Quantcast

300 കോടിയുടെ മയക്കുമരുന്ന് വിതരണ റാക്കറ്റിന്‍റെ സൂത്രധാരന്‍; കോടികളുമായി കടന്നുകളഞ്ഞ ദമ്പതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

ലഹരിമരുന്ന് വില്‍പനയിലൂടെ സമ്പാദിച്ച 170 കോടിയിലധികം രൂപയുമായി ആശിഷ് മേത്തയും ശിവാനിയും ഒളിച്ചോടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-21 05:28:24.0

Published:

21 Jun 2023 4:07 AM GMT

Mumbai couple
X

ആശിഷ് മേത്ത/ശിവാനി

മുംബൈ: 300 കോടി രൂപയുടെ മയക്കുമരുന്ന് വിതരണ റാക്കറ്റിന്‍റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന മുംബൈ ദമ്പതികള്‍ക്കായി മധ്യപ്രദേശ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചു. ഫിന്‍ഫ്ലുവന്‍സറായ ആശിഷ് കുമാര്‍ മേത്തയും ഭാര്യ ശിവാനി മേത്തയുമാണ് മുംബൈയിലെയും മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഖിനായാദാനിലെയും പൊലീസ് റഡാറില്‍ നിന്നും അപ്രത്യക്ഷരായത്. ദമ്പതികളെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം ലഹരിമരുന്ന് വില്‍പനയിലൂടെ സമ്പാദിച്ച 170 കോടിയിലധികം രൂപയുമായി ഇരുവരും ഒളിച്ചോടുകയായിരുന്നു.

മുംബൈയിലെ ഗോരേഗാവ് പരിസരത്തുള്ള ഒരു ആഡംബര ഫ്ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ഫ്ലാറ്റ് പൂട്ടിയിട്ട നിലയിലാണ്. 17 ലക്ഷം രൂപ വിലമതിക്കുന്ന മെഫിഡ്രോണുമായി മയക്കുമരുന്ന് വിൽപ്പനക്കാരനെന്ന് സംശയിക്കുന്ന 39 കാരനായ നിസാർ സുബൈർ ഖാൻ (39) എന്നയാളെ മീരാ റോഡിൽ (താനെ)നിന്നും രണ്ടാഴ്ച മുമ്പ് പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ചോദ്യം ചെയ്യലിൽ ഇയാൾ ദമ്പതികളുടെ പേര് പറയുകയായിരുന്നു. മയക്കുമരുന്ന് കടത്ത്, പോൺസി സ്കീമുകൾ, ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട അഴിമതികൾ എന്നിവ ഉൾപ്പെടുന്ന നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അവർ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.ആശിഷിന്‍റെയും ശിവാനിയുടെയും കൊറിയര്‍ മാത്രമാണ് താനെന്നും സുബൈര്‍ പറഞ്ഞു. ദമ്പതികൾ തനിക്ക് പാക്കറ്റ് കൈമാറിയപ്പോൾ അതിനുള്ളിൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗോരേഗാവ് ഈസ്റ്റിലെ ഒബ്‌റോയ് എസ്‌ക്വയറിലെ വസതിയിലേക്ക് പാഴ്‌സലുകൾ ശേഖരിക്കാൻ ദമ്പതികൾ തന്നെ വിളിച്ചിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു. ഓരോ ഇടപാടിനും സുബൈറിന് പുതിയ മൊബൈൽ ഫോണും ഒരു പുതിയ സിം കാർഡും പാർസൽ ഡെലിവറി ചെയ്യാനുള്ള വിലാസവും നൽകുമായിരുന്നു. വിലാസത്തിൽ പാർസൽ എത്തിച്ച ശേഷം ഫോണും സിമ്മും ഉപേക്ഷിക്കും.

തന്‍റെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയ മയക്കുമരുന്ന് പാക്കറ്റ് ജൂൺ 6 ന് ആശിഷ് തന്നെ അവരുടെ വസതിയിലേക്ക് വിളിച്ച് നൽകിയെന്നും അത് മധ്യപ്രദേശിലെ ചന്ദേരി ടൗണിലെ വിലാസത്തിൽ എത്തിക്കാനാണെന്നും സുബൈർ ഖാൻ വ്യക്തമാക്കിയിരുന്നു. സുബൈറിന്‍റെ മൊഴിക്ക് പിന്നാലെ രണ്ട് തവണയാണ് ദമ്പതികളെ പിടികൂടാന്‍ മധ്യപ്രദേശ് പൊലീസ് സംഘം മുംബൈയിലെത്തിയത്.ജൂൺ 13ന് ചോദ്യം ചെയ്യലിനായി എംപി പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമന്‍സ് അയച്ചെങ്കിലും ദമ്പതികള്‍ ഹാജരായില്ല. തുടര്‍ന്ന് മുംബൈ പൊലീസ് കമ്മിഷണര്‍ അവരെ ബന്ധപ്പെടുകയും അന്വേഷണത്തില്‍ എംപി പൊലീസുമായി സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഇതുവരെയും ആശിഷും ശിവാനിയും സ്റ്റേഷനില്‍ ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ജൂണ്‍ 16ന് മധ്യപ്രദേശ് പൊലീസിന്‍റെ എട്ട് പേരടങ്ങുന്ന സംഘം മുംബൈയിലേക്ക് യാത്ര തിരിച്ചെങ്കിലും അപ്പോഴേക്കും അവര്‍ ഫ്ലാറ്റ് വിട്ട് പോയിരുന്നു. ഇവരുടെ മൊബൈലും സ്വിച്ച് ഓഫാണ്. തങ്ങളെത്തുമെന്ന് ദമ്പതികൾക്ക് അറിയാമായിരുന്നെന്നും അതിനാലാണ് ഇവർ നേരത്തെ ഓടി രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു.സമൻസ് അയച്ചതിന് ശേഷം ദമ്പതികൾ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് 174 കോടി രൂപ കൈമാറി, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് രാജ്യം വിട്ടുവെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. മൊബൈൽ ഫോൺ രേഖകളിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കണ്ടെത്തിയ പോലീസ്, മേത്ത തന്റെ അക്കൗണ്ടിൽ നിന്ന് നിരന്തരം പണം കൈമാറുന്നതായി കണ്ടെത്തി.വ്യാഴാഴ്ച 70 ലക്ഷം രൂപയും വെള്ളിയാഴ്ച 26 ലക്ഷം രൂപയും ഈ അക്കൗണ്ടിൽ നിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. 300 കോടി രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ഇപ്പോഴത് 126 കോടിയായി കുറഞ്ഞു. വിവിധ അക്കൗണ്ടുകളിലേക്ക് 174 കോടി രൂപ മാറ്റിയെന്നാണ് പൊലീസ് നിഗമനം.

TAGS :

Next Story