Quantcast

ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വേഷമിട്ട് 'ഡിജിറ്റൽ അറസ്റ്റ്': വിരമിച്ച ഉദ്യോഗസ്ഥക്ക് നഷ്ടമായത് മൂന്നു കോടിയിലേറെ

ഇവരുടെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 6 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാർ പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    29 Dec 2025 5:07 PM IST

ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വേഷമിട്ട് ഡിജിറ്റൽ അറസ്റ്റ്: വിരമിച്ച ഉദ്യോഗസ്ഥക്ക് നഷ്ടമായത് മൂന്നു കോടിയിലേറെ
X

മുബൈ: ഡിജിറ്റൽ അറസ്റ്റിൽ മുബൈയിൽ താമസിക്കുന്ന 68 വയസുകാരിക്ക് നഷ്ടമായത് മൂന്നു കോടിയിലേറെ രൂപ. ജസ്റ്റിസ് ചന്ദ്രചൂഢ്, സിബിഐ ഉദ്യോഗസ്ഥർ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ വിരമിച്ച ഉദ്യോഗസ്ഥയെ സമീപിച്ചത്. മാസങ്ങൾ നീണ്ട തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. തട്ടിപ്പിന് ഇരയായി എന്ന് അറിഞ്ഞതിന് പിന്നാലെ ഇവർ സൈബർ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

അന്ധേരി വെസ്റ്റിൽ കഴിഞ്ഞ 26 വർഷമായി താമസിക്കുന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. സംഭവങ്ങളുടെ തുടക്കം ഓഗസ്റ്റ് മാസത്തിലാണ്. പൊലീസ് ആണെന്ന് അവകാശപ്പെട്ട് ഒരാൾ ഇവരെ വിളിച്ചു. പിന്നാലെ വിവിധ മൊബൈൽ നമ്പറുകളിൽ നിന്നായി ഇവർക്ക് കോളുകൾ വന്നു തുടങ്ങി. വാട്‌സ് ആപ്പ് വിഡിയോ കോൾ വഴിയാണ് തട്ടിപ്പുകാർ ഇവരെ ബന്ധപ്പെട്ടിരുന്നത്. ഇവരുടെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 6 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാർ പറഞ്ഞത്. എന്നാൽ, തനിക്ക് ഈ ബാങ്കിൽ അക്കൗണ്ടില്ലെന്ന് തട്ടിപ്പുകാരോട് പറഞ്ഞതിന് പിന്നാലെ സിബിഐ ലോഗോ പതിപ്പിച്ച കുറച്ച് രേഖകളും ചിത്രങ്ങളും ഇവർക്ക് അയച്ചു കൊടുത്തു. കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കേസ് കോടതിയുടെ പരിഗണനയിലാണ്, 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും തട്ടിപ്പുകാർ പറഞ്ഞു. പിന്നാലെ തട്ടിപ്പുകാർ ഇവരെ വിഡിയോ കോളിൽ വിളിച്ചു. വിഡിയോ കോളിന്റെ മറുവശത്ത് ഉള്ള ആൾ ജസ്റ്റിസ് ചന്ദ്രചൂഢ് എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. അവസാനം ജാമ്യം തള്ളിയതായി ഇവരോട് പറയുകയായിരുന്നു. പണത്തിന്റെ നിയമപരമായ ഉറവിടം തെളിയിക്കാനായി കൈവശമുള്ള പണമെല്ലാം തങ്ങൾ പറയുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ തട്ടിപ്പുകാർ പറഞ്ഞു. പൊലീസ് നടപടിയെ ഭയന്ന സ്ത്രീ, മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ പിൻവലിച്ച് പണം നിക്ഷേപിക്കുകയായിരുന്നു. വിവിധ അക്കൗണ്ടുകളിലേക്ക് 3.71 കോടി രൂപയാണ് ഇവർ കൈമാറിയത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. പിന്നാലെ, ഇവർ പൊലീസിന് പരാതി നൽകുകയായിരുന്നു.

TAGS :

Next Story