്. ആ വർഷം തന്നെ തമിഴ്‌നാട് കേന്ദ്രമായി പുതിയ 'ഭാഗ്യപരീക്ഷണ'ത്തിന് തുടക്കമിട്ടു; നമ്മുടെ നാട്ടിലൊന്നും അക്കാലത്ത് വേണ്ടത്ര പ്രചാരത്തിലില്ലാതിരുന്ന ലോട്ടറി വ്യവസായം.
ലോട്ടറി സംരംഭം പതുക്കെ അയൽസംസ്ഥാനങ്ങളായ കർണാടകയിലേക്കും കേരളത്തിലേക്കും വ്യാപിപ്പിച്ചു. 2003ൽ തമിഴ്‌നാട് സർക്കാർ ലോട്ടറിക്ക് നിരോധനമേർപ്പെടുത്തിയതോടെ തട്ടകം മാറ്റേണ്ടിവന്നു. അങ്ങനെയാണ് തലവര തന്നെ മാറ്റിയ നീക്കം നടത്തുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ചുവടുമാറ്റി. അവിടെ സ്വന്തം സംരംഭങ്ങളിൽനിന്നു മാറി സർക്കാർ ലോട്ടറികളുടെ നടത്തിപ്പ് തന്നെ കൈയിലാക്കി. പിന്നാലെ, അയൽരാജ്യങ്ങളായ ഭൂട്ടാനിലേക്കും നേപ്പാളിലേക്കും ബിസിനസ് ശൃംഖല വ്യാപിപ്പിച്ചു. രണ്ടിടത്തെയും ഏക ലോട്ടറി വിൽപനക്കാരനായി മാറി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ലോട്ടറി വ്യവസായത്തിന്റെ നിയന്ത്രണം തന്നെ കൈയിലാക്കി. അങ്ങനെ രാജ്യത്തെ എതിരാളികളില്ലാത്ത ലോട്ടറി രാജാവായും മാറി സാന്റിയാഗോ മാർട്ടിൻ. 7,000 കോടി രൂപ വരെ ആസ്തിയുണ്ടായിരുന്ന കമ്പനിയായിരുന്നു മാർട്ടിൻ ലോട്ടറി ഏജൻസീസ്. ഇതാണ് പിന്നീട് ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ കമ്പനിയായി മാറുന്നത്. ചെന്നൈ കേന്ദ്രമായുള്ള സംഗീത സാറ്റലൈറ്റ് ടെലിവിഷൻ ചാനലായ സതേൺ സ്‌പൈസ് മ്യൂസിക്(എസ്എസ് മ്യൂസിക്) എന്നൊരു സംരംഭവും സാന്റിയാഗോ മാർട്ടിനുണ്ട്.
വിവാദനായകനാകുന്നത്
ലോട്ടറി വ്യവസായത്തിന് തുടക്കമിട്ട് പത്തുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുംവരെ സാന്റിയാഗോ മാർട്ടിന് തിരിഞ്ഞുനോക്കേണ്ടിവന്നിരുന്നില്ല. വച്ചടിവച്ചടി കയറ്റമായിരുന്നു ചെന്നിടത്തെല്ലാം. തൊട്ടതെല്ലാം പച്ചപിടിച്ചു. എന്നാൽ, വലിയ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുംമേൽ കെട്ടിയുണ്ടാക്കിയ സാമ്രാജ്യം മാത്രമായിരുന്നു അതെന്നു വെളിപ്പെടുന്നത് പിന്നീടായിരുന്നു.
2007ലാണ് മാർട്ടിന്റെ ലോട്ടറി കച്ചവടം ആദ്യമായി സംശയത്തിന്റെ നിഴലിലാകുന്നത്. പൊലീസുകാരുമായി ചേർന്ന് നടത്തിയ നിയമവിരുദ്ധ ലോട്ടറി റാക്കറ്റിനെക്കുറിച്ചുള്ള ചുരുളുകൾ അഴിഞ്ഞുതുടങ്ങി. ഇതോടെ കർണാടക പൊലീസിനു പിറകെ കേരളത്തിലും മാർട്ടിന്റെ ലോട്ടറി കച്ചവടത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. തട്ടിപ്പുകളുടെ പരമ്പരയാണ് പിന്നാലെ ഓരോന്നായി പുറത്തെത്തിയത്.
2011ൽ സിക്കിം സർക്കാരിനെ കബളിപ്പിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതികൾക്കു പിറകെ സിബിഐ 30 കേസുകളാണ് മാർട്ടിനെതിരെ രജിസ്റ്റർ ചെയ്തത്. സിക്കിം സർക്കാരിനെ മറയാക്കി 4,500 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സിബിഐയുടെ കുറ്റപത്രത്തൽ പറയുന്നു. സിക്കിം സർക്കാരിന്റെ പേരിൽ 2005 മുതൽ കേരളത്തിലടക്കം നടന്ന ലോട്ടറി ടിക്കറ്റ് വിതരണത്തിലൂടെയായിരുന്നു ഈ കോടികളുടെ തട്ടിപ്പ്.
സിബിഐ റിപ്പോർട്ട് കേരളത്തിലും വൻകോളിളക്കം സൃഷ്ടിച്ചു. അങ്ങനെ അന്നത്തെ യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് സിക്കിം ലോട്ടറിയുടെ ഓൺലൈൻ വിൽപന നിരോധിച്ചു. രണ്ടുവർഷത്തേക്കായിരുന്നു വിലക്ക്. സിബിഐയുടെ കൂടുതൽ അന്വേഷണത്തിൽ ലോട്ടറിക്കച്ചവടത്തിന്റെ മറവിൽ നടന്ന കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തെത്തി. രാഷ്ട്രീയക്കാരും വ്യവസായികളുമടക്കം നിരവധി പേരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള മറയായി മാർട്ടിന്റെ ലോട്ടറി വിൽപന. കേസിൽ മാർട്ടിൻ ഇപ്പോൾ ജാമ്യത്തിലാണുള്ളത്.
സിക്കിം ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാർട്ടിന്റെ 700 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മാത്രമുള്ള 61 ഫ്‌ളാറ്റുകളും 88 ഭൂസ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
ബിജെപിയിലെ പിടിപാട്; 'ദേശാഭിമാനി'ക്ക് നൽകിയ രണ്ടുകോടി
തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിൽ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് നൽകിയ 100 കോടി കണ്ട് അത്ഭുതപ്പെടാനൊന്നുമില്ല. ബിജെപി മുതൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി വരെ നീളുന്നതാണ് മാർട്ടിന്റെ പിടിപാടും സൗഹൃദവലയങ്ങളും. കോൺഗ്രസ്, ഡിഎംകെ നേതാക്കളും മാർട്ടിന്റെ അവിശുദ്ധ കൂട്ടുകെട്ടിലുണ്ട്. ഉന്നതങ്ങളിലുള്ള ഈ പിടിപാടും സ്വാധീനവും കൊണ്ടുതന്നെയാണ് കോടികളുടെ തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടും ഇപ്പോഴും സർവതന്ത്രസ്വതന്ത്രനായി വിലസാൻ മാർട്ടിനാകുന്നത്.
ദുബൈയിൽ കോടികളുടെ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന മാർട്ടിന്റെ മകൻ ചാൾസ് ജോസ് മാർട്ടിന് 2015ലാണ് ബിജെപിയിൽ അംഗത്വമെടുക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റു കഴിഞ്ഞ് അധികം കഴിഞ്ഞിരുന്നില്ല ഈ സമയത്തെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ എതിർപ്പുകൾ അവഗണിച്ചുകൊണ്ടായിരുന്നു മുതിർന്ന നേതാവ് രാം മാധവിൻരെ നിർദേശപ്രകാരം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുനിന്നു തന്നെ ചാൾസിന് അംഗത്വം ലഭിക്കുന്നത്.
കേരളത്തില്‍ വിഎസ് അച്യുതാനന്ദന്‍ സർക്കാരിന്‍റെ കാലത്താണ് സിപിഎമ്മിനെ വെട്ടിലാക്കിയ ബോണ്ട് വിവാദം നടക്കുന്നത്. ദേശാഭിമാനി പത്രത്തിന് മാർട്ടിനിൽനിന്ന് രണ്ടുകോടിയുടെ ബോണ്ട് വാങ്ങിയതാണ് രാഷ്ട്രീയകേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചത്. എണ്ണമറ്റ ലോട്ടറി, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായിരിക്കെയായിരുന്നു ഇത്. ഈ സമയത്ത് സംസ്ഥാനത്ത് സിക്കിം, ഭൂട്ടാൻ ലോട്ടറികളുടെ മൊത്തവിൽപനക്കാരനുമായിരുന്നു മാർട്ടിൻ. പാർട്ടിക്കും സർക്കാരിനും ഏറെ ക്ഷീണമുണ്ടാക്കി ബോണ്ട് വിവാദം. ഒടുവിൽ കിട്ടിയ രണ്ടുകോടിയും തിരിച്ചുനൽകിയാണ് വിവാദത്തിൽനിന്ന് സിപിഎം തടിയൂരിയത്.
കോൺഗ്രസിന്റെ തമിഴ്‌നാട് ഘടകം എതിരായിരുന്നെങ്കിലും ദേശീയതലത്തിൽ മാർട്ടിനുമായി അടുത്ത ബന്ധമുള്ള നിരവധി നേതാക്കളുണ്ട്. സുപ്രീംകോടതിയിൽ മാർട്ടിനുവേണ്ടി കേസ് വാദിക്കാനെത്തിയത് മുതിർന്ന കോൺഗ്രസ് നേതാവും പ്രഗത്ഭ അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയായിരുന്നു.
ഒരു പൊതുപരിപാടിയിൽ എം കരുണാനിധിയുമായി നടന്ന 'ഏറ്റുമുട്ടലാ'ണ് ഡിഎംകെയുമായുള്ള ബന്ധം തകർക്കുന്നതും തമിഴ്‌നാടിലെ ബിസിനസ് സാമ്രാജ്യത്തിന്റെ അടിവേരിളക്കുന്നതും. സർക്കാർ പദ്ധതികളുടെ കരാറുകൾ ഒപ്പിച്ചുതരാമെന്നു പറഞ്ഞ് പല ഡിഎംകെ നേതാക്കളും കോടികൾ വാങ്ങിയത് ചോദ്യംചെയ്യാനെത്തിയതായിരുന്നു സംഭവം. കോടികൾ നൽകി കാലങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതികരണവും കാണാതിരുന്നതാണ് മാർട്ടിനെ ചൊടിപ്പിച്ചത്. ഇതോടെ പൊതുപരിപാടിയിൽ സ്റ്റേജിലേക്ക് കയറിവന്നായിരുന്നു 'വാഗ്ദത്ത'പദ്ധതികളെക്കുറിച്ച് മാർട്ടിൻ കരുണാനിധിയെ ചോദ്യംചെയ്തത്.
ഇതോടെ ഡിഎംകെക്ക് അനഭിമതനായെന്നു മാത്രമല്ല മാർട്ടിനെതിരെ നിരന്തര വേട്ടയും തുടങ്ങി തമിഴ്‌നാട് ഭരണകൂടം. മാർട്ടിന് ജയിലിൽ പോകേണ്ടിയും വന്നു. തുടർന്ന് കോടികൾ വാരിയെറിഞ്ഞാണ് കരുണാനിധിയുമായുള്ള പ്രശ്‌നങ്ങൾ ഒരു വിധത്തിലെങ്കിലും തീർപ്പാക്കുന്നത്. കരുണാനിധിയുടെ 75-ാമത്തെ തിരക്കഥയിൽ പിറന്ന 'ഇളൈഞ്ജന്‍' സാന്റിയാഗോ നിർമിക്കുന്നതെല്ലാം ഇതിന്റെ തുടർച്ചയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Adjust Story Font
16

