Quantcast

ഇ.ഡിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആംആദ്മി മന്ത്രി: വ്യാജ മൊഴി നൽകാൻ സാക്ഷിയുടെ ചെവി അടിച്ചുതകർത്തു

​മൊഴി രേഖപ്പെടുത്തിയ വിഡിയോകളിൽ നിന്ന് ശബ്ദം ഇ.ഡി ഡിലീറ്റ് ചെയ്തെന്നും അതിഷി വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2024-02-06 10:50:56.0

Published:

6 Feb 2024 10:49 AM GMT

ED,threatening, AAP,Atishi,Atishi Marlena,Minister of Education of Delhi
X

ന്യൂഡൽഹി: ആം ആദ്മിയുടെ നേതാക്കൾക്കും മന്ത്രിസഭയിലെ ഉന്നതർക്കുമെതിരെ മൊഴി നൽകാൻ ഇ.ഡി സാക്ഷികളെ ക്രൂരമായി മർദ്ദിച്ചുവെന്ന് മന്ത്രി അതിഷി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.സാക്ഷികളിലൊരാളെ ക്രൂരമായി മർദ്ദിച്ചു.മർദ്ദനത്തിൽ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു സാക്ഷിയുടെ മകളെ ഭീഷണി​പ്പെടുത്തിയെന്നും അവർ പറഞ്ഞു.

ഇന്ന് രാവിലെ പത്തിന് ഇ.ഡിയുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അതിഷി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ അതിനെ തടയിടാനെ​ന്നവെണ്ണം രാവിലെ ഏഴിന് തന്നെ ആപ്പിലെ ഉന്നതരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡുമായി ഇ.ഡി രംഗത്തെത്തിയിരുന്നു.

ചോദ്യം ചെയ്യലിൽ സാക്ഷികൾ നൽകിയ മൊഴിയല്ല ഇ.ഡി കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലുകളുടെ സിസിടിവി റെക്കോർഡിംഗുകളിൽ നിന്ന് ശബ്ദം ഡിലീറ്റ് ചെയ്തു. തെളിവുകളിൽ ഇ.ഡി വ്യാപക കൃത്രിമം കാണിച്ചു. എക്സൈസ് കേസിന്റെ പശ്ചാത്തലത്തിൽ ഒന്നരവർഷത്തെ ചോദ്യം ചെയ്യലുകളുടെ വിഡിയോകളിൽ നിന്നും ഓഡിയോ ഫൂട്ടേജുകൾ ഇ.ഡി നശിപ്പിച്ചു.

ഇ.ഡി ഉൾപ്പടെയുള്ള എല്ലാ അന്വേഷണ ഏജൻസികളും സിസിടിവി ക്യാമറയ്ക്ക് മുന്നിലാണ് ചോദ്യം ചെയ്യേണ്ടതെന്ന സുപ്രീം കോടതി ഉത്തരവുണ്ട്. ​റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങളിൽ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ വ്യക്തമായി ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഈ ഉത്തരവുകളെ വെല്ലുവിളിക്കുന്ന നടപടികളാണ് ഇ.ഡിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഇ.ഡി നൽകിയ മൊഴി കോടതിയിൽ ഹാജരാക്കിയ​പ്പോൾ വൈരുദ്ധ്യങ്ങൾ നിറഞ്ഞതും വ്യാജവുമായതിനെതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് വിധേയനായ ഒരാൾ ചോദ്യം ചെയ്യൽ സമയത്തുള്ള വിഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഇ.ഡി നൽകിയ ദൃശ്യങ്ങളിലൊന്നും ശബ്ദമുണ്ടായിരുന്നില്ല. സുതാര്യതയില്ലാത്ത നടപടികളാണ് ഇ.ഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വിഡിയോകളിൽ നിന്ന് ഓഡിയോ ഡിലീറ്റാക്കി ഇ.ഡി ആരെയാണ് മറയ്ക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി നടത്തിയ ചോദ്യം ചെയ്യലിൻ്റെ ശബ്ദമുള്ള വിഡിയോ ഹാജരാക്കാൻ ഇ.ഡിക്ക് കഴിയുമോ എന്നും അവർ ചോദിച്ചു. വീഡിയോ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി, സിബിഐ കോടതികളിൽ അപേക്ഷ നൽകിയതായും അതിഷി അറിയിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി തങ്ങളുടെ പാര്‍ട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാല്‍ അതുകൊണ്ടൊന്നും ആം ആദ്മി ഭയക്കുമെന്ന് കരുതണ്ടെന്നും ദില്ലി മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആപ്പ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നതരുടെ വീടുകളിലും ഓഫീസുകളിലും ഉൾപ്പടെ 12 ഇടങ്ങളിൽ വൻ റെയ്ഡ് നടത്തുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ,രാജ്യസഭ എം.പി എൻ.ഡി ഗുപ്ത, ഡൽഹി ജല ബോർഡ് മെമ്പർ ശലഭ് കുമാർ എന്നിവരടക്കമുള്ള 12 പേരുടെ വീടുകളിലും ഓഫീസുകളു​ം കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.

30 കോടിയോളം രൂപയുടെ പദ്ധതികൾക്ക് ഡൽഹി ജല ബോർഡ് കരാർ നൽകിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നാരോപിച്ചാണ് റെയ്ഡ് നടത്തുന്നതെന്ന് ഇ.ഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്.ഡൽഹി മദ്യനയ കേസിൽ ആവർത്തിച്ചുള്ള സമൻസുകൾക്ക് ഹാജരാകാത്തതിന് കെജ്‌രിവാളിനെതിരെ ഇഡി പരാതി നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ റെയ്ഡ്.

TAGS :

Next Story