Quantcast

അതിദാരുണം; വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു

വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്.

MediaOne Logo

Web Desk

  • Published:

    14 May 2024 12:04 PM GMT

Dog Mauls 5-Month-Old Baby To Death In Telangana Home
X

ഹൈദരാബാദ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്.

ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ മാതാപിതാക്കൾ കണ്ടത് നായയുടെ കടിയേറ്റ് ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ പിതാവായ ദത്തു വളർത്തു നായയെ കൊന്നു.

കഴിഞ്ഞ മാസം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 14ന് ഹൈദരാബാദിൽ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെയാണ് തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്.

ഏപ്രിൽ 13നായിരുന്നു മറ്റൊരു സംഭവം. ഉത്തർപ്രദേശിലെ ഡിയോറിയയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. 2022 മുതൽ 2023 വരെ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ 26.5 ശതമാനം വർധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ മാസം ആദ്യം, ചെന്നൈയിലെ ഒരു പാർക്കിൽ രണ്ട് റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ‌ ഉടമകൾക്കെതിരെ അശ്രദ്ധയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ പൊതു പാർക്കുകളിൽ നായ്ക്കളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കി. പിറ്റ്‌ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ്‌സ് എന്നിവയുൾപ്പെടെ 23 ഇനം നായ്ക്കളുടെ വിൽപ്പനയും പ്രജനനവും നിരോധിക്കാൻ മാർച്ചിൽ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇനങ്ങളെ വളർത്തുന്നവർ അണുവിമുക്തമാക്കണമെന്നും നിർദേശത്തിൽ പറഞ്ഞിരുന്നു.

TAGS :

Next Story