Quantcast

'നായകളെ കൊല്ലാൻ അനുവദിക്കണം'; അനുമതി തേടി തദ്ദേശ സ്ഥാപനങ്ങൾ സുപ്രിം കോടതിയിൽ

കേരളത്തിൽ തെരുവ് നായകൾ ഉൾപ്പടെയുള്ള മൃഗങ്ങൾക്ക് എതിരെ വ്യാപകമായി അതിക്രമം നടക്കുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-09-26 14:38:25.0

Published:

26 Sep 2022 2:36 PM GMT

നായകളെ കൊല്ലാൻ അനുവദിക്കണം; അനുമതി തേടി തദ്ദേശ സ്ഥാപനങ്ങൾ സുപ്രിം കോടതിയിൽ
X

ന്യൂഡൽഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി തദ്ദേശ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനുമാണ് ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയത്. നിലവിൽ തെരുവ് നായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി സുപ്രിം കോടതി പരിഗണിച്ചെകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വി.കെ ബിജുവാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്.

കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി പി.പി.ദിവ്യയും കോഴിക്കോട് ജില്ലാ കോർപറേഷന് വേണ്ടി സെക്രട്ടറി ബിനി കെ.യുമാണ് സുപ്രീംകോടതിയിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തത്. 1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുൻസിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകൾ, പന്നികൾ എന്നിവയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിരുന്നു. എന്നാൽ 2001-ലെ എബിസി ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു.

ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പരിധിയിലും കോഴിക്കോട് കോർപറേഷൻ പരിധിയിലും നടന്ന തെരുവ് നായ ആക്രമണങ്ങളുടെ കണക്കുകളും അപേക്ഷയോടൊപ്പം ചേർത്തിട്ടുണ്ട്. അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി.രാമൻ എന്നിവരാണ് രണ്ട് അപേക്ഷകളും ഫയൽ ചെയ്തത്.

ഇതിനിടയിൽ കേരളത്തിൽ തെരുവ് നായകൾ ഉൾപ്പടെയുള്ള മൃഗങ്ങൾക്ക് എതിരെ വ്യാപകമായി അതിക്രമം നടക്കുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. ആവശ്യം നാളെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കേരളത്തിലെ തെരുവ് നായകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്. സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ് ഹർജികൾ കോടതി പരിഗണിക്കുന്നത്

TAGS :

Next Story