Quantcast

'എന്നെ ഉപദേശിക്കേണ്ട, കോൺഗ്രസിന്റെ ത്രിവർണ പതാക പുതച്ചായിരിക്കും അന്ത്യയാത്ര': ബിജെപിക്ക് ഷെൽജയുടെ മറുപടി

എനിക്ക് ഉപദേശം നൽകുന്നത് ബിജെപി നേതാക്കൾ അവസാനിപ്പിക്കണമെന്നും ഷെൽജ

MediaOne Logo

Web Desk

  • Updated:

    2024-09-23 14:35:11.0

Published:

23 Sept 2024 8:00 PM IST

hariyana politics
X

ന്യൂഡൽഹി: ബിജെപിയിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കുമാരി ഷെൽജ. ഹരിയാന നിയമസഭയിലേക്കുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കുമാരി ഷെൽജ കോൺഗ്രസ് നേതൃത്വവുമായി അത്ര രസത്തിലല്ല. ഈ വിടവ് മനസ്സിലാക്കിയാണ് മുൻ ഹരിയാന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ, ഷെൽജയെ ബിജെപിയിലേക്ക് ക്ഷണിച്ചത്.

എനിക്ക് ഉപദേശം നൽകുന്നത് ബിജെപി നേതാക്കൾ അവസാനിപ്പിക്കണമെന്നും ഷെൽജ വ്യക്തമാക്കി. 'എന്റെ സിരകളിലോടുന്നത് കോൺഗ്രസ് രക്തമാണ്. കോൺഗ്രസിന്റെ ത്രിവർണ പതാക പുതച്ചാണ് എന്റെ അച്ഛനെ യാത്രയാക്കിയത്, ഞാനും അങ്ങനെതന്നെയാകും മടങ്ങുക'- ആജ് തക്ക് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഷെൽജ വ്യക്തമാക്കി.

ഷെൽജയെ കോൺഗ്രസിലേക്ക് ക്ഷണിച്ച മനോഹർ ലാൽ ഖട്ടാർ, അവഗണനയാണെങ്കില്‍ ആത്മാഭിമാനമുള്ള ആരും അവിടെ നിൽക്കില്ലെന്നും അടുത്തത് എന്തെന്ന് നോക്കുമെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവനക്ക് കൂടിയായിരുന്നു ഷെൽജയുടെ മറുപടി. ഖട്ടാറിന്റെ പ്രസ്താവനക്ക് കോൺഗ്രസ് തന്നെ മറുപടി കൊടുത്തിരുന്നു. കുമാരി ഷെൽജ, പാർട്ടിയുടെ വിശ്വസ്ത പ്രവർത്തകയാണെന്നും ബിജെപി സ്വന്തം കാര്യം നോക്കിയാൽ മതിയെന്നുമായിരുന്നു കോൺഗ്രസിന്റെ മറുപടി.

ഹരിയാന നിയമസഭാ തെരഞ്ഞടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഷെൽജ അസ്വസ്ഥയാകുന്നത്. സ്ഥാനാർഥി പട്ടിക പുറത്തുവിട്ട സെപ്തംബർ പതിനൊന്ന് വരെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു ഷെൽജ. എന്നാൽ തന്റെ അടുപ്പക്കാര്‍ക്ക് ടിക്കറ്റ് നിഷേധിച്ചെന്ന് വ്യക്തമായതോടെ പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഷെൽജക്ക് ആഹ്രമുണ്ടായിരുന്നുവെങ്കിലും സിറ്റിങ് എംപിമാർ ആരും മത്സരിക്കേണ്ടന്ന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലും കാണാതായതോടെ ഷെൽജ പാർട്ടിയുമായി അകന്നുവെന്ന അഭ്യൂഹം ശക്തമായി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു അത്.

അതേസമയം, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാലത് പാര്‍ട്ടിയുടെ ആഭ്യന്തര ചര്‍ച്ചകളുടെ ഭാഗം മാത്രമാണെന്നും ഷെൽജ വ്യക്തമാക്കി. 'പരസ്യമായി പറയാന്‍ കഴിയാത്ത പല ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടക്കും. പാര്‍ട്ടി വളര്‍ന്നുകൊണ്ടിരിക്കുകയാണ്, അത്തരം കാര്യങ്ങള്‍ ആഭ്യന്തര ചര്‍ച്ചകളുടെ ഭാഗമാണ്'- ഷെൽജ പറഞ്ഞു. തൻ്റെ പോരാട്ടം വ്യക്തിപരമായ നേട്ടത്തിനല്ലെന്നും ഭാവിയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നു അവര്‍ വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രിയും പ്രമുഖ ജാട്ട് മുഖവുമായ ഭൂപീന്ദർ സിങ് ഹൂഡയുടെ അടുപ്പക്കാരാണ് ടിക്കറ്റ് ലഭിച്ചവരിലേറെയും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളാണ് ഷെല്‍ജയും ഭൂപീന്ദര്‍ സിങ് ഹൂഡയും. കോണ്‍ഗ്രസിന്റെ പ്രമുഖ ദലിത് മുഖം കൂടിയാണ് ഷെല്‍ജ. ജൂലൈയില്‍ ഇരുവരും വ്യത്യസത പദയാത്രകള്‍ സംഘടിപ്പിച്ചപ്പോള്‍ തന്നെ വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തുമെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ തന്നെ തുടരും എന്ന് ഷെല്‍ജ വ്യക്തമാക്കിയതോടെ തത്കാലം കോണ്‍ഗ്രസിന് ആശ്വാസമായിട്ടുണ്ട്.

TAGS :

Next Story