Quantcast

ഹിന്ദിവിരുദ്ധ പ്രതിജ്ഞക്കിടെ വനിതാ പ്രവര്‍ത്തകയുടെ സ്വര്‍ണ വളയൂരാൻ ശ്രമിക്കുന്ന ഡിഎംകെ പ്രവര്‍ത്തകൻ; വീഡിയോ പുറത്തുവിട്ട് അണ്ണാമലൈ, വിമര്‍ശനം

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 March 2025 10:46 AM IST

ഹിന്ദിവിരുദ്ധ പ്രതിജ്ഞക്കിടെ വനിതാ പ്രവര്‍ത്തകയുടെ സ്വര്‍ണ വളയൂരാൻ ശ്രമിക്കുന്ന ഡിഎംകെ പ്രവര്‍ത്തകൻ; വീഡിയോ പുറത്തുവിട്ട് അണ്ണാമലൈ, വിമര്‍ശനം
X

ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പടര്‍ന്നുകൊണ്ടിരിക്കെ ഡിഎംകെയെ നാണംകെടുത്തി ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നതിനിടെ തൊട്ടടുത്ത് നിൽക്കുന്ന സ്ത്രീയുടെ സ്വര്‍ണ വളയൂരാൻ ശ്രമിക്കുന്ന ഡിഎംകെ പ്രവര്‍ത്തകന്‍റെ വീഡിയോയാണ് ചര്‍ച്ചയായത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

“കുനൂർ മുനിസിപ്പൽ കൗൺസിൽ വാർഡ് 25ലെ ഡിഎംകെ കൗൺസിലറായ സക്കീർ ഹുസൈനാണ് ഹിന്ദി വിരുദ്ധതയുടെ മറവിൽ വളകൾ മോഷ്ടിക്കുന്നത്. കള്ളനെയും ഡിഎംകെയെയും ഒരിക്കലും വേര്‍തിരിച്ച് കാണാനാവില്ല'' അണ്ണാമലൈ എക്സില്‍ കുറിച്ചു. 30 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ സക്കീര്‍ കൈ നീട്ടി പ്രതിജ്ഞ ചെയ്യുന്ന സ്ത്രീയുടെ സ്വര്‍ണ വളയൂരാൻ ശ്രമിക്കുന്നത് കാണാം. ചെറിയൊരു ചിരിയോടെയാണ് ഇയാള്‍ അത് ചെയ്യുന്നത്. അപ്പോള്‍ ഇരുവരുടെയും മധ്യേ നിൽക്കുന്ന മറ്റൊരു സ്ത്രീ സക്കീര്‍ ഹുസൈന്‍റെ കൈ തട്ടിമാറ്റുന്നതും കാണാം. എന്നാൽ തുടര്‍ന്നും ഇയാൾ വളയൂരാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ചൊവ്വാഴ്ച പങ്കിട്ട പോസ്റ്റ് 1.34 ലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

ദ്രാവിഡ പ്രസ്ഥാനം ഹിന്ദു സാംസ്കാരികവും മതപരവുമായ ഘടകങ്ങൾ പൂർണമായും ദ്രാവിഡമായി മോഷ്ടിച്ചു എന്ന് ഒരു ഉപയോക്താവ് കുറിച്ചു. “ദ്രാവിഡർ കള്ളന്മാരാണ്. ഹിന്ദു ക്ഷേത്രങ്ങൾ, സംഗീതം, നൃത്തം, സാഹിത്യം എന്നിവ ദ്രാവിഡ കലകളായി മാറി. തിരുവള്ളുവര്‍ മോഷ്ടിക്കപ്പെട്ടു,” അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റൊരാൾ ഡിഎംകെയെ ശക്തമായി വിമർശിക്കുകയും മറ്റുള്ളവരെക്കാൾ അഴിമതിക്കാരാണെന്നും ആരോപിച്ചു.

അതേസമയം ബി.ജെ.പി ഒഴികെയുള്ള തമിഴ്‌നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ്. പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ നടന്‍ വിജയ് കൂടി ഹിന്ദി വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. 2020 ലെ ദേശീയ പാഠ്യ ക്രമം അഥവാ എന്‍ഇപി നടപ്പാക്കിയില്ലെങ്കില്‍ തമിഴ്‌നാടിന് സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രഫണ്ട് ലഭിക്കുകയില്ല എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ പ്രഖ്യാപനത്തോടെയാണ് ഹിന്ദി-തമിഴ് പോരിന് മൂര്‍ച്ച കൂടിയത്. എന്‍ഇപി ഒക്കെ നടപ്പിലാക്കാം, പക്ഷേ ത്രിഭാഷ രീതി വേണ്ട ദ്വിഭാഷ തന്നെ മതി എന്നതായിരുന്നു തമിഴ്‌നാടിന്‍റെ നിലപാട്.

TAGS :

Next Story